തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വംപോലും ഒരംഗീകാരമാണ്. അതും നാടറിയുന്നവരെമാത്രം സ്ഥാനാര്‍ഥിയാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍. ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ട് തെക്കന്‍ ജില്ലക്കാര്‍ കാസര്‍കോട്ട് മത്സര രംഗത്തുണ്ട്. ഇടുക്കിയില്‍നിന്നും കോട്ടയത്തുനിന്നും കാസര്‍കോട്ടേക്കുള്ള ദൂരത്തോളം വ്യത്യാസമുണ്ട് രണ്ടിടത്തെയും ഭാഷയ്ക്കും സംസ്‌കാരത്തിനും. വര്‍ഷങ്ങളോളമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വ്യത്യാസം നേര്‍പ്പിച്ചെടുത്താണ് ഇരുവരും മത്സരരംഗത്തിറങ്ങിയത്.

ഇടുക്കിയില്‍നിന്നൊരു മിടുക്കി

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട്ടുനിന്ന് ആഴ്ചയിലൊരു ദിവസവും ഇടുക്കി നെടുങ്കണ്ടം പഞ്ചായത്തിലേക്ക് യാത്രചെയ്‌തൊരു പഞ്ചായത്ത് അംഗമുണ്ടായിരുന്നു. ഒമ്പതാം വാര്‍ഡ് അംഗം ലിജു അബൂബക്കര്‍. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായ ലിജുവിന്റെ ഓരോ ഇടുക്കിയാത്രയും തന്നെ ജയിപ്പിച്ച വോട്ടറുടെ കാര്യങ്ങള്‍ കേള്‍ക്കാനായിരുന്നു. 

ഇടുക്കിയില്‍ പഞ്ചായത്തംഗമായിരിക്കെ കാസര്‍കോട്ടേക്ക് കല്യാണം കഴിഞ്ഞെത്തിയ ലിജു അത്തരം യാത്രകളിലൂടെ തന്റെ കര്‍ത്തവ്യം മുടക്കമില്ലാതെ പൂര്‍ത്തിയാക്കി. ഇനി കാസര്‍കോട്ടൊരു തിരഞ്ഞെടുപ്പിനുള്ള അരങ്ങേറ്റമാണ്. പള്ളിക്കര പഞ്ചായത്ത് പൂച്ചക്കാട് വാര്‍ഡിലെ സി.പി.ഐ. സ്ഥാനാര്‍ഥിയാണ് ഇടുക്കിക്കാരിയായ ലിജു അബൂബക്കര്‍.

ആദ്യ കാസര്‍കോട് യാത്രയില്‍ നീലേശ്വരത്ത് മാത്രമാണ് സി.പി.ഐ. ഓഫീസ് കണ്ടത്. താമസിക്കുന്ന ചരല്‍ക്കടവ് ഭാഗത്ത് സി.പി.ഐ.യുടെ സാന്നിധ്യവുമില്ല. ഇടുക്കിയില്‍ ശക്തമായ പാര്‍ട്ടിയുടെ ശക്തയായ നേതാവിന് ഇത് സഹിക്കാവുന്നതിലുമപ്പുറം. ഇടുക്കിയിലെ സഖാക്കളെ വിളിച്ച് അവസ്ഥ പറഞ്ഞതോടെ ജില്ലാ ഓഫീസില്‍നിന്ന് നേരിട്ട് ആളെത്തി. അന്ന് തുടങ്ങിയതാണ് ജില്ലയില്‍ ഈ ഇടുക്കിക്കാരിയുടെ പാര്‍ട്ടി പ്രവര്‍ത്തനം. ഇതിനുള്ള അംഗീകാരവുമായി കാസര്‍കോട്ടും മത്സരിക്കാനൊരു അവസരം പാര്‍ട്ടി നല്‍കി.

15 വര്‍ഷത്തിലധികമായി ജില്ലയില്‍ സ്ഥിരതാമസമായതിനാല്‍ ഇവിടുത്തെ ഭാഷയില്‍ സംസാരിക്കാന്‍ യാതൊരു 'ബേജാറു'മില്ലെന്ന് സ്ഥാനാര്‍ഥി പറയുന്നു. നാടിനെയും നാട്ടുകാരെയും ഒരുപോലെ അറിയാം. അവരുടെ പ്രശ്നങ്ങളും. രാഷ്ട്രീയ പ്രവര്‍ത്തനവുമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കാസര്‍കോടിന്റെ ഭാഷയും സംസ്‌കാരവും രീതിയുും മനസ്സിലാക്കാന്‍ പറ്റിയെന്നും സ്ഥാനാര്‍ഥി പറയുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം പള്ളിക്കര കല്ലിങ്കാലില്‍ ഫാഷന്‍ ഡിസൈനിങ് സ്ഥാപനം നടത്തുകയാണ് ലിജു. പ്രവാസിയായ ഭര്‍ത്താവ് ഷെയ്ഖ് അബൂബക്കര്‍ രാഷ്ട്രീയത്തിലില്ലെങ്കിലും പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാറില്ലെന്ന് ലിജു പറഞ്ഞു. നിലവില്‍ യു.ഡി.എഫ്. വിജയിച്ച വാര്‍ഡില്‍ ഇത്തവണ ഹനീസ മുനീറാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. ബി.ജെ.പി.ക്കായി ഗീതയും മത്സര രംഗത്തുണ്ട്.

കോട്ട തകര്‍ക്കാന്‍ കോട്ടയംകാരി

രാഷ്ട്രീയത്തിന്റെ തട്ടകമായ കോട്ടയത്തുനിന്ന് വന്നതിനാല്‍ കുമ്പള പിടിക്കാനുള്ള രാഷ്ട്രീയ അടവുകളുണ്ടെന്നാണ് കാസര്‍കോട് ബ്ലോക്ക് കുമ്പള ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ബിന്ദു ബെന്‍ജമിന്റെ അവകാശവാദം. വര്‍ഷങ്ങായി ബി.ജെ.പി. പിടിച്ചുവെച്ച കുമ്പള ഡിവിഷന്‍ പിടിച്ചെടുക്കുകയെന്നതാണ് ഇത്തവണ ബിന്ദുവിന്റെ ലക്ഷ്യം. പത്ത് വര്‍ഷം മുമ്പ് കല്യാണംകഴിഞ്ഞ് കാസര്‍കോട്ടെത്തിയ ബിന്ദു കോട്ടയം ചിങ്ങവനം സ്വദേശിയാണ്.

കോട്ടയം മലയാളത്തില്‍നിന്ന് 'കാേസ്രാടന്‍' ഭാഷയില്‍ വോട്ട് ചോദിച്ച് മുന്നേറുകായെന്നതാണ് സ്ഥാനാര്‍ഥിക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. 10 വര്‍ഷമായതിനാല്‍ ഞാന്‍ പറയുന്നത് വോട്ടര്‍മാര്‍ക്കും വോട്ടര്‍മാരുടെ ഭാഷ തനിക്കും മനസ്സിലാകുന്നുണ്ടെന്ന് സ്ഥാനാര്‍ഥി പറയുന്നു. അവരുടെ ഭാഷ പറയാനാകില്ല. രണ്ടുപേര്‍ക്കും തമ്മില്‍ സംവദിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ പിന്നെ ഭാഷയൊരു പ്രശ്നമല്ലെന്നുറച്ചാണ് സ്ഥാനാര്‍ഥി വോട്ട് പിടിക്കാന്‍ ഇറങ്ങുന്നത്.

കോട്ടയത്തൊക്കെ യു.ഡി.എഫിനും എല്‍.ഡി.എഫിനും താഴെ മൂന്നാം കക്ഷിയായി നില്‍ക്കുന്ന ബി.ജെ.പി. ഇവിടെ ശക്തമാണെന്നതാണ് കോണ്‍ഗ്രസുകാരിയായ ബിന്ദുവിനെ അദ്ഭുതപ്പെടുത്തത്. മത്സരിക്കുന്ന ഡിവിഷനാകട്ടെ വര്‍ഷങ്ങളായി ബി.ജെ.പി. കൈയടിവെച്ചതാണ്. എന്നാലും ഇത്തവണ തിരിച്ചു പിടിക്കുമെന്നാണ് സ്ഥാനാര്‍ഥിയുടെ പ്രതീക്ഷ. 

പറയത്തക്ക രാഷ്ട്രീയ പാരമ്പര്യമില്ലെങ്കിലും കുമ്പള ജി.എസ്.ബി. സ്‌കൂളില്‍ മദര്‍ പി.ടി.എ. പ്രസിഡന്റായാണ് പൊതുരംഗത്ത് വരുന്നത്. ജില്ലയിലെ വിദ്യാഭ്യാസ രംഗത്തെ പോരായ്മകളെ പറ്റി സംസാരിച്ചിരുന്നു. തന്റെ വാക്കുകള്‍ക്ക് കിട്ടിയ അംഗീകരമായാണ് ബിന്ദു ഈ സ്ഥാനാര്‍ഥിത്വത്തെ കാണുന്നത്.

കോട്ടയത്തായിരുന്നപ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം വോട്ടഭ്യര്‍ഥനയായി നടന്നതാണ് ആദ്യ തിരഞ്ഞെടുപ്പ് പരിചയം. കുമ്പള ഭാസ്‌കര നഗര്‍ സ്വദേശിയായാണ് ബിന്ദു. എല്‍.ഡി.എഫിനായി ഡയാന ലീറ മൊന്തേറോയും എന്‍.ഡി.എ.ക്കായി പ്രേമ ഷെട്ടിയുമാണ് മത്സര രംഗത്തുള്ളത്.

Content Highlights: Kerala Local Body Election 2020, Kasaragod Local Body Election