ഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് 14-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി എച്ച്. റംഷീദിന്റെ വിജയം ഇടതു-വലതു മുന്നണികളെയും എന്‍.ഡി.എ.യെയും ഞെട്ടിച്ചിരുന്നു. ഒന്നിലേറെ സ്വതന്ത്രസ്ഥാനാര്‍ഥികളിലൊരാള്‍ എന്നതിനപ്പുറം റംഷീദിനെ ഒരുതരത്തിലും രാഷ്ട്രീയനേതൃത്വം കണ്ടിരുന്നില്ല. 

വിജയതന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വാട്സ്ആപ്പ് ആണ് പിന്നിലെന്ന മറുപടിയായിരുന്നു റംഷീദിന്. ഇത്രയധികം പ്രചാരമൊന്നും അന്ന് വാട്സ്ആപ്പിനുണ്ടായിരുന്നില്ല. ഇന്ന് ഏതൊരാളിലും വാട്സ്ആപ്പിന്റെ സ്വാധീനം പറഞ്ഞറിയിക്കാനാകാത്തതാണ്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വാട്സ്ആപ്പിനെ.

വാര്‍ഡില്‍ ആകെയുള്ള വോട്ടര്‍മാരില്‍ നൂറ്റന്‍പതോ ഇരുന്നൂറോ വീതം ഉള്‍ക്കൊള്ളിച്ച് വാട്സ്ആപ്പില്‍ ഗ്രൂപ്പുകളുണ്ടാക്കും. സ്ഥാനാര്‍ഥി, തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളിലെ രണ്ടോ മൂന്നോ പേര്‍ ഇവരാകും അഡ്മിന്‍മാര്‍. ഓരോ ഗ്രൂപ്പിലും വോട്ടഭ്യര്‍ഥന നടത്തും.

അതതു ദിവസം വെവ്വേറെ വിഷയങ്ങളും മറ്റും പോസ്റ്റ് ചെയ്യും. തങ്ങള്‍ക്ക് പൂര്‍ണമായും അനുകൂലമായവര്‍, നിഷ്പക്ഷത പാലിക്കുന്നവര്‍, നേര്‍ എതിരാളികള്‍ ഇങ്ങനെ ആളുകളെ വേര്‍തിരിച്ചും ചിലര്‍ ഗ്രൂപ്പുകളുണ്ടാക്കുന്നു. അനുകൂലമായവരുടെ ഗ്രൂപ്പില്‍ രാഷ്ട്രീയവിഷയം തുടരെ തുടരെ പോസ്റ്റ് ചെയ്ത് ആവേശം കൊള്ളിക്കും. നിഷ്പക്ഷരായവരുടെ ഗ്രൂപ്പിലേക്ക് വികസനത്തിന്റെ കാര്യം മാത്രം പറയും.

സിറ്റിങ് വാര്‍ഡാണെങ്കില്‍ നടപ്പിലാക്കിയ വികസനങ്ങള്‍. അതല്ലെങ്കില്‍ നടപ്പിലാക്കാത്ത കാര്യങ്ങള്‍. ഇങ്ങനെ നീളും ഈ ഗ്രൂപ്പിലെ പോസ്റ്റുകള്‍. എതിരാളികളെ ഉള്‍ക്കൊള്ളിച്ച ഗ്രൂപ്പില്‍ ഗുഡ്മോണിങ്ങും മറ്റും പറഞ്ഞ് സ്നേഹം പങ്കുവയ്ക്കല്‍ മാത്രം. വാര്‍ഡുകളില്‍ മത്സരിക്കുന്നവരുടെ അത്രത്തോളം ഇല്ലെങ്കിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്നവരും വാട്സ്ആപ്പ് പ്രചരണം പരമാവധി ഉപയോഗിക്കുന്നുണ്ട്.

Content Highlights: Role Of Social Media In Local Body Elections