പാലാ : ഇരുപക്ഷത്തിനും തുല്യമായ അംഗങ്ങളുണ്ടായിരുന്ന കടനാട് പഞ്ചായത്തിൽ നറുക്കാണ് ആദ്യം ഭരണം നിശ്ചയിച്ചത്. നറുക്കിന്റെ ആനുകൂല്യത്തിൽ കിട്ടിയ യു.ഡി.എഫ്‌. ഭരണം ഒരംഗത്തിന്റെ കൂറുമാറ്റത്തിലൂടെ ഇടതുപക്ഷം പിടിച്ചെടുത്താണ് കടനാട് ശ്രദ്ധേയമായത്. നിരവധി വികസനപ്രവർത്തനങ്ങളും നേട്ടങ്ങളും ഇപ്പോഴത്തെ ഭരണപക്ഷം അവകാശപ്പെടുമ്പോൾ അഴിമതിയുടെ കൂത്തരങ്ങായി ഭരണം മാറിയെന്ന് ഇപ്പോഴത്തെ പ്രതിപക്ഷം ആരോപിക്കുന്നു.

ഭരണപക്ഷം പ്രതിപക്ഷമായി, തിരിച്ചും

14 അംഗ ഭരണസമിതിയിൽ ഇടതുപക്ഷത്തിനും യു.ഡി.എഫിനും ഏഴംഗങ്ങളാണുണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരത്തിലെത്തി. മൂന്നു വർഷം കഴിഞ്ഞപ്പോൾ കോൺഗ്രസിലെ ഒരംഗം കൂറുമാറി ഇടതുപക്ഷത്ത് ചേർന്നു. ഇതോടെയാണ് ഭരണം ഇടതുപക്ഷത്തിനായത്. മൂന്നു വർഷം കോൺഗ്രസിലെ സണ്ണി മുണ്ടനാട്ടായിരുന്നു പ്രസിഡന്റ്. പിന്നീട് ഇടതുപക്ഷത്തിലെ ജയ്‌സൺ പുത്തൻകണ്ടം പ്രസിഡന്റായി.

ആരോഗ്യമേഖല

കടനാട് സർക്കാർ ആശുപത്രി കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റി. 1.54 കോടി മുടക്കി പുതിയ മന്ദിരം പണിതീർക്കുന്നു. സബ് സെന്ററുകൾ നവീകരിച്ചു. പാലിയേറ്റീവ് പദ്ധതിയിലൂടെ 168 കിടപ്പുരോഗികളെ പഞ്ചായത്ത് സംരക്ഷിക്കുന്നു. കോവിഡ് ഫസ്റ്റ്‌ ലൈൻ സ്ഥാപിച്ച് 100 കിടക്കകൾ സജ്ജീകരിച്ചു. മൃഗാശുപത്രിക്ക് 54 ലക്ഷം രൂപയുടെ കെട്ടിടം സജ്ജമാക്കി.

കാർഷികം, വിദ്യാഭ്യാസം

കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

കർഷകർക്ക് സൗജന്യമായി വാഴ ഉൾപ്പടെയുള്ള തൈകൾ വിതരണം ചെയ്തു.

തൊഴിലുറപ്പ് പദ്ധതി പ്രകാരം 40 ലക്ഷം രൂപ മുടക്കി തൊഴുത്ത് പണിത് നൽകി. കൃഷി ഇല്ലാതിരുന്ന 12 ഏക്കർ സ്ഥലത്ത് വിവിധയിനം കൃഷികൾ ചെയ്തു.

ചേറുതേൻ കൃഷി വിപുലമാക്കി. ഐങ്കൊമ്പ് സ്‌കൂളിന് ഒരു കോടി രൂപയുടെ പുത്തൻ മന്ദിരം പണിയുവാൻ തുക അനുവദിച്ചു. വല്യാത്ത് സ്‌കൂളിൽ സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കി.

കുടിവെള്ളം,മാലിന്യം

2.14 കോടി രൂപമുടക്കി 26 കുടിവെള്ള പദ്ധതികൾ നവീകരിച്ച് കാര്യക്ഷമമാക്കി. ഉപ്പുമാക്കൽ, വാളികുളം കൊടുമ്പിടി തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ പദ്ധതികൾ സജ്ജമാക്കുന്നു. 80 ലക്ഷം രൂപ മുടക്കി വിവിധ സ്ഥലങ്ങളിൽ കിണറുകൾ നിർമ്മിക്കുന്നു. മാലിന്യങ്ങൾ ശേഖരിക്കാൻ എല്ലായിടങ്ങളിലും സംവിധാനമുണ്ടാക്കി. , കൊല്ലപ്പള്ളിയിൽ 13 ലക്ഷം മുടക്കി സ്റ്റേഡിയം നവീകരിച്ചുവരികയാണ്.

കക്ഷി നില

സി.പി.എം.-എട്ട്

കോൺഗ്രസ്-മൂന്ന്

കേരള കോൺഗ്രസ്-മൂന്ന്