കാസര്‍കോട്: എല്ലാവരെയും ചിരിച്ചുകൊണ്ട് എതിരേറ്റ് വാക്കുകളില്‍ ചിരി ചാലിച്ച് കൂപ്പുകൈകളോടെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. ബി.ജെ.പി.ക്കായി ജില്ലയിലെത്തിയ പ്രധാന നേതാവ് ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും ഒരുപോലെ ആക്രമിച്ചാണ് പരിപാടികളില്‍ സംസാരിച്ചത്. 

മംഗളൂരു വിമാനത്താവളം വഴിയെത്തിയ മന്ത്രിയുടെ ആദ്യ പരിപാടി കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് പത്രസമ്മേളനം. സര്‍ക്കാറിനും ഇടതുപക്ഷത്തിനും കടുത്ത വിമര്‍ശനം. കോണ്‍ഗ്രസ് അപ്രസക്തമാകുന്നു ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് ലീഗെന്ന തരത്തിലുള്ള കടുത്ത വിമര്‍ശനങ്ങള്‍ വലതുപക്ഷത്തിനും.

പക്ഷേ നേരിട്ട ചോദ്യങ്ങളെ മുള്ളിനും ഇലയ്ക്കും കേടില്ലാത്ത തരത്തില്‍ പ്രതികരിച്ച് മന്ത്രി അരമണിക്കൂറോളം നീണ്ട പത്രസമ്മേളനം അവസാനിപ്പിച്ചു. പാര്‍ട്ടി ഓഫീസില്‍ കാത്തുനിന്ന പ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോയെടുത്ത് 1.35 ഓടെ ദേലംപാടി മല്ലംപറായിലെ കുടുംബസംഗമത്തിലേക്ക്. ഇതിനിടയില്‍ അല്‍പസമയം ഇടനീരില്‍ പുതുതായി സ്ഥാനമേറ്റ മഠാധിപതിയെ സന്ദര്‍ശിക്കല്‍. ഓരോ വഴി വിശദീകരിച്ച് പ്രസിഡന്റ് കെ.ശ്രീകാന്ത് വഴികാട്ടിയായി.

മല്ലംപാറയില്‍ പരിപാടി ആരംഭിക്കുമ്പോഴേക്കും സമയം 3.30 കഴിഞ്ഞിരുന്നു. ഹസ്തദാനത്തിന് ബ്രേക്കിട്ട് കൂപ്പുകൈയിലൊതുക്കി സ്‌നേഹപ്രകടനങ്ങള്‍. സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തി ഷാള്‍ പരസ്പരം കൈമാറിയുള്ള അഭിവാദ്യങ്ങള്‍. വരുന്ന വഴിയിലെ തകര്‍ന്ന റോഡ് ചൂണ്ടിക്കാട്ടി പ്രാദേശിക വിഷയത്തിലൂന്നിയ പ്രസംഗം. 

ഇതുവരെ ഭരിച്ച ഇടത് വലത് മുന്നണികള്‍ ഒന്നും ചെയ്തില്ലെന്നും കേന്ദ്രപദ്ധതികള്‍ കൊണ്ടുവരാന്‍ വാര്‍ഡിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലേക്കും ബി.ജെ.പി.ക്ക് വോട്ട് ചെയ്യണമെന്നുള്ള അഭ്യര്‍ഥനയോടെ മല്ലംപാറയില്‍ പരിപാടി അവസാനിപ്പിച്ചു. ശേഷം ബളവന്തടുക്കയിലേക്ക് തിരിക്കുമ്പോള്‍ സമയം 4.30.

ആദ്യ പരിപാടികള്‍ വൈകിയതോടെ ബളവന്തടുക്കയിലും സമയം വൈകി. ഇവിടെ പുതുതായി പാര്‍ട്ടിയിലെക്കെത്തിയവരെ സ്വീകരിക്കുന്ന ചടങ്ങ്. വാക്കുകള്‍ ചുരുക്കി അടുത്ത പരിപാടിയായ ബദിയടുക്കയിലെ കുടുംബ സംഗമത്തില്‍. ഇവിടെനിന്ന് പൈവെളിഗെയിലും കുടുംബ സംഗമത്തില്‍ സംബന്ധിച്ചാണ് വി. മുരളീധന്‍ കാഞ്ഞങ്ങാട്ടെത്തിയത്.

പൈവെളിഗെയിലെ പരിപാടി അവസാനിക്കുമ്പോള്‍ തന്നെ ഇരുട്ട് പരന്നിരുന്നു. വൈകിയും കാത്തിരുന്ന പ്രവര്‍ത്തകരെ അഭിവാദ്യംചെയ്ത് കാഞ്ഞങ്ങാട്ടേക്ക്. അവിടെ സ്ഥാനാര്‍ഥി സംഗമത്തില്‍ ബി.ജെ.പി. യെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയ പ്രസംഗം. സ്ഥാനാര്‍ഥികള്‍ക്കൊത്ത് ഫോട്ടോയെടുത്ത് പിരിയുമ്പോള്‍ സമയം വീണ്ടും ഇരുട്ടിയിരുന്നു.

Content Highlights: Kerala Local Body Election 2020, Kasaragod Local Body Election 2020