കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഭരണം തിരിച്ചുപിടിച്ച് സംസ്ഥാനത്താകെയുണ്ടായ ഇടത് തരംഗത്തിന്റെ ഭാഗമാകുകയാണ് കേരളത്തിന്റെ അതിര്‍ത്തി സംസ്ഥാനമായ കാസര്‍കോടും. 2015-ല്‍ എട്ട് സീറ്റില്‍ യു.ഡി.എഫും, ഏഴ് സീറ്റല്‍ എല്‍.ഡി.എഫും രണ്ട് സീറ്റില്‍ ബി.ജെ.പിയുമായിരുന്നു വിജയിച്ചിരുന്നത്. എന്നാല്‍, ഇത്തവണ എട്ട് സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫ് ഏഴ് സീറ്റിലേക്ക് ചുരുങ്ങുകയും ബി.ജെ.പി രണ്ട് സീറ്റ് നിലനിര്‍ത്തുകയുമാണ് ചെയ്തത്. കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ചെങ്കള ഡിവിഷനില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ അട്ടിമറി വിജയത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഇടത്തേക്ക് ചാഞ്ഞത്. 

2015-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച പുത്തിഗെ, എടനീര്‍ എന്നീ ഡിവിഷനുകള്‍ ഇത്തവണയും ബി.ജെ.പിക്കൊപ്പം നിന്നു. എന്നാല്‍, 2015-ല്‍ എല്‍.ഡി.എഫിനൊപ്പം നിന്ന ദേലംപാടി ഇത്തവണ യു.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ 2015-ല്‍ യു.ഡി.എഫ് വിജയിച്ച പിലിക്കോട് ഡിവിഷന്‍ ഇത്തവണ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ബേഡകം, കള്ളാര്‍, കരിന്തളം, ചെറുവത്തൂര്‍, മടിക്കൈ, പെരിയ തുടങ്ങിയ ഡിവിഷനുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് വിജയിച്ചവയായിരുന്നു. വോര്‍ക്കാടി, ചിറ്റാരിക്കല്‍, ഉദുമ, സിവില്‍ സ്‌റ്റേഷന്‍, കുംബള, മഞ്ചേശ്വരം എന്നീ ഡിവിഷനുകള്‍ യു.ഡി.എഫ് നിലനിര്‍ത്തുകയായിരുന്നു.

2015-ലെ തിരഞ്ഞെടുപ്പില്‍ തന്നെ നഗരസഭകളില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ എല്‍.ഡി.എഫിന് സാധിച്ചിരുന്നു. ജില്ലയിലെ മൂന്ന് നഗരസഭകളില്‍ രണ്ടെണ്ണം ഇടതുപക്ഷത്തിനൊപ്പവും ഒരെണ്ണം യു.ഡി.എഫിനൊപ്പവുമാണ്. ഈ വര്‍ഷവും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ കാസര്‍കോട് യു.ഡി.എഫ് നിലനിര്‍ത്തുകയായിരുന്നു. 2015-ലേതിന് സമാനമായി കാഞ്ഞങ്ങാട് നഗരസഭയില്‍ അഞ്ച് സീറ്റാണ് ബി.ജെ.പി സ്വന്തമാക്കിയത്. 2015-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ച എ.സി. നഗര്‍ ഡിവിഷനില്‍ ഇത്തവണ ബി.ജെ.പി പിടിച്ചെടുത്തപ്പോള്‍, 2015-ല്‍ ബി.ജെ.പിക്കൊപ്പം നിന്ന അരയി കാര്‍ത്തിക ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.

നീലേശ്വരം നഗരസഭയില്‍ എല്‍.ഡി.എഫ് നിലമെച്ചപ്പെടുത്തിയപ്പോള്‍ യു.ഡി.എഫിന് കൈവശമുണ്ടായിരുന്ന ഏതാനും സീറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 2015-ല്‍ 13 ഡിവിഷനില്‍ യു.ഡി.എഫ് വിജയിച്ചെങ്കില്‍ ഇത്തവണ അത് ഒമ്പതിലേക്ക് ചുരുങ്ങുകയായിരുന്നു. എല്‍.ഡി.എഫ് 20 ഡിവിഷനുകളില്‍ വിജയിച്ചിട്ടുണ്ട്. 2015-ല്‍ ഇത് 19 ആയിരുന്നു. മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ വിജയം നേടിയിട്ടുണ്ട്. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ 21 സീറ്റില്‍ യു.ഡി.എഫും 14 സീറ്റില്‍ എന്‍.ഡി.എയും വിജയിച്ചപ്പോള്‍ എല്‍.ഡി.എഫ് ഒരു സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളും ഇവിടെ വിജയിച്ചിട്ടുണ്ട്. 

2015-ല്‍ സ്വന്തമാക്കിയ ബ്ലോക്ക് പഞ്ചായത്തുകള്‍ ഇരുപാര്‍ട്ടികളും അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്. ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാല് എണ്ണത്തില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ യു.ഡി.എഫ് രണ്ടെണ്ണം നിലനിര്‍ത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഒമ്പത് ഡിവിഷനുകളിലും യു.ഡി.എഫ് മൂന്ന് ഡിവിഷനുകളിലും വിജയിച്ചിട്ടുണ്ട്. അതേസമയം, അജാനൂര്‍ ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് വിജയിച്ചിരിക്കുന്നത്. ഇത്തവണയും ബി.ജെ.പിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ 2015 തിരഞ്ഞെടുപ്പിന്റെ നേരാവര്‍ത്തനമാണ് ഇത്തവണയും ഉണ്ടായിട്ടുള്ളത്. ഏഴ് ഡിവിഷനുകളില്‍ എല്‍.ഡി.എഫും മൂന്ന് വീതം ഡിവിഷനുകളില്‍ ബി.ജെ.പിയുമാണ് വിജയിച്ചിട്ടുള്ളത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഇത്തവണയും എല്‍.ഡി.എഫിന് സാന്നിധ്യമറിയിക്കാന്‍ സാധിച്ചിട്ടില്ല. 15 ഡിവിഷനുകളില്‍ 11 ഇടത്ത് യു.ഡി.എഫും 4 ഇടത്ത് ബി.ജെ.പിയുമാണ് വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച ഉളിയത്തടുക്ക ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പം നിന്ന പെര്‍ഡള ഇത്തവണ ബി.ജെ.പിയും പിടിച്ചെടുത്തിട്ടുണ്ട്. 

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫ് മേല്‍കൈ തകര്‍ത്ത് ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്തു. 2015-ല്‍ യു.ഡി.എഫ് ഒമ്പത് സീറ്റുകളിലും ബി.ജെ.പി നാല് സീറ്റുകളിലും എല്‍.ഡി.എഫ് രണ്ട് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. എന്നാല്‍, ഇത്തവണ യു.ഡി.എഫും ബി.ജെ.പിയും ആറ് സീറ്റുകളിലും എല്‍.ഡി.എഫ് രണ്ട് സീറ്റുകളിലും ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് വിജയിച്ച പെരുമുഡെ ഡിവിഷനും കോണ്‍ഗ്രസ് വിജയിച്ച മഞ്ചീര്‍പല ഡിവിഷനും എന്‍.ഡി.എ പിടിച്ചെടുത്തു. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമായിരുന്ന വോര്‍ക്കാടി ഡിവിഷനില്‍ ഇത്തവണ എല്‍.ഡി.എഫാണ് വിജയം നേടിയത്. 

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് എട്ട് സീറ്റ് സ്വന്തമാക്കിയപ്പോള്‍ അഞ്ച് സീറ്റ് യു.ഡി.എഫിനൊപ്പം നിന്നു. 2015-ല്‍ എല്‍.ഡി.എഫ് വിജയിച്ച് ചെറുവത്തൂര്‍ ഇത്തവണ യു.ഡി.എഫിനൊപ്പം ചേര്‍ന്നു. അതേസമയം, യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന വലിയപറമ്പ ഇത്തവണ ഇടത്തേക്ക് മാറുകയായിരുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്തിലും എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയിട്ടുണ്ട്. എട്ട് ഡിവിഷനുകളില്‍ ആധിപത്യം ഉറപ്പിച്ചാണ് ഒരിക്കല്‍ കൂടി ഇടതുപക്ഷം ഭരണം ഉറപ്പിച്ചിരിക്കുന്നത്. ആറ് സീറ്റുകളിലാണ് യു.ഡി.എഫ് വിജയം നേടിയിരിക്കുന്നത്. പരപ്പ ബ്ലോക്കിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവുമധികം മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത് ബി.ജെ.പിയാണ്. 2015-ല്‍ രണ്ട് സീറ്റുകളില്‍ മുന്നിട്ട് നിന്നിരുന്ന ബി.ജെ.പി ഇത്തവണ ആറ് സീറ്റുകളില്‍ മുന്നിലാണ്. ബേളൂര്‍, കാറഡുക്ക, മധൂര്‍, മീഞ്ച, പൈവളിഗെ, മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളിലാണ് ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടുള്ളത്. എന്നാല്‍, ഇതില്‍ ബേളൂര്‍, മധൂര്‍ എന്നീ രണ്ട് പഞ്ചായത്തുകളില്‍ മാത്രമായിരിക്കും ബി.ജെ.പി അധികാരത്തിലെത്തുകയെന്നാണ് സൂചന. മറ്റ് നാല് പഞ്ചായത്തുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഒപ്പം കൂട്ടി എല്‍.ഡി.എഫ് അല്ലെങ്കില്‍ യു.ഡി.എഫ് മുന്നണികള്‍ അധികാരത്തിലെത്താനായിരിക്കും സാധ്യത.

യു.ഡി.എഫ് ഭരിച്ചിരുന്ന കുറ്റിക്കോല്‍, വോര്‍ക്കാടി, വലിയപ്പറമ്പ, ഉദുമ എന്നീ പഞ്ചായത്തുകള്‍ ഇത്തവണ എല്‍.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, എല്‍.ഡി.എഫിനൊപ്പം നിന്നിരുന്ന പുല്ലൂര്‍ പെരിയ, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളില്‍ യു.ഡി.എഫാണ് വിജയിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് ഭരിച്ചിരുന്ന കാറഡുക്ക, പൈവളിഗെ എന്നീ പഞ്ചായത്തുകളിലും യു.ഡി.എഫ് അധികാരത്തിലുള്ള മീഞ്ച, മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളിലുമാണ് ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി ശക്തി തെളിയിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് 15 പഞ്ചായത്തിലും യു.ഡി.എഫ് 16 പഞ്ചായത്തിലും വിജയിച്ചപ്പോള്‍ വിമത മുന്നണിയായി ഡി.ഡി.എഫ്, എല്‍.ഡി.എഫ് പിന്തുണയോടെ ഈസ്റ്റ് എളേരിയില്‍ ഭരണം ഉറപ്പിച്ചിട്ടുണ്ട്.

Content Highlights: Kerala Local Body Election 2020; Kasaragod Local Body Election, Panchayath Election Result