ഉദുമ: ഈ സ്ഥാനാര്‍ഥി തെങ്ങില്‍ കയറും, ഓട്ടോറിക്ഷ ഓടിക്കും, വീടുകളില്‍ പ്രസവശുശ്രഷയ്ക്കും പോകും. പോരാട്ടം ജീവിതവും കീഴടങ്ങല്‍ മരണവുമാണെന്നുറപ്പിച്ച ബിന്ദു കൃഷ്ണന്‍ തദ്ദേശ തിഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയിരിക്കുയാണ്; ഉദുമ പതിനൊന്നാം വാര്‍ഡ് മുതിയക്കാലില്‍ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി.

കഴിഞ്ഞ കുറെ നാളുകളായി തമിഴ്‌നാട്ടില്‍നിന്നുള്ള തെങ്ങുകയറ്റ തൊഴിലാളി സംഘത്തിനൊപ്പം ബിന്ദുവും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തേങ്ങപറിക്കാന്‍ പോകുന്നുണ്ട്.

ഇളയ മകന് മൂന്നുമാസം പ്രായമുള്ളപ്പോള്‍ ഭര്‍തൃവീട്ടില്‍നിന്ന് ഉദുമ നാലാംവാതുക്കല്‍ കോളനിയിലെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു ബിന്ദു. പിന്നെ ഒരു പോരാട്ടമായിരുന്നു. ആദ്യം തെങ്ങുകയറ്റം. 2012-ല്‍ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് യന്ത്രം ഉപയോഗിച്ചു തെങ്ങുകയറ്റത്തില്‍ പരിശീലനം നേടി. തിരിച്ചുവന്നപ്പോള്‍ യന്ത്രം വാങ്ങാന്‍ പണമില്ല! യന്ത്രം വാടകയ്‌ക്കെടുത്ത് ജോലി തുടര്‍ന്നു. തേങ്ങയിടാന്‍ പലരും വിളിക്കാന്‍ തുടങ്ങിയതോടെ വായ്പയെടുത്ത് ഇരുചക്ര വാഹനവും സബ്‌സിഡിയോടെ തെങ്ങുകയറ്റ യന്ത്രവും വാങ്ങി.

ഇരുചക്രവാഹനം പഠിക്കാന്‍ പൊയിനാച്ചിയിലെ ഡ്രൈവിങ് സ്‌കുളില്‍ ചേര്‍ന്ന ആദ്യ ദിവസംതന്നെ തഴക്കംവന്ന ഡ്രൈവര്‍മാരെപ്പോലെ വാഹനം ഓടിക്കാന്‍ തുടങ്ങി. ഇതു കണ്ടതോടെ സ്ഥാപനയുടമ യുവതിയെ അവിടെ പരിശീലകയാക്കി. ഉച്ചവരെ തേങ്ങപറിക്കലും ഉച്ചകഴിഞ്ഞ് സ്ത്രീകള്‍ക്ക് വാഹനപരിശീലനവും. മൂന്നുവര്‍ഷം അവിടെ തുടര്‍ന്നു. അതിനിടയില്‍ ഓട്ടോറിക്ഷയും കാറും ഓടിക്കാന്‍ ലൈസന്‍സ് നേടി. ഒരുവര്‍ഷംമുമ്പ് സ്വയംതൊഴില്‍ വായ്പയെടുത്ത് റിക്ഷവാങ്ങി ഉദുമ മൈലാട്ടി സ്റ്റാന്‍ഡിലെ റിക്ഷക്കാരിയായി.

ബാര മൈലാട്ടി കാനത്തിന്‍ തിട്ടയിലെ 'നന്ദനം നിലയം' കെട്ടി ഉയര്‍ത്താനും റിക്ഷയ്ക്കുമൊക്കെയായി എടുത്ത ബാങ്ക് വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കെ, മഹാമാരി എല്ലാം തകിടംമറിച്ചു. തോല്‍ക്കാന്‍ മനസ്സില്ലാത്ത ബിന്ദു പ്രസവശുശ്രുഷയ്ക്ക് വീടുകളില്‍ പോയി ആ പ്രതിസന്ധിയും മറികടന്നു.

നാലാംവാതുക്കല്‍ കോളനിയിലെ എന്‍. കൃഷ്ണന്റെ മകളാണ് ബിന്ദു. മക്കള്‍: രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പ്രവീണ, സ്‌കൂള്‍ വിദ്യാര്‍ഥിയായ ഷിബിന്‍ജിത്.

സി.പി.എമ്മിലെ പുഷ്പാവതിയാണ് ഇവിടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. ബി.ജെ.പി.യിലെ എം. വിനുതയും സ്വതന്ത്രയായ എം. ഉഷയും മത്സരിക്കുന്നു.

Content Highlights: Candidate Climbing Coconut Tree; Kasaragod Local Body Election 2020