ഉഴവൂർ : കോവിഡ് നിയന്ത്രണങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ മാറ്റങ്ങളാവും സൃഷ്ടിക്കുക. പൊതുപരിപാടികളും ജനക്കൂട്ടവുമൊക്കെ കുറയുമ്പോൾ പ്രചാരണായുധങ്ങളും മാറും. കോവിഡ് പ്രതിസന്ധി കാരണം താളംതെറ്റിയ നേരത്തെത്തുന്ന തിരഞ്ഞെടുപ്പിനെ ഇക്കുറി വ്യത്യസ്ത ഭാവങ്ങളിലാണ് വോട്ടർമാർ സ്വീകരിക്കുക.

തൊഴുകൈകൾക്കൊപ്പം ചിഹ്നം ആലേഖനം ചെയ്ത മുഖാവരണമാവും വോട്ടുതേടുക. ഹാരങ്ങളും ഷാളും കഴുത്തിലില്ലാതെ മുഖാവരണവും സാനിറ്റൈസറും നൽകുന്ന അലങ്കാരം അണിഞ്ഞാണ് സ്ഥാനാർഥിയും വിരലിലെണ്ണാവുന്ന പരിവാരങ്ങളുമെത്തുക. പാർട്ടി ചിഹ്നങ്ങൾ രേഖപ്പെടുത്തിയ വിവിധ ഭാവത്തിലും വർണങ്ങളിലും ഉള്ള മാസ്‌ക് അണിയറയിൽനിന്ന് പുറത്തിറങ്ങിക്കഴിഞ്ഞു. മുഖാവരണത്തിന്റെ ചെലവ് സ്ഥാനാർഥിയുടെ കണക്കിലാവും തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖപ്പെടുത്തുക.

മാസ്‌കാണ് മാസ്

തിരഞ്ഞെടുപ്പിൽ താരമാകുന്നത് മുഖാവരണം തന്നെ. മുഖത്ത്‌ നോക്കിയാൽത്തന്നെ സ്ഥാനാർഥിയെയും പാർട്ടിയെയും തിരിച്ചറിയാൻ കഴിയുന്ന മുഖാവരണങ്ങൾ വിപണിയിൽ സജീവമായി. കോൺഗ്രസ്, സി.പി.എം., സി.പി.ഐ., ബി.ജെ.പി., മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ ചിഹ്നം ആലേഖനം ചെയ്ത മുഖാവരണങ്ങളാണ് കൂടുതലും ലഭ്യമാകുന്നത്. തിരുപ്പൂരിൽനിന്നടക്കം ഇത്തരം മുഖാവരണങ്ങളെത്തുന്നു.

സ്ഥാനാർഥിപ്പട്ടിക പുറത്തിറങ്ങിക്കഴിഞ്ഞാലുടൻ സ്ഥാനാർഥികളുടെ 'മുഖം'കൂടി ചേർത്തുള്ള മാസ്ക് തയ്യാറാകും. പേരും പടവും ചിഹ്നവും ചേർത്ത് തുണി മാസ്‌കിൽ സബ്ലിമേഷൻ പ്രിന്റിങ്ങാണ് നടത്തുന്നത്. എറണാകുളം, ചങ്ങനാശ്ശേരി ഭാഗങ്ങളിലുള്ള പ്രസുകളിലേക്കാണ് ഇത്തരത്തിലുള്ള ഓർഡറുകൾ പോകുന്നത്. ഒന്നിന് 30 രൂപയും 50-ന് മുകളിൽ ആണെങ്കിൽ ഒന്നിന് 25 രൂപയ്ക്കും 100 എണ്ണത്തിൽ കൂടുതലാണെങ്കിൽ 20 രൂപ നിരക്കിലും ലഭിക്കും.

ആരോഗ്യവും സൂക്ഷിക്കാം

മഷി ഉപയോഗിക്കാത്ത മുഖാവരണങ്ങളും ലഭ്യമാണ്. ബ്രാൻഡഡ് ടീ ഷർട്ടുകളിലും മറ്റും ലോഗോ ആലേഖനം ചെയ്യുന്ന ഹീറ്റിങ് സാങ്കേതികവിദ്യയാണ് ഇതിനുപയോഗിക്കുന്നത്. പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രമാണ് ഇവ നിർമാണത്തിനുപയോഗിക്കുന്നത്. കോട്ടൺ മാസ്കുകൾ മാത്രമേ ഇതിന് ഉപയോഗിക്കൂ.