കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ക്കായി ഗ്രാഫിക്‌സ് പ്രചാരണം തയ്യാറാക്കി ഏഴാം ക്ലാസ് വിദ്യാര്‍ഥി. കൊല്ലം എഴുകോണ്‍, ചീരങ്കാവ് സ്വദേശിയും തങ്കശ്ശേരി ഇന്‍ഫന്റ ജീസസ് സ്‌കൂളിലെ വിദ്യാര്‍ഥിയുമായ പ്രണോയ് വി.ഷായാണ് തനിക്ക് പരിചയമുളള സ്ഥാനാര്‍ഥികള്‍ക്കായി പാര്‍ട്ടി ഭേദന്യേ ഗ്രാഫിക്‌സ് പ്രചാരണം തയ്യാറാക്കുന്നത്.

ലോക്ഡൗണില്‍ സ്‌കൂളുകള്‍ക്ക് താഴ്‌വീണപ്പോള്‍ സമയം പോകാന്‍ മാര്‍ഗ്ഗമില്ലാതായി. വീഡിയോ ഗെയിമും ടിവി കാണലും കുറച്ച്  വായനയുമായി  സമയം ചെലവഴിച്ച് മടുത്തപ്പോഴാണ് പ്രണോയി എഡിറ്റിങ്ങിലേക്കും ഗ്രാഫിക്‌സിലേക്കും തിരിഞ്ഞിത്. എഡിറ്റിങ്ങും ഗ്രാഫിക്‌സുമെല്ലാം സ്വയം പഠിച്ചതാണ്.

അടുത്ത ചില കൂട്ടുകാര്‍ക്കായി വാട്‌സാപ്പ് സ്റ്റാറ്റസുകള്‍  ചെയ്ത് കൊടുത്തു. അതോടെ കൂടുതല്‍ പേര്‍ വാട്‌സാപ്പ് സ്റ്റാറ്റസിനും യൂട്യൂബ് തമ്പ് നെയിലിനും പ്രണോയിയെ സമീപിച്ചു. ഫോണിലാണ് എഡിറ്റിങ്ങും ഗ്രാഫിക്‌സുമെല്ലാം ചെയ്യുന്നത്. തന്റെ വാര്‍ഡില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്കായി പ്രണോയി സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണ് ആദ്യത്തെ ഗ്രാഫിക്‌സ്. അത് എല്ലാവര്‍ക്കും ഇഷ്ടമായതോടെ പിതാവിന്റെ സുഹൃത്തായ സ്ഥാനാര്‍ഥിക്ക് വേണ്ടി അടുത്ത ഗ്രാഫിക്‌സ് ചെയ്തു.

കൂടുതല്‍ സാങ്കേതിക മികവ് വേണ്ടുന്ന എഡിറ്റിങ്ങും പ്രണോയി യൂ ട്യൂബില്‍ നിന്ന് പഠിച്ച് വെച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ പ്രഫഷണല്‍ ഗ്രാഫിക്‌സ് സംവിധാനത്തിലേ എഡിറ്റ് ചെയ്യാനാകൂ. ഗ്രാഫിക്‌സ് മാത്രമല്ല ഫോട്ടോഗ്രാഫിയും എഡിറ്റിങ്ങുമെല്ലാം പ്രണോയിക്ക് ഇഷ്ടമുളള മേഖലയാണ്. രണ്ട് ഷോര്‍ട്ട് ഫിലിമിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights: Local Body Election Kollam: seven standard student prepares graphic campaign for candidates