ന്തിനും ഏതിനും എപ്പോഴും കൂടെയുണ്ടാകുമെന്നാണ് സ്ഥാനാര്‍ഥികള്‍ പ്രചാരണകാലത്ത് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പ്. ഈ ഉറപ്പ് കുറുപ്പിന്റെ ഉറപ്പാകില്ലെന്ന് തെളിയിക്കാന്‍ മലയോരത്തെ ഒരു സ്ഥാനാര്‍ഥിക്ക് അപൂര്‍വ അവസരം വന്നത് പെരുമ്പാമ്പിന്റെ രൂപത്തില്‍.

പകല്‍ വോട്ട് തേടിപ്പോയ വീട്ടില്‍നിന്ന് രാത്രി പത്തോടെ സ്ഥാനാര്‍ഥിയുടെ ഫോണിലേക്ക് ഒരു വിളിയെത്തി. ആവേശത്തോടെ വിശേഷം പറയാനൊരുങ്ങിയ സ്ഥാനാര്‍ഥിയോട് വീട്ടുകാര്‍ പരിഭ്രമത്തോടെ പറഞ്ഞു: പാമ്പ്, പാമ്പ്.

സംഭവമെന്തെന്ന് മനസ്സിലായില്ലെങ്കിലും സ്ഥാനാര്‍ഥിയും പരിഭ്രമത്തില്‍ പങ്കുചേര്‍ന്നു. പിന്നീടാണ് സംഭവം മനസ്സിലായത്. പറന്പില്‍ പാമ്പ് കയറിയതാണ് വിഷയം. സ്ഥാനാര്‍ഥിയുടെ ഉള്ളിലെ പൊതുപ്രവര്‍ത്തകന്‍ ഉണര്‍ന്നു. പാമ്പെന്ന് കേട്ട് ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാട്ടിയില്ല. എങ്ങെനെയെങ്കിലും വേറാരും പിടിക്കും മുന്‍പെ പാമ്പിനെ പിടിച്ചേ തീരു.

ടൗണില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒരുക്കുന്നത് നിര്‍ത്തി സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥലത്ത് കുതിച്ചെത്തി. ഇതിനിടിയില്‍ വനപാലകരെയും പോലീസിനെയും അറിയിച്ചു.

പാമ്പെന്ന് കേട്ടാല്‍ പലവഴി പായുന്ന അനുയായികളില്‍ ചിലര്‍ വോട്ടാണോ ജീവനാണോ വലുതെന്ന് ചോദിച്ചത് സ്ഥാനാര്‍ഥി കേട്ടതേയില്ല. സേവനം ചെയ്യാന്‍ തുടിക്കുകയായിരുന്നു ആ മനസ്സ്. വനപാലകര്‍ക്ക് നിര്‍ദേശം നല്‍കിയും അഭിപ്രായം പറഞ്ഞും രംഗത്ത് സജീവമായി.

വനപാലകര്‍ക്ക് ഒപ്പമെത്തിയയാള്‍ വളയമുള്ള കമ്പി കൊണ്ട് ചപ്പുചവറുകള്‍ക്കിടയില്‍ പരതി പെരുമ്പാമ്പിനെ കണ്ടെത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ പെരുമ്പാമ്പ് വലയില്‍. തൃപ്തിയോടെ സ്ഥാനാര്‍ഥിയും അനുയായികളും പ്രചാരണരംഗത്തേക്ക് തിരിച്ചെത്തി. വീട്ടിലെ വോട്ട് മനസ്സിലുറപ്പിച്ചു.

മോക്ക്‌പോള്‍

ആള് കൂടിയാല്‍ പാമ്പ് ചാവില്ലെന്നാണ് ചൊല്ല്. പക്ഷേ, വോട്ട് കൂടിയാല്‍ സ്ഥാനാര്‍ഥി ജയിക്കുമെന്നത് സമവാക്യം.