കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പില്‍ നാല് ജില്ലകളിലും കനത്ത പോളിങ്. മൂന്നാം ഘട്ടത്തില്‍ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 78.41 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മലപ്പുറം 78.74, കോഴിക്കോട് 78.67, കണ്ണൂര്‍ 78.29, കാസര്‍കോഡ് 76.95 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 69.84 ശതമാനവും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 70.92 ശതമാനവും പോളിങ് രേഖപ്പെടുത്തി. 16 നാണ് വോട്ടെണ്ണൽ.
11 മണിയോടെ ഗ്രാമ പഞ്ചായത്ത് ഫലങ്ങളും ഉച്ചയോടെ എല്ലാ ഫലങ്ങളും ലഭ്യമാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടേയും കൗണ്‍സിലര്‍മാരുടേയും സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് നടക്കും. അധ്യക്ഷന്‍മാരുടേയും ഉപാധ്യക്ഷന്‍മാരുടേയും തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
വോട്ടെടുപ്പിനിടയില്‍ പലയിടത്തും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാദാപുരം തെരുവംപറമ്പില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാനും യുഡിഎഫ് സ്ഥാനാര്‍ഥി സുഹറ അഹമ്മദിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു.
വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചില ബുത്തുകളില്‍ വോട്ടെണ്ണല്‍ മെഷീനിലെ പ്രശ്നങ്ങള്‍ കാരണം പോളിങ് അല്‍പം വൈകിയിരുന്നു. കണ്ണൂരിലും കാസര്‍കോടും ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ബേപ്പൂരില്‍ വേട്ട് ചെയ്ത് മടങ്ങിയ വയോധിക ഹൃദയാഘാതം മൂലം മരിച്ചു.
എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് കണ്ണൂരില്‍ വോട്ട് ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടതു ദൂര്‍ഭരണത്തിനെതിരേയുള്ള ജനം വിധിയെഴുതുമെന്നും യുഡിഎഫ് റെക്കോര്‍ഡ് വിജയം സ്വന്തമാക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ വ്യക്തമാക്കി.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്‍മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാംഘട്ടത്തിലുള്ളത്. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു.
Live Updates...
Content Highlights: kerala local body election 2020