തിരുവനന്തപുരം: എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ വിജയം രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടേയും സംഭാവനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസ് മുക്ത കേരളം എന്ന നിലയിലേക്കാണ് കേരളം പോകുന്നതെന്നും പല തദ്ദേശ സ്ഥാപനങ്ങളിലും ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ പരസ്യമായ ധാരണയുണ്ടാക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇരുമുന്നണികളും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തലുകളില്‍ നിന്ന് വ്യക്തമാണ്. സമ്പൂര്‍ണമായ തകര്‍ച്ചയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡി എഫിന് ഉണ്ടായിരിക്കുന്നത്. യുഡിഎഫിന്റെ മുഴുവന്‍ വോട്ടുകളും അവര്‍ എല്‍ഡിഎഫിന് മറിച്ചുവില്‍ക്കുകയാണ് ചെയ്തത്. തിരുവനന്തപുരം കോര്‍പറേഷനിലെ പല ഡിവിഷനുകളിലും യുഡിഎഫിന്റെ വോട്ട് ഷെയര്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു. നിര്‍ണായക സ്വാധീനമുള്ള മേഖലകളില്‍ പോലും വോട്ടിംഗ് ശതമാനം വളരെയധികം താഴേക്ക് പോയിരിക്കുന്നു. ഇരുമുന്നണികളും തമ്മിലുള്ള വോട്ട് കച്ചവടമാണ് തിരുവനന്തപുരത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും നടന്നതെന്നും അദ്ദേഹം പറഞ്ഞു. 

കോൺഗ്രസിന് ഒരു ധാര്‍മികതയും അവകാശപ്പെടാനില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എന്താണ് പ്രതിഫലം വാങ്ങിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോടെങ്കിലും പറയാന്‍ തയാറാകണം. എല്‍ഡിഎഫിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രസക്തി പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. എല്‍ഡിഎഫിന്റെ പരാജയം ഉറപ്പുവരുത്താന്‍ കഴിയുമായിരുന്ന നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫ് നിലപാട് പകല്‍പോലെ വ്യക്തമാണ്. ചില സ്ഥലങ്ങളിൽ യു ഡി എഫിന് തിരിച്ചും സഹായം കിട്ടിയിട്ടുണ്ട്. 

തിരുവനന്തപുരത്ത് ബിജെപിക്ക് വിജയിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടായ സ്ഥലങ്ങളിലടക്കം വര്‍ഗീയ കോണ്‍ഗ്രസും ശക്തികളും ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള പോരാട്ടമായിരിക്കും കേരളത്തില്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുക. തിരുവനന്തപുരമാണ് അതിന്റെ മാതൃകയെന്നും വരുകാല കേരള രാഷ്ട്രീയം എന്താണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

Content Highlights: Its the gift of Ramesh Chennithala and Oommenchandy says K Surendran