കാഞ്ഞങ്ങാട്: ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളുടെ സംവരണ ചിത്രം തെളിഞ്ഞു.

കാസര്‍കോട് ജില്ലാ പഞ്ചായത്തിലും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും അധ്യക്ഷസ്ഥാനം വനിതകള്‍ക്ക്. കാസര്‍കോട് നഗരസഭയുടെ അധ്യക്ഷസ്ഥാനം ഇക്കുറി ജനറല്‍ വിഭാഗത്തിനാണ്. ബ്ലോക്ക് പഞ്ചായത്തില്‍ മഞ്ചേശ്വരവും കാസര്‍കോടും പരപ്പയും വനിതാ സംവരണമാണ്.

നീലേശ്വരം, കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷസ്ഥാനം ജനറല്‍ വിഭാഗത്തിനാണ്. ജില്ലയിലെ 38 ഗ്രാമപ്പഞ്ചായത്തുകളില്‍ 17 ഇടത്ത് അധ്യക്ഷസ്ഥാനം അലങ്കരിക്കുക വനിതകള്‍. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിന് നാല് പഞ്ചായത്തുകളിലെ അധ്യക്ഷസ്ഥാനം ലഭിക്കും

വലിയപറമ്പില്‍ ജനറല്‍ സീറ്റിന് തുടര്‍ച്ച

വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ അധ്യക്ഷസ്ഥാനം തുടര്‍ച്ചയായി രണ്ടാംതവണയും ജനറല്‍ സീറ്റ് തന്നെ

വെസ്റ്റ്എളേരിയില്‍ വീണ്ടും വനിത

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ അധ്യക്ഷസ്ഥാനം പട്ടികജാതി സ്ത്രീ സംവരണമാണ്. നിലവില്‍ ഇവിടെ സ്ത്രീ സംവരണമാണ്.

ഗ്രാമപഞ്ചായത്തുകള്‍

ജനറല്‍ വിഭാഗം: തൃക്കരിപ്പുര്‍, കയ്യൂര്‍-ചീമേനി, പടന്ന, വലിയപറമ്പ്, പുല്ലൂര്‍-പെരിയ, പള്ളിക്കര, ഈസ്റ്റ് എളേരി, ബളാല്‍, കള്ളാര്‍, കിനാനൂര്‍-കരിന്തളം, ബെള്ളൂര്‍, ചെങ്കള, മധൂര്‍, എന്‍മകജെ, കുംബഡാജെ, കാറഡുക്ക, പുത്തിഗെ.

വനിതാവിഭാഗം: പിലിക്കോട്, ചെറുവത്തൂര്‍, മടിക്കൈ, അജാനൂര്‍, ഉദുമ, കോടോം ബേളൂര്‍, പനത്തടി, ബേഡഡുക്ക, ദേലംപാടി, മുളിയാര്‍, ചെമ്മനാട്, മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, മംഗല്‍പാടി, വോര്‍ക്കാടി, മീഞ്ച, മഞ്ചേശ്വരം.

പട്ടികവര്‍ഗ സ്ത്രീസംവരണം:വെസ്റ്റ് എളേരി

പട്ടികജാതി സ്ത്രീ സംവരണം: ബദിയടുക്ക

പട്ടിക വര്‍ഗം: കുറ്റിക്കോല്‍

പട്ടികജാതി: പൈവളികെ

Content Highlights: Local Body Election In Kasaragod District