പിലിക്കോട്: ചിത്രകലാ അധ്യാപകനും ശില്പിയുമായ രവി പിലിക്കോട് വോട്ടഭ്യര്‍ഥിച്ചുള്ള ചുവരെഴുത്തിലാണ്. ഭാര്യയുടെ ചിത്രവും ചിഹ്നവും വരയ്ക്കാനുള്ള നിയോഗമാണ് ഇത്തവണ. പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് കരപ്പാത്ത് വാര്‍ഡ് 16-ലാണ് രവി പിലിക്കോടിന്റെ ഭാര്യ എം.വി.യശോദ ഇക്കുറി മത്സരത്തിനിറങ്ങിയത്.

പിലിക്കോട്-പടന്ന റോഡിനോട് ചേര്‍ന്ന് ഭാര്യവീടിന്റെ മതിലിലാണ് യശോദയുടെ ചിത്രവും ചിഹ്നവുമടങ്ങുന്ന ചുവരെഴുത്ത്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവാണ് ബോവിക്കാനം സ്‌കൂളില്‍ ചിത്രകലാധ്യാപകനായിരുന്ന രവി പിലിക്കോട്. അധ്യാപകജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍ കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. ചിത്ര-ശില്പനിര്‍മാണരംഗത്തും സജീവമാണ്.

സി.പി.എം. പിലിക്കോട് പടിഞ്ഞാറെ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ ഗ്രാമപ്പഞ്ചായത്തംഗവുമായ വി.സുലോചനയുമായിട്ടാണ് യശോദ ടീച്ചറുടെ അങ്കം. ദിനേശ് ബീഡി പിലിക്കോട് ശാഖാ മേസ്ത്രിയാണ്. മഹിളാ അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റിയംഗവും പിലിക്കോട് വില്ലേജ് സെക്രട്ടറിയുമായ സുലോചന പൊതുരംഗത്ത് സജീവമാണ്. ആര്‍.ശാന്തകുമാരിയെയാണ് ബി.ജെ.പി. മത്സരത്തിനിറക്കിയത്.

Content Highlights: Local Body Election 2020, Kasaragod Local Body Election 2020