പൊൻകുന്നം : തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുവിട്ട് കൂടുമാറ്റവും കൂട്ടത്തിൽനിന്ന് പുറന്തള്ളലും കൂട്ടത്തിലേക്ക് ചേർക്കലും... രാഷ്ട്രീയപാർട്ടികൾ പതിനെട്ടടവും തുടങ്ങി.

വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താനും തങ്ങളുടെ പിന്തുണയേറി എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനും പല പാർട്ടികളിൽനിന്നും ആൾക്കാരെ കണ്ടെത്തി തങ്ങളുടെ ഒപ്പം ചേർക്കാനാണ് എല്ലാ കക്ഷികളുടെയും ശ്രമം.

ചിറക്കടവിൽ മുൻകാല യുവമോർച്ച ഭാരവാഹിയെ സി.പി.എം. സ്വീകരിച്ചു. പക്ഷേ, ഇദ്ദേഹത്തെ തങ്ങൾ പത്തുമാസം മുൻപേ പുറത്താക്കിയതാണെന്ന് ബി.ജെ.പി. ചിറക്കടവിൽ മുസ്‌ലിം ലീഗിൽനിന്ന് രണ്ടുപേരെ പാർട്ടിവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കി. ലീഗിൽനിന്ന് പുറത്തായവർക്ക് സി.പി.ഐ.യാണ് അഭയം നൽകിയത്. മുൻകാല കോൺഗ്രസ് പ്രവർത്തകരിൽ ചിലരെയും ഒപ്പം ചേർത്ത് ശക്തി കാട്ടാനുള്ള ശ്രമത്തിലാണ് സി.പി.ഐ.

കഴിഞ്ഞ തവണ കേരള കോൺഗ്രസ്(എം) ലേബലിൽ പഞ്ചായത്തംഗമായ വനിത, തന്റെ പാർട്ടി ഇടതുമുന്നണിയിലേക്ക് പോയപ്പോൾ ഒപ്പം നിന്നില്ല. ജോസഫ് വിഭാഗത്തിലേക്ക് എത്തുമെന്ന് കരുതി ഇടമൊരുക്കി കാത്തുനിന്നവരെ അമ്പരപ്പിച്ച് ഇവർ കോൺഗ്രസിലേക്ക് ചേക്കേറി. ബാങ്ക് ഭരണസമിതിയംഗം കൂടിയായ ഇവർ പോയപ്പോൾ മറ്റൊരു വനിതാ ഭരണസമിതിയംഗംകൂടി കോൺഗ്രസിലേക്ക് ചെന്നു. ജനപക്ഷം ജില്ലാ പ്രസിഡന്റ്, പിന്നീട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗവുമായിരുന്നയാൾ ഒടുവിലെത്തിയത് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലേക്ക്. തന്റെ വാർഡിൽ ഇടതുമുന്നണി സ്ഥാനാർഥിയാവുകയും ചെയ്തു.