ബന്തടുക്ക: പടുപ്പ് ശങ്കരമ്പാടി കുക്കംകയ വീട്ടില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് വീട്ടുകാര്യംകൂടിയാണ്. ജനവിധിതേടി ഭാര്യയും ഭര്‍ത്താവും തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങുന്നതാണ് സവിശേഷത.പി. കുഞ്ഞിരാമന്‍ പണിക്കരും എം. പുഷ്പലതയുമാണ് ജനവിധി തേടുന്നത്.

കുഞ്ഞിരാമന്‍ പണിക്കര്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ബന്തടുക്ക ഡിവിഷനിലും പുഷ്പലത കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്ത് ശങ്കരമ്പാടി മൂന്നാം വാര്‍ഡിലുമാണ് മത്സരിക്കുന്നത്. സി.പി.എം. സ്ഥാനാര്‍ഥികളാണ് ഇരുവരും.

യു.ഡി.എഫിയെന്റ സിറ്റിങ് സീറ്റാണ് ബന്തടുക്ക ഡിവിഷനും ശങ്കരമ്പാടി വാര്‍ഡും. പുഷ്പലതയ്ക്കിത് രണ്ടാം ഊഴമാണ്. 2005-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബേത്തലം വാര്‍ഡില്‍ വിജയിച്ചിരുന്നു. സി.പി.എം. ബേഡകം ഏരിയാകമ്മിറ്റി, പടുപ്പ് ലോക്കല്‍ കമ്മിറ്റി അംഗമാണ്.

കുടുംബശ്രീ എ.ഡി.എസ്. സെക്രട്ടറി, സി.ഡി.എസ്. അംഗം, തൊഴിലുറപ്പ് യൂണിയന്‍ സെക്രട്ടറി, തൊഴിലുറപ്പ് മേറ്റ്, കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിക്കുന്നു. തെയ്യക്കാരനായ കുഞ്ഞിരാമന്‍ പണിക്കര്‍ ആദ്യമായാണ് മത്സരിക്കുന്നത്. 

സി.പി.എം. ശങ്കരമ്പാടി ബ്രാഞ്ചംഗമാണ്. ആര്‍.എസ്.പി. സ്വതന്ത്ര സ്ഥാനാര്‍ഥി ഷീബ സന്തോഷ്, ബി.ജെ.പി.യിലെ കെ. ധര്‍മാവതി, കേരളകോണ്‍ഗ്രസ് (ജെ.) സ്ഥാനാര്‍ഥി മായജോസഫ് എന്നിവരോടാണ് പുഷ്പലതയുടെ പോരാട്ടം. കോണ്‍ഗ്രസിലെ വി.കൃഷ്ണന്‍, ബി.ജെ.പി.യിലെ എന്‍.ആര്‍. ശ്രീവിനയന്‍, സ്വതന്ത്ര സ്ഥാനാര്‍ഥി എം. രഞ്ജിത്ത് രാജ് എന്നിവരോടാണ് കുഞ്ഞിരാമന്‍ പണിക്കര്‍ മത്സരിക്കുന്നത്.

Content Highlights: Local Body Election 2020, Kasaragod Local Body Election 2020