കൊല്ലം: സി.പി.ഐ. നേതാവും പുനലൂര്‍ മുന്‍ എം.എല്‍.എയുമായ പി.കെ. ശ്രീനിവാസന്റെ മകന്‍ പി.എസ്. സുമന്‍ ബി.ജെ.പി. ടിക്കറ്റില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. സി.പി.ഐ. മുന്‍ എം.എല്‍.എയായ പി.എസ്. സുപാലിന്റെ സഹോദരന്‍ കൂടിയാണ് സുമന്‍. ഏരൂര്‍ പഞ്ചായത്തിലേക്കാണ് സുമന്‍ ജനവിധി തേടുന്നത്. സി.പി.എം. അഞ്ചല്‍ ഏരിയ മുന്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. ഏരൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലാണ് സുമന്‍ മത്സരിക്കുന്നത്.

കടുത്ത വിഭാഗീയതയുടെ ഇരയാണ് താനെന്ന് സുമന്‍ പറഞ്ഞു. സ്വന്തം പ്രവര്‍ത്തകനെ പോലും കളവായി ഗൗരവമുള്ള കേസുകളില്‍ അകപ്പെടുത്തുന്ന, കടുത്ത വിഭാഗീയത മൂലം എല്ലാ ലക്ഷ്യങ്ങളില്‍നിന്നും അകന്ന സി.പി.ഐ.എമ്മിനോട് താന്‍ വിട പറയുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നുവര്‍ഷം മുന്‍പാണ് സി.പി.എമ്മുമായി സുമന്‍ തെറ്റിയത്. പിന്നീട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി അടുത്തു. കാലങ്ങളായി ഇടതു കുത്തകയായ പതിനാലാം വാര്‍ഡ് പിടിച്ചെടുക്കാനാണ് ബി.ജെ.പി. സുമനെ രംഗത്തിറക്കിയിരിക്കുന്നത്.

തന്റെ പിതാവ് പി.കെ. ശ്രീനിവാസന്‍ അഴിമതിമതി രഹിതനായ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ജില്ലയില്‍ എമ്പാടും അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ പ്രദേശത്ത് ബഹുഭൂരിപക്ഷം ജനങ്ങളും അദ്ദേഹത്തിന്റെ മകനായ തനിക്ക് അനുകൂലമായി ചിന്തിക്കുമെന്നാണ് വിശ്വാസമെന്ന് സുമന്‍ പറഞ്ഞു. പതിനാലാം വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മതി എല്‍.ഡി.എഫിന് വിജയിക്കാനെന്നാണ് ഇടതു നേതാക്കളുടെ പ്രതികരണം. കെ.ജെ. ദിലീപ് ഇടതു സ്ഥാനാര്‍ഥിയായും കെ.സി. മുകുന്ദന്‍ യു.ഡി.എഫിനു വേണ്ടിയും വാര്‍ഡില്‍ മത്സരരംഗത്തുണ്ട്.

content highlights: suman-son of cpi ex mla pk sreenivasan and brother of cpi ex mla ps supal contesting in bjp ticket