കാസര്‍കോട്: ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സ്ഥാനാര്‍ഥികളുടെ പട്ടിക പതിക്കുന്നതിനായി ബ്ലോക്ക്/നഗരസഭാ വരണാധികാരികള്‍ക്ക് കൈമാറി.

കളക്ടറേറ്റിലെ വെയര്‍ഹൗസില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെമുതല്‍ ഇ.വി.എം. വിതരണം ചെയ്തത്. ആറ് ബ്ലോക്കുകളിലേക്കായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 1547 കണ്‍ട്രോള്‍ യൂണിറ്റുകളും 4641 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്.

മൂന്ന് നഗരസഭകളിലേക്കായി റിസര്‍വ് ഉള്‍പ്പെടെ 143 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. ജില്ലയില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 664 വാര്‍ഡുകളില്‍ 1287 പോളിങ് ബൂത്തുകളുണ്ട്. നഗരസഭകളില്‍ 113 വാര്‍ഡുകളിലായി 122 പോളിങ് ബൂത്തുകളുമാണുള്ളത്.

തൊഴിലാളികള്‍ക്ക് വേതനത്തോടെ അവധി

ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന 14-ന് സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കാന്‍ ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കി.

അവധി അനുവദിക്കുന്നത് തൊഴിലാളി ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് നഷ്ടമുണ്ടാകാന്‍ ഇടയുണ്ടെങ്കില്‍ അവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണം. സ്വന്തം ജില്ലയ്ക്ക് പുറത്ത് തൊഴിലിലേര്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും അറിയിച്ചു.

Content Highlights: Kerala Local body Election 2020, Ksaragod Local Body Election 2020