കോട്ടയം: കേരള കോൺഗ്രസിലെ പിളർപ്പും ചേരിമാറ്റവും മാറ്റുരയ്ക്കുന്ന തിരഞ്ഞെടുപ്പാണ് വരുന്നത്. ജില്ലയിലെ രാഷ്ട്രീയസമവാക്യങ്ങൾ മാറിമറിഞ്ഞേക്കാം. നിലവിൽ യു.ഡി.എഫ്. ഭരിക്കുന്ന പല പഞ്ചായത്തുകളും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫും ജോസ് വിഭാഗവും. എന്നാൽ ജോസ് വിഭാഗത്തിനൊപ്പമുള്ള ഐക്യമുന്നണി വോട്ടർമാർ ചേരി മാറിെല്ലന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

ജില്ലാ പഞ്ചായത്തിലും പാലാ, ഏറ്റുമാനൂർ നഗരസഭകളും കൂടാതെ യു.ഡി.എഫ്. ഭരിക്കുന്ന മിക്ക പഞ്ചായത്തുകളിലും രാഷ്ട്രീയമാറ്റം സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ജില്ലാ പഞ്ചായത്തിൽ ജോസ് പക്ഷത്തിന്റെ വരവോടെ എൽ.ഡി.എഫിന് 22 അംഗ സഭയിൽ 11 അംഗങ്ങളുണ്ട്. ഈ മുൻതൂക്കം തുടരാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ അണിനിരത്തി മികച്ച മുന്നേറ്റമുണ്ടാക്കാമെന്നാണ് യു.ഡി.എഫ്. ക്യാമ്പിന്റെ കണക്കുകൂട്ടൽ.

യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയുള്ള പാലാ നഗരസഭയിൽ ജോസ് പക്ഷത്തിന് 10 അംഗങ്ങളും ഇടതുമുന്നണിക്ക് ആറംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പാലാ അക്കൗണ്ടിലെത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. ജോസഫ് വിഭാഗത്തിന് ഇവിടെ ഏഴ് അംഗങ്ങളുണ്ട്.

35 അംഗങ്ങളുള്ള ഏറ്റുമാനൂർ നഗരസഭയിൽ കോൺഗ്രസിന് ഒൻപതും ജോസ് വിഭാഗത്തിന് മൂന്നും അംഗങ്ങളുണ്ട്. എൽ.ഡി.എഫിന് 12-ഉം. രാഷ്ട്രീയമാറ്റമാണ് എൽ.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. ഉണ്ടാവിെല്ലന്ന് കോൺഗ്രസും. പാലാ മണ്ഡലത്തിന് കീഴിൽ വരുന്ന മുത്തോലി, രാമപുരം, ഭരണങ്ങാനം, പഞ്ചായത്തുകളിൽ കേരള കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. കൊഴുവനാലിൽ ഇടതുപിന്തുണയോടെയാണ് കേരള കോൺഗ്രസ് ഭരിക്കുന്നത്. ഇവിടെ പ്രാദേശിക നേതാക്കളെ ഒപ്പം കൂട്ടാൻ ഇരു കേരള കോൺഗ്രസുകളും കഠിനയത്നത്തിലാണ്.

നിലവിൽ യു.ഡി.എഫിനൊപ്പമുള്ള കുറവിലങ്ങാട്, ഉഴവൂർ, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, പഞ്ചായത്തുകളിലും ജോസ് വിഭാഗത്തിന് നിർണായക സ്വാധീനമുണ്ട്. ഉഴവൂരിലും മരങ്ങാട്ടുപിള്ളിയിലും കഴിഞ്ഞ തവണ കോൺഗ്രസും കേരള കോൺഗ്രസും നേർക്കുനേർ മത്സരിച്ചതാണ്. കുറവിലങ്ങാട് പഞ്ചായത്തിലും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലും അഞ്ച് വർഷമായി കേരള കോൺഗ്രസിനാണ് പ്രസിഡന്റ്‌ സ്ഥാനം. മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ പഞ്ചായത്തകളിലും അവർക്ക് സ്വാധീനമുണ്ട്.

കോൺഗ്രസ്-കേരള കോൺഗ്രസ് (ജോസ്) വിഭാഗവുമായി ചേർന്ന് ഭരിക്കുന്ന പാറത്തോട് ഗ്രാമപ്പഞ്ചായത്തിലും എൽ.ഡി.എഫിന് ഭരണമാറ്റ പ്രതീക്ഷയുണ്ട്. കേരള കോൺഗ്രസിന് ആറും കോൺഗ്രസിന്‌ നാലും സീറ്റായിരുന്നു ഉണ്ടായിരുന്നത്. എൽ.ഡി.എഫിന് കഴിഞ്ഞ തവണ എട്ട് സീറ്റും ലഭിച്ചിരുന്നു.

ജോസഫ് വിഭാഗത്തിനൊപ്പം നിന്ന പ്രവർത്തകർ ഏറെയുള്ള പഞ്ചായത്ത് കൂടിയാണ് പാറത്തോട്. അതിരമ്പുഴയാണ് ചേരിമാറ്റം പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു പഞ്ചായത്ത്.

നിലവിൽ എൽ.ഡി.എഫ്. ഭരിക്കുന്ന വെളിയന്നൂർ, തലനാട്, മീനച്ചിൽ, കടുത്തുരുത്തി, എലിക്കുളം, ചിറക്കടവ്, വെള്ളൂർ, വാഴൂർ, കങ്ങഴ, കറുകച്ചാൽ പഞ്ചായത്തുകളിലും കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് സ്വാധീനമുണ്ട്.

Content Highlight;  Kottayam local body Election  2020