കാഞ്ഞങ്ങാട്: സ്‌കൂളിലെ പാഠവും പാടവും മാറിപ്പോകുന്ന ഒരു കാലവും കടന്നാണ് ബാലകൃഷ്ണന്‍ രാഷ്ട്രീയത്തിലെത്തിയത്. അജാനൂര്‍ ഏഴാം വാര്‍ഡ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ അന്‍പത്തിരണ്ടുകാരന്‍ പി.ബാലകൃഷ്ണന് കൃഷിയാണ് ഒന്നാം പാഠം. കുഞ്ഞുനാള്‍ മുതല്‍ അമ്മയ്ക്കും അമ്മാവനും ഇളയമ്മമാര്‍ക്കുമൊപ്പം വയലിലെ ചേറിലിറങ്ങിയത് മുതല്‍ തുടങ്ങിയതാണ് ബാലകൃഷ്ണന്റെ കൃഷിജീവിതം. 

കുടുംബസ്വത്തായ വയലുകളില്‍ കൃഷിയൊഴിഞ്ഞ നേരമുണ്ടാകില്ല. മഴക്കാലത്ത് നെല്‍കൃഷിയാണെങ്കില്‍ വേനലില്‍ പച്ചക്കറികൃഷിയും നേന്ത്രവാഴ കൃഷിയും. സ്‌കൂള്‍ പഠനകാലം മുതല്‍ വയലില്‍ കാളപൂട്ടിയും വിത്തുവിതച്ചും ഞാറുനട്ടും കളപറിച്ചും കതിര്കൊയ്തും കറ്റമെതിച്ചും കൈക്കോട്ട് പണിക്കാരനായും പച്ചക്കറികള്‍ക്ക് വെള്ളംനനച്ചും പണിക്കാരിലൊരാളായി ബാലകൃഷ്ണനെ നാട്ടുകാര്‍ കാണുന്നുണ്ട്.

ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമയില്‍ മികച്ച വിജയം നേടിയശേഷം ചുരുക്കകാലം ജോലിയുമായി നാട്ടില്‍നിന്ന് മാറിനിന്നപ്പോള്‍ മാത്രമാണ് കൃഷി ഒഴിഞ്ഞത്. നെല്‍വയലുകള്‍ തരിശിടുന്നതിനെക്കുറിച്ച് സമൂഹം ഗൗരവമായി ചര്‍ച്ചചെയ്യുന്ന കാലത്തും ബാലകൃഷ്ണന്റെ കുടുംബവയലുകളില്‍ ഇന്നും നെല്‍ക്കതിരണിഞ്ഞു നില്‍ക്കുന്നത് തന്നെ മണ്ണിനെ സ്‌നേഹിക്കുന്ന ഉത്തമ കര്‍ഷകകുടുംബത്തിന്റ നേര്‍ക്കാഴ്ചയാണ്. 

വലിയ ഒരു ശിഷ്യസമ്പത്തിന് ഉടമയായ മുന്‍ അധ്യാപകന്‍ എല്‍.ഡി.എഫിലെ കെ.കൃഷ്ണനും എന്‍.ഡി.എ.യിലെ ഹരിഹരനുമാണ് ബാലകൃഷ്ണന്റെ എതിര്‍ സ്ഥാനാര്‍ഥികള്‍. അഞ്ചാണ്ട് മുന്‍പ് വാര്‍ഡില്‍ അട്ടിമറിവിജയം നേടിയ ബാലകൃഷ്ണന് മണ്ണ് മാത്രമല്ല തന്റെ വോട്ടര്‍മാരും തന്നെ ചതിക്കില്ല എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

Content Highlights: Kerala Local Body Election 2020, Kasaragod Local Body Election 2020