രാജപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പത്ര ഏജന്റും. അട്ടേങ്ങാനം കുഞ്ഞികൊച്ചി സ്വദേശിയും മാതൃഭൂമി അട്ടേങ്ങാനം ഏജന്റുമായ പി.ഗോപിയാണ് കോടോം-ബേളൂര്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍നിന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. 

രാഷ്ട്രിയത്തിനപ്പുറം കഴിഞ്ഞ 12 വര്‍ഷമായി ഓരോ പ്രഭാതത്തിലും കൃത്യമായി വീടുകളിലേക്ക് പത്രമെത്തിക്കുന്ന വിതരണക്കാരനോടുള്ള വീട്ടുകാരുടെ സ്‌നേഹവും കാലങ്ങളായുള്ള പൊതുപ്രവര്‍ത്തനവും കൈമുതലാക്കി ജയിച്ചുകയറാന്‍ കഴിയുമെന്നാണ് ഗോപിയുടെ പ്രതീക്ഷ. 

ഡി.വൈ.എഫ്.ഐ.യിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ ഗോപി സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം, കര്‍ഷകസംഘം വില്ലേജ് സെക്രട്ടറി, ബേളൂര്‍ ക്ഷേത്രപാലക ക്ഷേത്രം ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. 

പ്രദേശത്തെ സാന്ത്വന ചികിത്സാരംഗത്തും സജീവമാണ് ഈ ബി.കോം. ബിരുദധാരി. യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി പി.കരുണാകരന്‍ നായരും എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.ഉണ്ണിക്കൃഷ്ണനുമാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

Content Highlights: Kerala Local Body Election 2020, Kasaragod Local Body Election