പൊന്‍കുന്നം: ' ഓടിട്ട പഴയ മാളികയുടെ മുകളിലെ ഇടുങ്ങിയ ഒറ്റമുറി. അതായിരുന്നു ചിറക്കടവ് പഞ്ചായത്ത് ഓഫീസ്. ഓഫീസറും രണ്ടുജീവനക്കാരും മാത്രം. പതിനൊന്നംഗങ്ങളും ജീവനക്കാരും എല്ലാം കൂടുന്നത് വാടകക്കെട്ടിടത്തിലെ ഈ ഒറ്റമുറിയില്‍.' ചിറക്കടവിലെ ആദ്യപഞ്ചായത്ത് ഭരണസമിതിയിലെ ജീവിച്ചിരിക്കുന്ന ഏക അംഗവും ഇപ്പോള്‍ 90 വയസ്സുമുള്ള ചിറക്കടവ് വയലുങ്കല്‍ഭാഗം വടക്കേവയലുങ്കല്‍ എം.പി.അയ്യപ്പന്‍ നായരുടെ ഓര്‍മകളിലൂടെ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് ഇദ്ദേഹം.

'തിരുവിതാംകൂറിന്റെ ഭരണത്തിന്‍കീഴിലുള്ള പഞ്ചായത്തായിരുന്നു അത്. 23-ാം വയസ്സില്‍ 1953-ലാണ് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അതിന് മുന്പ് പഞ്ചായത്തിന് പകരം വില്ലേജ് യൂണിയന്‍ എന്ന സംവിധാനമായിരുന്നു. തിരഞ്ഞെടുപ്പില്ല; കരപ്രമാണികളായിരുന്നു അംഗങ്ങള്‍.'
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അരിവാള്‍ നെല്‍ക്കതിര്‍ അടയാളത്തില്‍ മത്സരിച്ച് 150-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

കോണ്‍ഗ്രസിലെ തോണിപ്പാറ കൃഷ്ണന്‍ നായരായിരുന്നു എതിര്‍സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ കെ.ജി.കേശവന്‍ നായര്‍ പ്രസിഡന്റായി. വൈസ് പ്രസിഡന്റ് പി.എന്‍. നാരായണപിള്ളയും. അംഗങ്ങളായി വണ്ടങ്കല്‍ ഭാസ്‌കരക്കുറുപ്പ്, കെ.എം.എബ്രഹാം, എന്‍.നീലകണ്ഠപിള്ള, തകടിയേല്‍ ടി.ആര്‍.സുകുമാരന്‍, കുന്നേല്‍ ശങ്കരന്‍നായര്‍, ചിറ്റാടത്ത് രാഘവന്‍ നായര്‍, താന്നുവേലില്‍ നാരായണപിള്ള, രാഘവന്‍പിള്ള, മംഗലശേരില്‍ മാധവന്‍ പിള്ള, തോമസ് കുന്നുംപുറത്ത്, ടി.ഡി. കുഞ്ഞൂഞ്ഞ്, പുരയന്മാക്കല്‍ കരുണാകരന്‍ നായര്‍ എന്നിവരായിരുന്നു.

ടാര്‍ റോഡുകളില്ല

അംഗങ്ങള്‍ക്ക് ഓണറേറിയമില്ല. പൂര്‍ണസേവനം. വാര്‍ഡിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവര്‍ഷം കിട്ടുന്നത് 25 രൂപ. റോഡുകളുടെ മണ്ണുപണിക്കാണ് ഈ തുക വിനിയോഗിക്കുന്നത്. ടാര്‍ റോഡുകളില്ല. 25 രൂപ കൊണ്ട് 30 ആള്‍ക്കാരുടെ കൂലിക്കുള്ള തുകയേ ആവൂ. അന്ന് ഒരുസെന്റ് ഭൂമിയുടെ വിലയാണിത്.

Content Highlight: kerala local body election 2020 Kottayam