കോട്ടയം: തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് എന്ന മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രത്തിന്റെ റോളിലായിരുന്നു കോട്ടയം ജില്ലാ കളക്ടര്‍ അഞ്ജന വ്യാഴാഴ്ച. ഒരു നാട് ലഹളയില്‍ കത്തിയെരിഞ്ഞപ്പോള്‍ ഒറ്റയ്ക്ക് അതൊതുക്കിത്തീര്‍ത്ത അതേ ഗ്ലാമര്‍ റോളില്‍. കോവിഡ് ഭീതിയില്‍ മുങ്ങിയ തിരഞ്ഞെടുപ്പില്‍ ജില്ലയെ മഹാമാരിയുടെ കൈപ്പിടിയില്‍ വിടാതെ സുരക്ഷിതമായി േവാട്ട് ചെയ്യിച്ചതിന് അവര്‍ കാരണമായി പറയുന്നത് 'ഗുഡ് ടീംവര്‍ക്ക്, എല്ലാവരും നന്നായി സഹകരിച്ചു, നന്ദി'.

17 ബൂത്തുകളിലെ വെബ് കാസ്റ്റിങ് വഴി വെളുപ്പിന് ആറു മുതല്‍ നേരിട്ട് കാര്യങ്ങളില്‍ ഇടപെട്ട അഞ്ജന 13 സ്ഥലങ്ങളില്‍ ഫുള്‍ ഡോക്യുമെന്റേഷന്‍ വീഡിയോഗ്രാഫി വഴി നാട്ടുകാര്‍ വോട്ട് ചെയ്യുന്നത് കണ്ടു. പ്രശ്‌നസാധ്യതയുള്ള ബൂത്തുകള്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കൃത്യമായി പരിശോധിക്കുകയും അപ്പപ്പോള്‍ പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കുകയും ചെയ്തു.

'വെളുപ്പിനെ മുതല്‍ ബിഗ് സ്‌ക്രീനില്‍ കാര്യങ്ങള്‍ മോനിട്ടര്‍ ചെയ്തു. എല്ലാം സമാധാനപരമായി നടക്കുന്നുവെന്ന് ഏതാണ്ട് ഉറപ്പുവരുത്തി ഉച്ചയോടെ കുമാരനല്ലൂര്‍, മണര്‍കാട്, കോട്ടയം എസ്.എച്ച്.സ്‌കൂള്‍ തുടങ്ങിയ ഇടങ്ങളില്‍ പോയി. എന്തിന്റെയും തുടക്കത്തിലും അത് അവസാനിക്കുമ്പോഴുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ടാണ് വോട്ടിങ് തുടങ്ങിയ സമയത്തും അത് അവസാനിച്ചപ്പോഴും കൂടുതല്‍ ശ്രദ്ധവെച്ചത്. കോവിഡ് രോഗികളുടെ വോട്ടിങ് കൃത്യമായി നടത്താനും എല്ലാം സമാധാനപരമായി തീര്‍ക്കാനും കഴിഞ്ഞു'- അഞ്ജന പറഞ്ഞു.

Content Highlight: Kottayam collector Anjana  | Local Body Election