കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിലെ തോൽവിയും വോട്ടുചോർച്ചയും സി.പി.എമ്മിൽ തുടർചലനങ്ങളുണ്ടാക്കും. ബി.ജെ.പി. വോട്ടുകൾ യു.ഡി.എഫിന് മറിച്ചു എന്നു പുറമേ പറയുന്നുണ്ടെങ്കിലും ഇവിടെ സംഘടനാവീഴ്ചയുണ്ടായതായാണ് സി.പി.എം. നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

എൻ.എസ്.എസ്. പ്രാദേശിക നേതൃത്വം എൽ.ഡി.എഫിനെതിരേ പരസ്യമായി പ്രവർത്തിച്ചതും തിരിച്ചടിയായി.

കുണ്ടറയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിഷ്ക്രിയരായ സി.പി.എം. പ്രാദേശിക നേതാക്കൾക്കെതിരേ സംഘടനാനടപടിക്ക് സാധ്യതയുണ്ട്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ഇക്കാര്യം ചർച്ചയ്ക്ക് വരും. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ തോൽവി സംസ്ഥാനത്തു തന്നെ പാർട്ടിക്കും മുന്നണിക്കും ക്ഷീണമുണ്ടാക്കിയ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വവും ഇക്കാര്യം ഗൗരവമായെടുക്കും. പാർട്ടി തലത്തിൽ അന്വേഷണവും കുറ്റക്കാർക്കെതിരായ നടപടിയുമുണ്ടാകുമെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കത്തിൽതന്നെ കുണ്ടറയിലും കൊല്ലത്തും ഒരുവിഭാഗം നേതാക്കൾ നിഷ്ക്രിയരാണെന്ന് സംശയമുയർന്നിരുന്നു.

ഇതേ തുടർന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, മന്ത്രി തോമസ് ഐസക്, ആനത്തലവട്ടം ആനന്ദൻ എന്നിവർ വിഷയത്തിൽ ഇടപെട്ടു. പ്രവർത്തനത്തിൽ സജീവമാകാൻ നേതാക്കൾ നിർദേശിക്കുകയും ചെയ്തു. എന്നാൽ കുണ്ടറയിൽ ഇത് പാലിക്കപ്പെട്ടില്ല.

ബി.ഡി.ജെ.എസ്. മത്സരരംഗത്ത് എത്തിയപ്പോൾത്തന്നെ ബി.ജെ.പി. വോട്ടിന് ചോർച്ചയുണ്ടാകുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇത് പ്രതിരോധിക്കുന്നതിൽ മണ്ഡലം കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. തൃപ്പൂണിത്തുറ മണ്ഡലത്തിൽ സമാന സാഹചര്യമുണ്ടായിരുന്നു. പാർട്ടി പരാജയപ്പെട്ടെങ്കിലും അവിടെ പാർട്ടി ശക്തമായി പ്രതിരോധം തീർത്തിരുന്നു.

'കുണ്ടറയിൽ നാഥനില്ലാത്ത അവസ്ഥയായിരുന്നു'വെന്ന് പാർട്ടി അനുഭാവികളും പ്രവർത്തകരും സാമൂഹികമാധ്യമങ്ങളിൽ പരിതപിക്കുന്നുണ്ട്.

കഴിഞ്ഞതവണ ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് 30,460 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ ഇക്കുറി പാർട്ടി വോട്ടുകൾ ചോർന്നിട്ടുണ്ടെന്ന് വ്യക്തമാണ്.

ഇത്തവണ ബി.ജെ.പി.ക്കുണ്ടായ വോട്ടു നഷ്ടം 14,157 ആണ്. ഇത് മുഴുവനായി യു.ഡി.എഫിന് ലഭിച്ചെന്ന് കണക്കാക്കിയാലും സ്വന്തം പാളയത്തിലെ വോട്ടു ചോർന്നതായി വേണം കരുതാൻ.