ചെറുവത്തൂര്‍: അമിഞ്ഞിക്കോട് വാര്‍ഡ് എട്ടില്‍ ക്ഷീരകര്‍ഷക പി.വസന്തയാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി. ദിവസം രണ്ടുനേരങ്ങളിലായി 25 ലിറ്റര്‍ പാലളക്കുന്ന കര്‍ഷക. മൂന്ന് പശുക്കളുള്ളതില്‍ രണ്ടെണ്ണത്തിന് കറവയുണ്ട്. രാവിലെ അഞ്ചിന് തുടങ്ങുന്നതാണ് പശുപരിപാലനവും കറവയും.

20 വര്‍ഷമായി പശുപരിപാലനരംഗത്ത് സജീവമാണ് ഈ നാല്‍പ്പത്താറുകാരി. അമ്മ കമലയില്‍നിന്നാണ് പശുവളര്‍ത്തലില്‍ കമ്പമുണ്ടായത്. നാപ്പച്ചാലിലാണ് പശുത്തൊഴുത്ത്. സഹായത്തിന് അമ്മയുമുണ്ട്. ഗുണനിലവാരം ഉറപ്പാക്കിയാണ് പാലളക്കുന്നത്. 

ലിറ്ററിന് 42 എന്ന ഉയര്‍ന്ന നിരക്ക് എന്നും വാങ്ങിക്കുന്ന വസന്ത, പൊന്മാലം ക്ഷീരസഹകരണ സംഘം വൈസ് പ്രസിഡന്റ് കൂടിയാണ്. സി.പി.എം. കൊത്തങ്കര ബ്രാഞ്ചംഗം, മഹിള അസോസിയേഷന്‍ കൊത്തങ്കര യൂണിറ്റ് സെക്രട്ടറി, എട്ടാംവാര്‍ഡ് ഹരിതകര്‍മസേനാംഗം എന്നീ നിലകളില്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാണ്.

കെ.എസ്.ഇ.ബി. ജീവനക്കരാന്‍ കെ.ചന്ദ്രനാണ് ഭര്‍ത്താവ്. പശു പരിപാലനവും കറവയും മറ്റുമായി തിരക്ക് നിറഞ്ഞ ജീവിതത്തില്‍ പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വവും ഏറ്റെടുക്കുകയായിരുന്നുവെന്ന് വസന്ത പറയുന്നു. കോണ്‍ഗ്രസിലെ പ്രജിന ജയനാണ് മറുപക്ഷത്ത്. കോണ്‍ഗ്രസ് കുട്ടമത്ത് ബൂത്ത് കമ്മിറ്റിയംഗം, മഹിളാ കോണ്‍ഗ്രസ് ബൂത്ത് സെക്രട്ടറി എന്നീ നിലകളില്‍ വാര്‍ഡില്‍ സുപരിചിതയാണ് പ്രജിനയും.

Content Highlights; Local Body Election 2020, Kasaragod Local Body Election 2020