വൈക്കം : വേമ്പനാട്ട് കായലിന്റെയും മൂവാറ്റുപുഴയാറിന്റെയും ലാളനയേറ്റ് കിടക്കുന്ന വൈക്കത്തിന്റെ മണ്ണിൽ തിരഞ്ഞെടുപ്പിന്റെ കളം തെളിയുന്നു. മൂന്ന് മുന്നണികളുടെയും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള സീറ്റുചർച്ചകൾ അന്തിമഘട്ടത്തിലാണ്. സീറ്റുകൾ സംബന്ധിച്ച് എല്ലായിടത്തും ഏകദേശ ധാരണയായി.

ജോസ്-സി.പി.എം. തർക്കം ധാരണയിലേക്ക്

ഇടതുപാളയത്തിൽ എത്തിയ കേരള കോൺഗ്രസ് എംജോസ്‌വിഭാഗവും സി.പി.എമ്മുമായി ചില പഞ്ചായത്തിൽ ഉടലെടുത്ത സീറ്റുതർക്കം ധാരണയിലേക്ക്. തലയാഴം, ടി.വി.പുരം, വെച്ചൂർ, തലയോലപ്പറമ്പ് പഞ്ചായത്തുകളിലാണ് സീറ്റുകൾ സംബന്ധിച്ച് തർക്കമുണ്ടായിരുന്നത്.

ഇതിൽ തലയാഴം, ടി.വി.പുരം, വെച്ചൂർ പഞ്ചായത്തുകളിൽ സീറ്റുകൾ സംബന്ധിച്ച് ഏകദേശ ധാരണയായി. ജോസ് വിഭാഗത്തിൽ വേരോട്ടമുള്ള തലയോലപ്പറമ്പിലാണ് തർക്കം തുടരുന്നത്. ഇതിന് പരിഹാരം അടുത്തദിവസമുണ്ടാകുമെന്ന് നേതാക്കൾ പറയുന്നു. വെള്ളൂർ, മുളക്കുളം, കടുത്തുരുത്തി പഞ്ചായത്തുകളിൽ സീറ്റുതർക്കം തുടരുകയാണ്.

മാഞ്ഞൂരിൽ പൂർത്തിയായി. സി.പി.ഐ.യുടെ സ്ഥാനാർഥികളുടെ ഔദ്യോഗിക പട്ടിക അടുത്തദിവസം പ്രസിദ്ധീകരിക്കും. വൈക്കം നഗരസഭയിലെ സ്ഥാനാർഥി നിർണയം പൂർത്തിയായി. പട്ടിക മണ്ഡലം കമ്മിറ്റിക്ക്‌ നൽകി. ഇവിടെ നിന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ജില്ലാ പഞ്ചായത്തിന്റെ തലയാഴം ഡിവിഷനിലേക്ക് ലീലാമ്മ ഉദയകുമാർ, കെ.ആർ.ചിത്രലേഖ, പി.എഫ്. കൃഷ്ണമണി എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്.

അവസാന ലാപ്പിലേക്ക്

യു.ഡി.എഫിന്റെ ചർച്ചകൾ അവസാനലാപ്പിലേക്ക് എത്തുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കല്ലറ, ടി.വി.പുരം, തലയോലപ്പറമ്പ്, വെള്ളൂർ, മറവൻതുരുത്ത് പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും സീറ്റുകൾ ധാരണയായി. ജില്ലാ പഞ്ചായത്തിൽ വെള്ളൂർ ഡിവിഷനും ജോസഫ് വിഭാഗത്തിനായി നീക്കിവെച്ചു.

മുൻവർഷങ്ങളിൽ വിജയിച്ച സീറ്റുകളിലും അണികൾ കൂടുതലുള്ള വാർഡുകളിലും ജോസഫ് വിഭാഗം സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് യു.ഡി.എഫിന്റെ ധാരണ.

കേരള കോൺഗ്രസ് ഒരുമിച്ച് നിന്നപ്പോൾ മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്നായിരുന്നു ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത് നൽകാൻ പറ്റില്ലെന്ന് യു.ഡി.എഫ്. തീരുമാനിച്ചു. നഗരസഭ, വാർഡ് തലത്തിൽ രൂപവത്കരിച്ച ഉപസമിതികളാണ് സ്ഥാനാർഥി നിർണയത്തിൽ മുഖ്യപങ്കുവഹിക്കുന്നത്. ഇവരുടെ തീരുമാനം ബ്ലോക്ക് കമ്മിറ്റികളിലും ഡി.സി.സി.യിലും അറിയിക്കും. ഇതിനനുസരിച്ചാണ് അന്തിമതീരുമാനം. മാഞ്ഞൂരിലും ഞീഴൂരിലും ഇപ്പോഴും തർക്കംതുടരുകയാണ്.

സ്ഥാനാർഥിപട്ടിക ഉടൻ

ഇടത്, വലത് മുന്നണികളേക്കാൾ ഒരുപടി മുന്നിലെത്തി ബി.ജെ.പി.യുടെ സീറ്റ് ചർച്ചകൾ. എല്ലാ പഞ്ചായത്തുകളിലും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ പറയുന്നു. കല്ലറ പഞ്ചായത്തിൽ ബി.ഡി.ജെ.എസുമായുണ്ടായിരുന്ന തർക്കം ജില്ലാ നേതൃത്വം ഇടപെട്ട് പരിഹരിച്ചു. വൈക്കം നഗരസഭയിലെ സ്ഥാനാർഥികളെ അടുത്തദിവസം പ്രഖ്യാപിക്കും. ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ പ്രചാരണത്തിനും എൻ.ഡി.എ. തുടക്കമിട്ടുകഴിഞ്ഞു.

Content Highlight: Kerala local body election 2020 Vaikom