ശ്രീകണ്ഠപുരം: കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി ശ്രീകണ്ഠപുരത്ത് യു.ഡി.എഫ്. നഗരസഭയില്‍ തുടര്‍ഭരണം ഉറപ്പാക്കി. 30 വാര്‍ഡുകളില്‍ ഇത്തവണ 18 സീറ്റ് യു.ഡി.എഫ്. സ്വന്തമാക്കിയപ്പോള്‍ എല്‍.ഡി.എഫിന് 12 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞതവണ യു.ഡി.എഫ്. 14 (കോണ്‍ഗ്രസ്-13, ലീഗ്-ഒന്ന്), എല്‍.ഡി.എഫ്. 13, വിമതര്‍-03 എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ മൂന്ന് വിമതരെ കൂടെ ചേര്‍ത്താണ് യു.ഡി.എഫ്. 17 സീറ്റുമായി നഗരസഭ ഭരിച്ചത്. ഇത്തവണ യു.ഡി.എഫിന്റെ 18 സീറ്റില്‍ കോണ്‍ഗ്രസ്-15, ലീഗ്-2, യു.ഡി.എഫ്. സ്വത.-ഒന്ന് എന്നിങ്ങനെയാണ് നില. എല്‍.ഡി.എഫിന്റെ 12 സീറ്റും സി.പി.എമ്മിനാണ്. സിപി.ഐ.ക്കും കേരള കോണ്‍ഗ്രസിനും തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. കൂടുതല്‍ സീറ്റ് നേടിയ യു.ഡി.എഫ്. വിജയികളെ ആനയിച്ച് നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി.

മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് തോല്‍വി

ശ്രീകണ്ഠപുരം പഞ്ചായത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ഏരിയാ കമ്മിറ്റിയംഗവുമായ എം.സി.ഹരിദാസന് തോല്‍വി. സി.പി.എം. ഭൂരിപക്ഷമുള്ള നഗരസഭയിലെ കൈതപ്രം വാര്‍ഡില്‍നിന്നാണ് ഹരിദാസന്‍ പരാജയപ്പെട്ടത്. കെ.എസ്.യു. മുന്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വിജില്‍ മോഹനനാണ് 105 വോട്ടുകളുടെ അട്ടിമറിവിജയം നേടിയത്.

Content Highlights: Sreekandapuram Municipality Kannur Local Body Election 2020