പാലാ : ധാരണകൾ എന്തായാലും അന്തിമ തീരുമാനങ്ങൾ സായാഹ്നങ്ങളുടേതാണ്. ഇരുമുന്നണികളുടെയും ചർച്ചകൾ പ്രധാനമായും നടക്കുന്നത് സായാഹ്നങ്ങളിലാണ്. എന്നാൽ, സായാഹ്ന ചർച്ചകൾ സജീവമാകുമ്പോഴും തീരുമാനങ്ങൾ വൈകുകയാണ്. മൂന്ന്‌ മുന്നണികളിലും ചർച്ചകൾ അവസാനഘട്ടത്തിലാണ്. യു.ഡി.എഫിൽ ഏകദേശ ധാരണകൾ ഉണ്ടായിട്ടുണ്ടങ്കിലും അവസാനവട്ട തീരുമാനങ്ങൾക്കായുള്ള ചർച്ചകൾ നടക്കുകയാണ്. ഇതിനിടയിലുണ്ടാകുന്ന പടലപ്പിണക്കങ്ങളാണ് അന്തിമ തീരുമാനങ്ങൾ വൈകിപ്പിക്കുന്നത്. എന്നാൽ, ഇടതുമുന്നണിയിൽ മിക്കയിടങ്ങളിലും തീരുമാനമാകാത്ത സ്ഥിതിയിലാണ്. സി.പി.എമ്മും കേരള കോൺഗ്രസ് ജോസ് വിഭാഗവുമായാണ് ഇടതുമുന്നണിയിൽ പ്രധാനമായും ചർച്ചകൾ നടക്കുന്നത്. ജോസ് വിഭാഗവുമായി ധാരണയിലെത്തിയശേഷം ബാക്കി സീറ്റുകൾ പഴയ ഇടതുമുന്നണിയിലെ ഘടക കക്ഷികൾ പങ്കിട്ടെടുക്കാനാണ് സാധ്യത.

യു.ഡി.എഫിൽ ചില വാർഡുകളെ ചൊല്ലിയാണ് മിക്കയിടങ്ങളിലും തർക്കങ്ങളുള്ളത്. പങ്കിട്ടെടുക്കുന്ന വാർഡുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഏകദേശ ധാരണയുണ്ട്.

ബി.ജെ.പി. സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് ചില സീറ്റുകൾ നൽകുന്നതു സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചു. മീനച്ചിൽ, മുത്തോലി, തലപ്പുലം, കൊഴുവനാൽ പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്നാണ് പാർട്ടി നേതാക്കളുടെ അവകാശവാദം. കടനാട് പഞ്ചായത്തിൽ യു.ഡി.എഫിൽ വാർഡുകളുടെ എണ്ണം സംബന്ധിച്ച് ധാരണയുണ്ട്.

കോൺഗ്രസ്സിന് ഒൻപതും ജോസഫിന് അഞ്ചും എന്നതാണ് ഏകദേശ ധാരണ. എന്നാൽ, നീലൂർ വാർഡിന് ഇരുപാർട്ടികളും അവകാശവാദമുന്നയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്ന് നേതാക്കൾ.

ഇടതുമുന്നണിയിൽ ആറ് വാർഡ് ജോസ് വിഭാഗത്തിനും ബാക്കിയുള്ളവ മറ്റുള്ളവർക്കും എന്ന രീതിയിലാണ്‌ ധാരണ. ഇവിടെ സി.പി.ഐ.യും സി.പി.എമ്മും തമ്മിൽ ചില തർക്കങ്ങളുണ്ട്. മുമ്പുണ്ടായിരുന്ന സീറ്റുകൾ വേണമെന്നാണ് സി.പി.ഐ.യുടെ ആവശ്യം.

കരൂരിൽ യു.ഡി.എഫിൽ കോൺഗ്രസ് എട്ട്, ജോസഫ് ഏഴ് എന്ന നിലയിലാണ് ചർച്ചകൾ നടക്കുന്നത്.

മുത്തോലിയിൽ യു.ഡി.എഫിൽ ധാരണയായി. കോൺഗ്രസ് ഏഴ്, ജോസഫ് ആറ് എന്ന നിലയിലാണ് ധാരണ. രാമപുരത്ത് ഇടതുമുന്നണിയിൽ ചർച്ചകൾ നടക്കുകയാണ്.

ഭരണങ്ങാനത്ത് ഇടതുമുന്നണിയിൽ ഏകദേശ ധാരണയായി. ജോസ് വിഭാഗത്തിനും സി.പി.എമ്മിനും അഞ്ചു സീറ്റുകൾവീതവും സി.പി.ഐ.ക്ക്‌ ഒരു സീറ്റും നൽകുന്നതിൽ തീരുമാനമുണ്ട്. എന്നാൽ, ഒരു സീറ്റിന്റെ കാര്യത്തിൽ കേരള കോൺഗ്രസും സി.പി.എമ്മും തമ്മിൽ തർക്കമുണ്ട്. യു.ഡി.എഫിൽ സീറ്റു സംബന്ധിച്ച് വ്യക്തതയായില്ല. 

ആരൊക്കെ പാലാ നഗരസഭയിൽ

പാലാ : നഗരസഭയിൽ യു.ഡി.എഫിൽ ഏകദേശ സീറ്റുധാരണയായി. 13 സീറ്റിൽ കോൺഗ്രസും 13 സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിച്ചേക്കും. ആറാംവാർഡും 12-ാംവാർഡും ഒഴിച്ചുള്ള വാർഡുകളിൽ ജനറൽ/ സംവരണ വാർഡുകൾ പുനർനിർണയിക്കണമെന്ന കോടതിയുത്തരവിന്റെ പശ്ചാത്തലത്തിൽ അടുത്തദിവസം നറുക്കെടുപ്പ് നടക്കും. അതിനുശേഷമേ ഏതൊക്കെ വാർഡുകളിൽ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനമാകൂ.

Content Highlight: kerala local body election 2020 Kottayam