തൃക്കരിപ്പൂര്‍: നിരവധി കുടുംബങ്ങള്‍ക്ക് വീട് നല്‍കിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചോദിക്കുന്നു സര്‍ക്കാറിന്റെ ലൈഫ് ഭവനപദ്ധതിയിലെങ്കിലും ഒരു വീട് അനുവദിച്ചുതരുമോ? മെട്ടമ്മലിലെ വാടകവീട്ടില്‍ കഴിയുന്ന തൃക്കരിപ്പൂരിലെ മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സുരേഷ് ബാബുവിന്റെതാണ് ഈ ചോദ്യം.

രണ്ടുവര്‍ഷക്കാലത്തെ പഞ്ചായത്ത് പ്രസിഡന്റ് പദം അലങ്കരിച്ച അദ്ദേഹം ഇന്ന് രോഗത്തിന്റെയും ദുരിതത്തിന്റെയും പിടിയിലാണ്. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. പക്ഷാഘാതം വന്ന് ഒരു കൈക്കും കാലിനും സ്വാധീനം നഷ്ടപ്പെട്ടു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം ഒരാളുടെ സഹായത്തോടെ നടക്കാമെന്ന അവസ്ഥയിലെത്തി.

രോഗങ്ങള്‍ക്കിടയിലും ആരോഗ്യവകുപ്പില്‍ 13 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് ഇദ്ദേഹം. 2005-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂരിലെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിനായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സുരേഷ് ബാബുവിനെ, മുസ്ലിം ലീഗ് പ്രസിഡന്റ് പദം നല്‍കാമെന്ന ഉറപ്പില്‍ പാര്‍ട്ടി അംഗത്വം നല്‍കി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. തൃക്കരിപ്പൂര്‍ പൂവളപ്പ് വാര്‍ഡില്‍നിന്ന് വിജയിച്ച് 2005 ഒക്ടോബര്‍ ആറിനാണ് പ്രസിഡന്റായി ചുമതലയേറ്റത്. രണ്ടുവര്‍ഷം പൂര്‍ത്തിയാകുംമുമ്പ് സുരേഷ് ബാബുവിന് ആരോഗ്യവകുപ്പില്‍ നിയമനം ലഭിച്ചു. ഇതിനെത്തുടര്‍ന് 2007 ഫെബ്രുവരി പത്തിന് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ജോലിയില്‍ പ്രവേശിച്ചു. 

പ്രസിഡന്റ് പദവിയിലിരിക്കേ വന്ന കേസുകള്‍ കോടതിയിലെത്തുകയും കേസ് എതിരാവുന്ന അവസ്ഥയുമുണ്ടാവുകയും ചെയ്തു. ഇതിനിടയിലാണ് പക്ഷാഘാതം വന്ന് ശരീരം ഭാഗികമായി തളര്‍ന്നത്. രോഗക്കിടക്കയില്‍ കോടതിയില്‍ പോകാന്‍ കഴിയാതെ കേസ് വാദിക്കാനാകാതെ മാനസികമായി തകര്‍ന്നു. കിട്ടുന്ന ശമ്പളം മുഴുവന്‍ കേസിനായി െചലവഴിച്ചു. കേസുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചവര്‍ സഹായം നല്‍കാതെ പിന്‍ലിഞ്ഞു. ഒരു ഘട്ടത്തില്‍ കെട്ടുതാലി പോലും പണയം വെക്കേണ്ട അവസ്ഥയുണ്ടായി.

അവശനിലയിലും ഭാര്യ ബിന്ദുവാണ് പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് പി.എച്ച്.സി.യില്‍ വാഹനത്തില്‍ എല്ലാ ദിവസവും എത്തിച്ചത്. ജോലിസമയം മുഴുവന്‍ ബിന്ദുവും ആസ്പത്രിയില്‍നിന്നു. ഇത് പത്ത് വര്‍ഷത്തോളം നീണ്ടു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്.

ആറ് സഹോദരങ്ങളുള്ള സുരേഷ് ബാബുവിന്റെ കുടുംബത്തിന് ഏഴ് സെന്റും വീടുമാണുള്ളത്. അവിടെ സഹോദരിയാണ് കഴിയുന്നത്. മൂന്ന് മക്കളുള്ള സുരേഷ് ബാബുവും കുടുംബവും മൂന്ന് വര്‍ഷമായി വാടക വീട്ടിലാണ്. സര്‍ക്കാര്‍ സര്‍വീസിലായതിനാല്‍ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. ഇപ്പോള്‍ ലഭിക്കുന്ന 7500 രൂപ പെന്‍ഷനാണ് ഏക വരുമാനം. സര്‍വീസില്‍നിന്ന് വിരമിച്ചതിനാല്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ഇനിയെങ്കിലും ഒരു വീട് കിട്ടുമെന്ന പ്രതിക്ഷയിലാണ് സുരേഷ് ബാബു.

Content Highlights; Kerala Local Body Election 2020, Kasaragod Local Body Election 2020