മധൂര്‍: പതിനെട്ട് വര്‍ഷമായി തരിശിട്ടിരുന്ന ഭൂമിയില്‍ നെല്‍ക്കൃഷിയുമായി ഇതാ ഒരു സ്ഥാനാര്‍ഥി. മധൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡായ അറംതോടില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അശോക മധൂരാണ് ഒരേക്കര്‍ വരുന്ന സ്വന്തം കൃഷിസ്ഥലത്തും ഒന്‍പതേക്കറോളം പാട്ടത്തിനെടുത്തും കൃഷിചെയ്യുന്നത്. 

കാസര്‍കോട് സര്‍വീസ് കോ.ഓപ്പറേറ്റീവ് ബാങ്ക് തായലങ്ങാടി ശാഖയിലെ മനേജരായ ഇദ്ദേഹം രാവിലെയും വൈകുന്നേരവും കിട്ടുന്ന ഒഴിവുസമയമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഉമ നെല്‍വിത്താണ് കൃഷിക്കായി ഉപയോഗിച്ചിട്ടുള്ളത്.

ഏറെക്കാലം തരിശിട്ടതിനാല്‍ വയലില്‍ കാട്ടുമരങ്ങള്‍ വളര്‍ന്നിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മരങ്ങള്‍ പിഴുതെടുത്ത്, തകര്‍ന്നുപോയ വരമ്പുകളൊക്കെ വാരി പിടിപ്പിച്ചാണ് നിലമൊരുക്കിയത്. ആദ്യകാലത്ത് മൂന്നു വിളകളെടുത്തിരുന്നു മധൂര്‍ വയലില്‍. 

പിന്നിട് വയലില്‍ നടുവിലൂടെ റോഡ് വന്നപ്പോള്‍ വെള്ളം കെട്ടിനിന്ന് മൂന്നു വിളയെടുക്കാന്‍ കഴിയാതെ വന്നു. ക്രമേണ കൃഷിയില്‍ നിന്ന് കുറെയാളുകള്‍ പിന്മാറി. ഇങ്ങനെ പിന്മാറിയ കൃഷിയിടങ്ങളിലാണ് പുതുതായി നെല്‍വിത്തുകളെറിഞ്ഞത്. സഹായിയായി പ്രദേശത്തെ ചന്ദ്രശേഖരഗട്ടിയുമുണ്ട്. വീട്ടുവളപ്പില്‍ പച്ചക്കറിക്കൃഷിയും പരീക്ഷിക്കാറുണ്ട്.

മുമ്പ് വിദ്യാനഗറില്‍ ജോലിചെയ്യുമ്പോള്‍ ബാങ്ക് കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ വെണ്ടക്കൃഷി ചെയ്തിരുന്നു. മധൂര്‍ കാര്‍ഷികക്ഷേമ സഹകരണ സംഘം ഭാരവാഹി, രാമണ്ണ റൈ സ്മാരക വായനശാല, മധൂര്‍ ക്ഷീരസഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 

ആശാലതയാണ് ഭാര്യ, സുള്ള്യയില്‍ മുമ്പ് ലക്ചററായി സേവനമനുഷ്ഠിച്ചിരുന്നു. ആകാംശ്, അപേക്ഷ എന്നിവര്‍ മക്കള്‍. നാലാം വാര്‍ഡ് അറംതോടില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒരുവട്ടം പൂര്‍ത്തിയായി. എന്‍.ഡി.എ.യിലെ സുജ്‌നാ നിഷാന്‍ ബോഗും യു.ഡി.എഫിലെ ഹനീഫയുമാണ് പ്രധാന എതിരാളികള്‍.

Content Highlights: Kerala Local Body Election 2020, Kasaragod Local Body Election 2020