പെരിയ: കാസര്‍കോട് ഇരട്ട കൊലപാതകം നടന്ന പുല്ലൂര്‍ പെരിയ പഞ്ചായത്ത് യു.ഡി.എഫ് വീണ്ടും പിടിച്ചെടുത്തു. കഴിഞ്ഞ തവണ എല്‍.ഡി.എഫിനൊപ്പം നിന്ന ഈ പഞ്ചായത്ത് കല്ല്യോട്ടെ ഇരട്ടകൊലപാതകത്തിന് ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. കല്ല്യോട്ട് ഉള്‍പ്പെടുന്ന വാര്‍ഡിലും യു.ഡി.എഫാണ് വിജയിച്ചത്.
പെരിയ കൊലപാതകം സി.ബി.ഐയ്ക്ക് വിടണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജില്ലയില്‍ വീണ്ടും ഇരട്ടകൊലപാതകം പ്രചാരണ വിഷയമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഒമ്പത് സീറ്റുകളില്‍ യു.ഡി.എഫ് വിജയം. ഏഴ് സീറ്റുകളിലാണ് എല്‍.ഡി.എഫ് വിജയം നേടിയത്.
17 സീറ്റുകളില്‍ ഒന്‍പത് സീറ്റ് നേടിയാണ് യു.ഡി.എഫ്. പഞ്ചായത്തില്‍ വിജയമുറപ്പിച്ചത്. കഴിഞ്ഞ തവണ നാല് സീറ്റ് ഉണ്ടായിരുന്നതില്‍ നിന്ന് അഞ്ച് സീറ്റ് അധികം നേടിയാണ് യു.ഡി.എഫ്. വിജയം. എല്‍.ഡി.എഫ്.-ഏഴ്, ബി.ജെ.പി.-ഒന്ന്. എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില.
കൊലചെയ്യപ്പെട്ട ശരത്ലാല്‍, കൃപേഷ് എന്നിവരുടെ വാര്‍ഡായ കല്യോട്ട് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ്. തിരിച്ചുപിടിച്ചു. ഇത് കൂടാതെ കൂടാനം, കൊടവലം എന്നീ വാര്‍ഡുകളിലും യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചു. 2010-ല്‍ യു.ഡി.എഫ്. വിജയിച്ച പഞ്ചായത്ത് 2015-ലാണ് എല്‍.ഡി.എഫ്. തിരിച്ച് പിടിച്ചത്.