കാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കിത് ദുരിതകാലമാണ്. മഴകാത്തുകഴിയുന്ന വേഴാമ്പലിനെ പോലെ ശമ്പളം കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവര്‍. ജില്ലയില്‍ 69 അധ്യാപകരാണ് ശമ്പളം കാത്ത് കഴിയുന്നത്. പരിമിതമായ അടിസ്ഥാനസൗകര്യങ്ങളില്‍ മൃഗങ്ങളെയും പേടിക്കണം. 

കാലപ്പഴക്കം കാരണം പൊളിഞ്ഞുവീഴാറായ കെട്ടിടം, സ്ഥിരതയില്ലാത്ത ജോലി, റോഡ് സൗകര്യം പോലുമില്ലാതെ കിലോമീറ്ററുകളോളമുള്ള യാത്ര തുടങ്ങി നിരവധി പ്രയാസങ്ങള്‍ സഹിച്ചാണിവരുടെ ജോലി. വനമേഖലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലെയും കുട്ടികള്‍ക്ക് അടിസ്ഥാനവിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1996-ല്‍ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ഇത്തരം വിദ്യാലയങ്ങള്‍. ഒരു സ്‌കൂളിലെ പ്രഥമാധ്യാപകന്‍ മുതല്‍ പ്യൂണ്‍ വരെയുള്ളവര്‍ ചെയ്യുന്ന പണി ഒറ്റയ്ക്ക് ചെയ്യണം. 

ജോലികളേറെ, ശമ്പളമില്ല

കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കൂളിപ്പാറ ഏകാധ്യാപക വിദ്യാലയത്തില്‍ 2003 മുതല്‍ അധ്യാപികയാണ്. 42 കുട്ടികള്‍ വരെ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ അഞ്ചുകുട്ടികള്‍ മാത്രമാണുള്ളത്. കൂളിപ്പാറ-നെല്ലിയറ കോളനികളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്‌കൂളിലെ സൗകര്യങ്ങള്‍ കുറഞ്ഞതും എത്താനുള്ള പ്രയാസവുമാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു കാരണം. ഒരു സ്‌കൂളിലെ പ്രഥമാധ്യാപകന്‍ മുതല്‍ പ്യൂണ്‍വരെയുള്ള ജോലികള്‍ ഒറ്റയ്ക്ക് ചെയ്യണം. എന്നിട്ടും ശമ്പളം കൃത്യമായിട്ടില്ല. സ്ഥിരപ്പെടുത്താത് കാരണം മറ്റു ആനുകൂല്യങ്ങളുമില്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു. കെട്ടിടം ടൈല്‍സ് പാകിയിട്ടുണ്ടെങ്കിലും വൈദ്യുതിയും കുടിവെള്ളവുമില്ല. ബസ് ഇറങ്ങിയശേഷം 45 മിനിട്ട് നടന്നുവേണം സ്‌കൂളിലെത്താന്‍.

ജയശ്രീ കരിമ്പില്‍ (അധ്യാപിക, കൂളിപ്പാറ ഏകാധ്യാപക വിദ്യാലയം)

കൂലിപ്പണിയാണ് ആശ്രയം

ശമ്പളമില്ലാത്തതുകാരണം അവധിദിവസങ്ങളില്‍ കൂലിപ്പണിക്ക് പോയാണ് ജീവിതച്ചെലവ് നടത്തുന്നത്. ശമ്പളക്കുടിശ്ശികയെ കുറിച്ച് അധികാരികളോട് ചോദിക്കുമ്പോള്‍ പലകാരണങ്ങളാണ് പറയുന്നത്. ജോലി സ്ഥിരത ആവശ്യപ്പെട്ട് മുന്‍പ് നടത്തിയ സമരത്തെ തുടര്‍ന്ന് പരിഗണിക്കാമെന്ന് സര്‍ക്കാരും സംഘടനയും ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, ഇതുവരെ ഒരു തീരുമാനമായിട്ടില്ല. ഒറ്റപ്പെട്ട വനമേഖലകളില്‍ ജീവന്‍ പണയംവെച്ചാണ് പണിയെടുക്കുന്നത്. ജില്ലയുടെ അതിര്‍ത്തിഗ്രാമമായ സുള്ള്യക്ക് സമീപത്താണ് സ്‌കൂള്‍. യാത്രാസൗകര്യങ്ങള്‍ പരിമിതമാണെങ്കിലും 18 വര്‍ഷമായി അവിടേക്ക് പോയിവരുന്നതോണ്ട് അത് ശീലമായി. മഴക്കാലത്ത് ആനകള്‍വരെ സ്‌കൂള്‍ മുറ്റത്തേക്ക് എത്താറുണ്ട്. അതിനുള്ള പ്രത്യേക പരിഗണന ആവശ്യമല്ല പറയുന്നത്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ മാത്രമാണ് അധികാരികളോട് ചോദിക്കുന്നത്.

എം.കെ.ഭാസ്‌കരന്‍ (അധ്യാപകന്‍, കമ്മാടി ഏകാധ്യാപക വിദ്യാലയം)

ജീവിതം ഹോമിച്ചിട്ടും അവഗണന

57 വയസ്സായി. പെന്‍ഷന്‍ പ്രായത്തോട് അടുത്തു. പിന്നാക്ക മേഖലയിലുള്ള കുട്ടികളെ പഠിപ്പിക്കാനും മറ്റുമായി 23 വര്‍ഷം ജീവിതം ഹോമിച്ചു. സന്തോഷത്തോടെ തന്നെയാണ് ഈ ജോലി സ്വീകരിച്ചതും ഇതുവരെ ചെയ്തതും. എന്നാലിപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഒരു സങ്കടം. കൃത്യമായ ശമ്പളമില്ല. ജോലി സ്ഥിരപ്പെടുത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. പൊതുവിദ്യാലയങ്ങളില്‍ സൗകര്യം വര്‍ധിച്ചതോടെ കുട്ടികളെല്ലാം അങ്ങോട്ടുപോയത് ജോലി നഷ്ടപ്പെടുത്തുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. കാട്ടിലെ മൃഗങ്ങളോട് മല്ലിട്ടും കിലോമീറ്ററുകള്‍ നടന്നുമാണ് സ്‌കൂളില്‍ എത്തുന്നത്. പാവപ്പെട്ട കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചതിന്റെ പുണ്യം മാത്രം പോരല്ലോ ജീവിതം മുന്നോട്ടുപോവാന്‍. നമ്മള്‍ക്കും ഒരു കുടുംബമില്ലേ.

കെ.ബി.മുരളീധരന്‍ (അധ്യാപകന്‍, പാലച്ചുരംതട്ട് ഏകാധ്യാപക വിദ്യാലയം)