കൊല്ലം: വ്യക്തമായ രാഷ്ട്രീയവും രാഷ്ട്രീയ കാഴ്ചപ്പാടുമുള്ള ജില്ലയാണ് കൊല്ലം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം വീശിയടിച്ച എല്‍.ഡി.എഫ് തരംഗത്തെ ഇത്തവണ കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും സ്വപ്‌ന, ശിവശങ്കര്‍ പേരിലുമെല്ലാം അനുകൂലമാക്കാമെന്ന് പ്രതീക്ഷിച്ച യു.ഡി.എഫിന് കാര്യമായി യാതൊരു നേട്ടവുമുണ്ടാക്കാന്‍ ജില്ലയില്‍ കഴിഞ്ഞിട്ടില്ല. ത്രികോണ മത്സരവുമായി രംഗത്തിറങ്ങിയ ബി ജെ പിയുടെ സ്ഥിതിയും മറ്റൊന്നല്ല. 

കൊല്ലം കോര്‍പറേഷനില്‍ എല്‍.ഡി.എഫ്  മൃഗീയഭൂരിപക്ഷത്തോടെ ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റിയും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തിലുമടക്കം എല്‍ ഡി എഫിനൊപ്പമാണ് ജില്ല.

55 സീറ്റുകളുള്ള കോര്‍പറേഷനില്‍ 39 ഇടത്തും ഇടതാണ്. 9 ഇടത്ത് യുഡിഎഫും ആറിടത്ത് ബി ജെ പിയും മുന്നേറ്റമുണ്ടാക്കി.

26 സീറ്റുകളുള്ള ജില്ലാപഞ്ചായത്തില്‍ 23 ലും എല്‍ ഡി എഫിനാണ് ഭരണം. ഒരു സീറ്റില്‍ മാത്രമാണ് ആര്‍ എസ് പിക്ക് ജയിക്കാനായത്. രണ്ടിടത്ത് കോണ്‍ഗ്രസും വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22 സീറ്റുകളിലായിരുന്നു എല്‍ ഡി എഫ് ജയിച്ചത്. നാലിടത്തായിരുന്നു യു ഡി എഫിന് ജയം.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്ന അനന്തുപിള്ള കഴിഞ്ഞ മുപ്പത് വര്‍ഷമായി ഗ്രാമ-ജില്ലാ പഞ്ചായത്തുകളിലെ അംഗമായിരുന്ന യു.ഡി.എഫിന്റെ രാധാമോഹനെതിരേ 21897 വോട്ടുകളാണ് നേടിയത്. 2010- 2015 കാലഘട്ടത്തില്‍ ആര്‍ എസ് പി സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജയന്തി ഇത്തവണ സി.പി.ഐ സ്ഥാനാര്‍ഥിയായാണ് മത്സരിച്ച് ജയിച്ചത്. 

നാല് മുനിസിപ്പാലിറ്റികളില്‍ മൂന്നിടത്തും ഭരണം നിലനിര്‍ത്തിയപ്പോള്‍ പരവൂര്‍ മുനിസിപ്പാലിറ്റിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യ വോട്ടുകളാണ് ലഭിച്ചത്. ഇവിടെ നാല് സീറ്റുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളും വിജയിച്ചു. 

പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്തും എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ ചവറ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്.  

68 ഗ്രാമപഞ്ചായത്തുകളില്‍ 44 എല്‍.ഡി.എഫ് നേടിയപ്പോള്‍ 22 പഞ്ചായത്തുകള്‍ യു.ഡി.എഫും 2 പഞ്ചായത്തുകള്‍ എന്‍.ഡി.എയും നേടി. 

2015 ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോയ ആര്‍.എസ്.പി ഇത്തവണ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാല്‍പ്പതില്‍ താഴെമാത്രം സീറ്റുകളില്‍ ഭരണം ലഭിച്ച ആര്‍.എസ്.പി  ഇത്തവണ ഇരുന്നൂറിലധികം സ്ഥാനാര്‍ഥികളെയാണ് മത്സര രംഗത്തിറക്കിയത്. എന്നാല്‍ കഴിഞ്ഞ തവണ നേടാന്‍ കഴിഞ്ഞ വോട്ട് പോലും ഇത്തവണ ആര്‍.എസ്.പി  സ്ഥാനാര്‍ഥികള്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. 

സ്ഥാനാര്‍ഥിനിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കി യു.ഡി.എഫും എന്‍.ഡി.എ.യും പ്രചാരണരംഗത്തിറങ്ങിയിരുന്നു. യു.ഡി.എഫില്‍ വിമതരെച്ചൊല്ലിയുണ്ടാകുന്ന അസ്വാരസ്യങ്ങളാണ് എല്‍.ഡി.എഫിന് പ്രതീക്ഷ നല്‍കിയത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട സമാനമായ അസ്വാരസ്യങ്ങള്‍ എല്‍.ഡി.എഫിനകത്തും ഉണ്ടായിരുന്നു. എന്നാലും മികച്ച നേട്ടമാണ് എല്‍.ഡി.എഫിന് ജില്ലയില്‍ നേടാനായത്. 

Content Highlights: Kerala Local Body Election 2020 LDF Won Kollam