KOTTAYAM
ഈരാറ്റുപേട്ട നഗരസഭ മൂന്നാം വാര്‍ഡിലെ
രണ്ട് എല്‍.ഡി.എഫ്.സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍

ഈരാറ്റുപേട്ട: നഗരസഭയിലെ എല്‍.ഡി.എഫില്‍ സി.പി.എമ്മും സി.പി.ഐയുമായുള്ള സീറ്റ് വിഭജനം ഏകദേശം പൂര്‍ത്തിയായെങ്കിലും വാര്‍ഡുകളുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. മൂന്ന്, 21 വാര്‍ഡുകളിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ തര്‍ക്കം. തര്‍ക്കമുള്ള മൂന്നാം വാര്‍ഡില്‍ സി.പി.എമ്മും സി.പി.ഐയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എന്ന പേരില്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. സി.പി.ഐയ്ക്കു വേണ്ടി റസിയ സിറാജും സി.പി.എമ്മിനുവേണ്ടി സുറുമി ഫൈസലുമാണ് പ്രചാരണം ആരംഭിച്ചത്.

കഴിഞ്ഞ തവണ സി.പി.ഐ. വിജയിച്ച സീറ്റാണ് 21-ാം വാര്‍ഡ്. വിജയിച്ച അംഗം പിന്നീട് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. ഇതാണ് സി.പി.എം. ഈ വാര്‍ഡില്‍ അവകാശം ഉന്നയിക്കുന്നത്. എന്നാല്‍ 21-ന് പകരം മൂന്നാം വാര്‍ഡ് മതിയെന്ന സി.പി.ഐ. നിലപാട് അംഗീകരിക്കുവാനും സി.പി.എം. തയ്യാറായിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച ആറ് വാര്‍ഡുകള്‍ മാറ്റമില്ലാതെ വേണമെന്ന് സി.പി.ഐ. നിലപാട് ഉന്നയിച്ചിരുന്നു. രണ്ട്, നാല്, 14, 21, 22, 26 എനീ വാര്‍ഡുകളിലാണ് കഴിഞ്ഞ തവണ സി.പി.ഐ. മത്സരിച്ചത്. ഇവയോടൊപ്പം മൂന്ന് വാര്‍ഡുകളാണ് സി.പി.ഐ. ആവശ്യപ്പെട്ടത്. ഏഴ്, 20 എന്നീ രണ്ട് വാര്‍ഡുകള്‍ അധികം നല്‍കാമെന്ന് സി.പി.എം. അറിയിച്ചിട്ടുണ്ട്.

നിലവില്‍ 16 സീറ്റില്‍ സി.പി.എമ്മും എട്ട് സീറ്റില്‍ സി.പി.ഐ.യും മത്സരിക്കുവാനുമാണ് ഏകദേശ ധാരണയായിട്ടുള്ളത്. കേരള കോണ്‍ഗ്രസ് ജോസ്, എല്‍.ജെ.ഡി, ജനതാദള്‍ എസ്, ഐ.എന്‍.എല്‍. എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും.

Content Highlight: CPM-CPI Dispute in Erattupetta