കാഞ്ഞങ്ങാട്: ഒരു വാര്‍ഡ് അധികം പിടിച്ച് ഇടതുമുന്നണി കാഞ്ഞങ്ങാട് നഗരസഭ നിലനിര്‍ത്തി. 23 വാര്‍ഡുകളായിരുന്നു കഴിഞ്ഞതവണ ഇടതുപക്ഷത്തിനുണ്ടായിരുന്നത്. അത് ഇക്കുറി 24 ആയി. കൈവശമുണ്ടായിരുന്ന മൂന്നുവാര്‍ഡുകള്‍ നഷ്ടപ്പെട്ടപ്പോള്‍ എല്‍.ഡി.എഫ്. നാലു വാര്‍ഡുകള്‍ പിടിച്ചെടുക്കുകയായിരുന്നു. 

ആവി, ആറങ്ങാടി, കുശാല്‍നഗര്‍ വാര്‍ഡുകളാണ് നഷ്ടപ്പെട്ടത്. ഞാണിക്കടവ്, പട്ടാക്കാല്‍, അരയി, മരയ്ക്കാപ്പ് കടപ്പുറം വാര്‍ഡുകളാണ് പിടിച്ചെടുത്തത്. 24-ല്‍ 19 ഇടത്തും വിജയിച്ചത് സി.പി.എമ്മാണ്. മൂന്നു വാര്‍ഡുകളില്‍ ഐ.എന്‍.എല്ലും. സി.പി.ഐ., ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ ഓരോ വാര്‍ഡിലും ജയിച്ചു. 19-ാം വാര്‍ഡായ കാഞ്ഞങ്ങാട് സൗത്താണ് സി.പി.ഐ.ക്ക് കിട്ടിയത്. 

അരയി വാര്‍ഡിലാണ് എല്‍.ജെ.ഡി. ജയിച്ചത്. എല്‍.ഡി.എഫിന് അധികം കിട്ടിയ ഒരു സീറ്റ് ഐ.എന്‍.എല്ലിന്റേതാണ്. കഴിഞ്ഞ ഭരണസമിതിയില്‍ ഐ.എന്‍.എല്ലിന് രണ്ടു സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫ്. കഴിഞ്ഞതവണ കിട്ടിയ 13 സീറ്റ് നില നിര്‍ത്തി. കോണ്‍ഗ്രസിന് ഒരു സീറ്റ് കുറഞ്ഞപ്പോള്‍ മുസ്ലിംലീഗിന് ഒരു വാര്‍ഡ് അധികം കിട്ടി.

ഇക്കഴിഞ്ഞ ഭരണസമിതിയുടെ ചെയര്‍മാന്‍ വി.വി.രമേശന്‍ ജയിച്ചപ്പോള്‍ ഉപാധ്യക്ഷ ഐ.എന്‍.എല്ലിലെ എല്‍.സുലൈഖയും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ മഹമൂദ് മുറിയനാവിയും തോറ്റു. ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ചെയര്‍പേഴ്സന്‍ സ്ഥാനാര്‍ഥി കെ.വി.സുജാത, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എം.ബല്‍രാജ് എന്നിവരും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.

Content Highlights: Kerala Local Body Election 2020, Kasaragod Local Body Election 2020