ബേഡഡുക്ക: വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള ചുവരെഴുതുന്നതിനായി സ്ഥാനാര്‍ഥികള്‍ ഗോപാലകൃഷ്ണന്റെ സഹായം തേടിത്തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടായി. എന്നാല്‍ കാലത്തിന്റെ കാവ്യനീതിയെന്നപോലെ ഇത്തവണ സ്വന്തം പേരില്‍ വോട്ടഭ്യര്‍ഥിച്ച് ചുവരെഴുതുകയാണ് ബേഡഡുക്ക പഞ്ചായത്ത് പെര്‍ളടുക്കം വാര്‍ഡിലെ സി.പി.എം. സ്ഥാനാര്‍ഥി എ. ഗോപാലകൃഷ്ണന്‍ കളവയല്‍. 

വോട്ടര്‍മാരെ നേരില്‍ കാണുന്ന തിരക്കിനിടയിലും ഇതിനായി സമയം കണ്ടെത്തുന്നു. ആദ്യകാലത്ത് നിറങ്ങളുടെ പൊടി പശയും ചേര്‍ത്തായിരുന്നു എഴുതിയിരുന്നത്. ചകിരി ബ്രഷ് ആണ് ഉപയോഗിച്ചിരുന്നത്. ചുമരില്‍ വെള്ളനിറം പൂശി ഉണങ്ങിയതിനുശേഷമാണ് എഴുത്ത്.

പന്ത്രണ്ടാം വയസ്സില്‍ ബാലസംഘത്തില്‍ ചേര്‍ന്നു. ഇപ്പോള്‍ ബാലസംഘത്തിന്റെ പരിശീലകനാണ്. സംസ്ഥാന ക്യാമ്പുകളില്‍ മുടങ്ങാതെ പങ്കെടുക്കുന്നു. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., വ്യാപാരി വ്യവസായി സമിതി എന്നിവയിലും അംഗമായിരുന്നു. 1989 മുതല്‍ ആരോഗ്യമേഖലയിലുമുണ്ട്. 

കുമ്പള സഹകരണ ആസ്പത്രി, പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു. ഇപ്പോള്‍ സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ പി.ആര്‍.ഒ. ആണ്. ഇതിനുപുറമെ പെര്‍ളടുക്കം ആശ്രയ ലൈറ്റ് ആന്‍ഡ് സൗണ്ട് നടത്തുന്നു. 

തുണിപ്പന്തല്‍ സ്ഥാപിക്കല്‍, സൗണ്ട് ഓപ്പറേറ്റര്‍ എന്നിവയും വഴങ്ങും. കൃഷിയും ഉണ്ട്. ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസിലെ എം. ശ്രീധരന്‍, ബി.ജെ.പി.യിലെ എ. പ്രമോദ് എന്നിവരാണ് എതിര്‍സ്ഥാനാര്‍ഥികള്‍.

Content Highlights: Kerala Local Body Election 2020, Kasaragod Local Body Election 2020