സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള വാര്‍ഡാണ് തുമിനാട്. മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡാണിത്. വോട്ടര്‍മാരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. കൂലിപ്പണിയാണ് ജീവനോപാധി. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയാണ് കേരളത്തിലേക്കുള്ള പ്രവേശന കവാടം. വികസന കാര്യങ്ങളില്‍ ഇനിയുമെത്രയോ മുന്നേറാനുണ്ട് ഈ ഭൂപ്രദേശത്തിന്. 

ഇവിടെ തിരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ മാത്രം നാട്ടുകാര്‍ കേള്‍ക്കുന്ന വാക്കാണ് വികസനം. അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ദിനംപ്രത്രി നൂറുകണക്കിനാളുകളാണ് ജോലിയാവശ്യത്തിനും മറ്റും തലപ്പാടി വഴി മംഗളൂരുവെന്ന മഹാനഗരത്തിലെത്തുന്നത്. തലപ്പാടിയില്‍ കേരള അതിര്‍ത്തിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനാവശ്യമായ സൗകര്യമില്ലെന്ന് മാത്രമല്ല പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള ശുചിമുറി പോലുമില്ലാത്ത സ്ഥിതിയാണിന്നും.

അതിര്‍ത്തി പ്രദേശമായതിനാല്‍ ഇരുസംസ്ഥാനങ്ങളിലേയും ആളുകള്‍ തമ്മിലുള്ള വൈവാഹികബന്ധം ഏറെയാണിവിടെ. എല്ലാവര്‍ക്കും എല്ലാ ഭാഷയും അറിയാവുന്നതിനാല്‍ ഭാഷാപ്രശ്‌നമില്ല. ഒരു കുടുംബത്തിലുള്ളവര്‍ തന്നെ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നുവെന്ന സവിശേഷതയും ഇവിടത്തെ പ്രത്യേകതയാണ്. എഴുത്ത് വശമില്ലെങ്കിലും സംസാരിക്കുന്നതിന് ഭാഷ പ്രശ്‌നമല്ല. തിരഞ്ഞെടുപ്പ് കാലത്ത് മലയാളം, തുളു, കന്നഡ ഭാഷകളിലുള്ള പ്രചാരണമാര്‍ഗങ്ങളാണ് രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്നത്.

കേരളത്തിലാണെങ്കിലും രാഷ്ട്രീയവും സാംസ്‌കാരികവുമായ വിഷയങ്ങളില്‍ കര്‍ണാടകയോടാണ് കൂടുതല്‍ പേര്‍ക്കും ആഭിമുഖ്യം. സാധാരണക്കാരില്‍ ഭൂരിഭാഗത്തിനും കേരളത്തിലെ രാഷ്ട്രീയകോലാഹലങ്ങളും വിവാദങ്ങളുമൊന്നും കേട്ടറിവ് പോലുമില്ല എന്നതാണ് വാസ്തവം.

തുമിനാട് വാര്‍ഡില്‍ യു.ഡി.എഫില്‍നിന്ന് മുസ്‌റത് ജഹാനും ബി.ജെ.പി.യിലെ കെ. മോഹിനിയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഹഷീനയുമാണ് മത്സരിക്കുന്നത്. രണ്ട് ബൂത്തുകളിലായി ആകെ 2083 വോട്ടര്‍മാരാണുള്ളത്. കുഞ്ചത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പോളിങ് സ്റ്റേഷന്‍.

Content Highlights: Local Body Election 2020, Kasaragod Local Body Election 2020