ത് ഒരു പരീക്ഷണകാലഘട്ടമാണ്. രണ്ട് പ്രധാന വെല്ലുവിളികളാണ് ഇന്ന് നാട് നേരിടുന്നത്. അതില്‍ ഒന്ന് മാസങ്ങളായി ലോകത്തെ പിടിച്ചുലയ്ക്കുന്ന കോവിഡില്‍നിന്ന് നാടിനെ മുക്തമാക്കലാണ്. ഒപ്പം ജനാധിപത്യ സമൂഹത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത തിരഞ്ഞെടുപ്പ് ഈ പ്രതിസന്ധികാലത്ത് വിജയകരമായി നടത്തുക എന്നതും.

ഈ നിര്‍ണായക ഘട്ടത്തില്‍ ഒരുപടി അധികം ചുമതല ആരോഗ്യപ്രവര്‍ത്തകര്‍ക്കുതന്നെ. തിരഞ്ഞെടുപ്പിനുശേഷം വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് ഇപ്പോള്‍ തന്നെ ആശങ്ക ഉയര്‍ന്നുതുടങ്ങി. അതിന് പ്രതിരോധം തീര്‍ക്കാന്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും തയ്യാറാകണമെന്നാണ് ആരോഗ്യരംഗത്തിന് പറയാനുള്ളത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

കോവിഡ് വ്യാപനത്തില്‍ നിലവില്‍ അല്പം കുറവ് വന്നിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷം വീണ്ടും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതിന് ഒരിക്കലും അനുവദിക്കാത്ത വിധം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും പാലിക്കണം. ഇതിനായി ബോധവത്കരണമുള്‍?െപ്പടെ നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് അനിവാര്യതയാണ്. അത് നമ്മള്‍ കോവിഡിനെ അകറ്റിനിര്‍ത്തിക്കൊണ്ട് നടത്തണം. വീടുകളില്‍ വോട്ടഭ്യര്‍ഥിക്കാന്‍ എത്തുന്നവര്‍ ഇപ്പോള്‍ തന്നെ നിബന്ധനകള്‍ പാലിക്കാത്ത രീതിയിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കണമെന്നാണ് അഭ്യര്‍ഥന.

പി.വി. മഹേഷ് കുമാര്‍. ജില്ലാ തിരഞ്ഞെടുപ്പ് സെല്‍, ആരോഗ്യവിഭാഗം അംഗം

ആശ്വസിക്കാന്‍ സമയമായില്ല

പത്തുമാസമായി തുടരുന്ന കൊറോണക്കാലം നമ്മളെ പുതുതായി പല കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. കാലങ്ങളായി മനസ്സില്‍ അടിയുറച്ച ശീലങ്ങളും ബോധങ്ങളും മാറ്റിയെഴുതേണ്ടിയും വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ തദ്ദേശഭരണ തിരഞ്ഞെടുപ്പ് പ്രത്യേകതയുള്ളതാണ്. കൊറോണയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ നമ്മള്‍ വിജയം നേടിയെന്ന് അവകാശപ്പെടാന്‍ സമയമായിട്ടില്ല. എപ്പോള്‍ പറ്റുമെന്നും അറിയില്ല. അത് സാധിക്കുമെന്ന് ഉറപ്പുണ്ട്. അതുവരെയും ആരും ജാഗ്രത കൈവിടരുത്.

രാഗേഷ് തീര്‍ഥംകര. ജൂനി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നീലേശ്വരം താലൂക്കാസ്പത്രി

കോവിഡിനോടുള്ള പോരാട്ടം തീര്‍ന്നില്ല

ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന തിരഞ്ഞെടുപ്പ് കാലമല്ല ഇത്. കോവിഡെന്ന മഹാമാരി നമുക്ക് ചുറ്റുമുണ്ടെന്ന കാര്യം മറന്നുപോകരുത്. ഈ കാലയളവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റെടുത്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പൂര്‍ണമാകണമെങ്കില്‍ ഓരോ മനുഷ്യരും നാടിനൊപ്പം നില്‍ക്കണം. തിരഞ്ഞെടുപ്പില്‍ നമ്മുടെ ഇഷ്ട സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിനൊപ്പം കോവിഡില്‍നിന്ന് നാടിനെയും മുക്തമാക്കണം.

പി. പ്രേമലത, ആശാ വര്‍ക്കര്‍. കരിന്തളം കുടുംബാരോഗ്യകേന്ദ്രം

സ്ഥാനാര്‍ഥികള്‍ എസ്.എം.എസ്. പാലിക്കണം

തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും കോവിഡ് പകരാതിരിക്കുന്നതിന് എസ്.എം.എസ്. പാലിക്കണം. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം ഇതാണ് എസ്.എം.എസ്. ഇവ കൃത്യമായി പാലിച്ചാല്‍ തന്നെ കോവിഡിനെ നമുക്ക് തടുത്തുനിര്‍ത്താന്‍ സാധിക്കും. കുമ്പള ഹെല്‍ത്ത് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ കോവിഡ് വ്യാപനം ഏറിയ ഭാഗവും തടയാന്‍ സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനുശേഷം കോവിഡിന്റെ രണ്ടാം വരവിന് ഇടവരുത്തിയാല്‍ അത് പിടിച്ചുനിര്‍ത്താന്‍ സാധിച്ചെന്നുവരില്ല. എല്ലാവരും കോവിഡിനെ തടയാന്‍ പൊരുതണം.

ബി. അഷറഫ്. ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, കുമ്പള

ഇത് നിര്‍ണായക സമയം

ഇതുവരെയില്ലാത്ത പ്രതിസന്ധിക്കിടയിലാണ് ഒരു തിരഞ്ഞെടുപ്പുകാലം കൂടി കടന്നുവരുന്നത്. നമ്മെ നയിക്കേണ്ടവര്‍ ആരെന്ന് തീരുമാനിക്കാനുള്ള അവകാശത്തിനൊപ്പം കോവിഡെന്ന മഹാമാരിയെ അകറ്റിനിര്‍ത്താനും നമ്മള്‍ ബാധ്യസ്ഥരാണ്. ആരോഗ്യപ്രവര്‍ത്തകരുടെ പരിശ്രമത്തിനൊപ്പം നാടിന്റെ കരുതലും പ്രധാനമാണ്.

രമ്യ സുജിത്ത്. ആരോഗ്യമിത്ര, ജില്ലാ ഗവ. ആസ്പത്രി, കാഞ്ഞങ്ങാട്‌.