ഇരിട്ടി:മുഴക്കുന്ന് പഞ്ചായത്ത് ആര് ഭരിച്ചാലും സി.കെ. കുടുംബത്തില്‍നിന്ന് ഒരാളെങ്കിലും ഭരണസമിതിയില്‍ ഉണ്ടാകും. ഭാര്യയാവാം ഭര്‍ത്താവാകാം. മുഴക്കുന്നിലെ ചന്ത്രോത്ത് കല്യാടന്‍ കുടുംബത്തിലെ മൂന്നുപേരാണ് ഗ്രാമപ്പഞ്ചായത്തിലേക്ക് ഇക്കുറി ജനവിധി തേടുന്നത്.

രണ്ടുപേര്‍ യു.ഡി.എഫ്. പാനലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുമ്പോള്‍ ഒരാള്‍ എല്‍.ഡി.എഫ്. പ്രതിനിധിയാണ്. ഇതില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഏറെ ശ്രദ്ധേയം. പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് മുഴക്കുന്ന് ഗ്രാമത്തില്‍നിന്നാണ് സഹോദരങ്ങളായ സി.കെ.ചന്ദ്രനും സി.കെ.മോഹനനും ഏറ്റുമുട്ടുന്നത്. സി.കെ.ചന്ദ്രന്‍ എല്‍.ഡി.എഫിനുവേണ്ടി സി.പി.ഐ. പ്രതിനിധിയായാണ് മത്സരിക്കുന്നത്. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റാണിത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള മണ്ണില്‍ സി.കെ.ചന്ദ്രനെ നേരിടാന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ സി.കെ.മോഹനനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. ഇരുവര്‍ക്കും തിരഞ്ഞെടുപ്പ് ഗോദയിലെ പോരാട്ടം പുത്തരിയല്ല. 2010-15 വര്‍ഷത്തില്‍ വാര്‍ഡിനെ പ്രതിനിധീകരിച്ചത് സി.കെ.ചന്ദ്രനാണ്. സി.കെ.മോഹനന്‍ തുടര്‍ച്ചയായി ആറ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ജയിച്ചില്ല. സി.കെ.മോഹനന്റെ ഭാര്യ സജിത മോഹനനാണ് പഞ്ചായത്തിലെ എട്ടാംവാര്‍ഡ് വട്ടപ്പൊയിലില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. നിലവില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പാല ഡിവിഷനില്‍നിന്ന് 1300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് അഞ്ചുവര്‍ഷത്തെ ഭരണപരിചയവുമായാണ് സജിത ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതയാണ്. എല്‍.ഡി.എഫിനും യു.ഡി.എഫിനും ബി.ജെ.പി.ക്കും നല്ല സ്വാധീനമുള്ള പഞ്ചായത്തില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്. ഭരണത്തിലെത്തിയത്.

യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രസിഡന്റ് സ്ഥാനവും സജിതയെ കാത്തിരിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തുടര്‍ച്ചയായി 10-ാം വര്‍ഷം പ്രസിഡന്റ് സ്ഥാനം കൈയാളാനുള്ള ഭാഗ്യം വട്ടപ്പൊയില്‍ വാര്‍ഡിനും കൈവരും. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിന്റെ ബാബു ജോസഫ് വട്ടപ്പൊയില്‍ വാര്‍ഡില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ടീയമായി വിയോജിപ്പുണ്ടെങ്കിലും കുടുംബപരമായി നല്ല ഐക്യത്തിലാണ് ഇവര്‍. മുഴക്കുന്ന് ഗ്രാമത്തിലെ ടി.വി.രാമന്‍ നമ്പ്യാരുടെയും സി.കെ കാര്‍ത്യായനി അമ്മയുടെയും പത്തുമക്കളില്‍ രണ്ടുപേര്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ നേര്‍ക്കുനേര്‍ പേരാടുമ്പോള്‍ ഇവരുടെ രണ്ടു സഹോദരികള്‍ക്കും രണ്ടു സഹോദരങ്ങള്‍ക്കും വോട്ട് ഇതേ വാര്‍ഡില്‍ തന്നെയാണ്. ആരെ തള്ളും ആരെ കൊള്ളും എന്ന കണ്‍ഫ്യൂഷനിലാണ് സഹോദരങ്ങളായ നാലുപേരും.