കണ്ണൂര്‍: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍.

കണ്ണൂര്‍ ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് (ഡി.എച്ച്.ക്യു.) എസ്.ഐ. പുരുഷോത്തമന്‍ അറക്കലിനെയാണ് ജില്ലാ പോലീസ് മേധാവി ജി.എച്ച്.യതീഷ് ചന്ദ്ര സസ്‌പെന്‍ഡ് ചെയ്തത്.

കുറുമാത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍നിന്ന് മത്സരിക്കുന്ന പി.ലക്ഷ്മണന്‍ വോട്ടഭ്യര്‍ഥിച്ച് പോസ്റ്റിട്ടിരുന്നു.

ഈ പോസ്റ്റാണ് പുരുഷോത്തമന്‍ ഷെയര്‍ ചെയ്തത്. യു.ഡി.എഫ്. അനുകൂല പോസ്റ്റ് ഷെയര്‍ ചെയ്ത വളപട്ടണം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു കാമ്പ്രത്തിനെയും കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു എസ്.ഐ.യും ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടും ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചിട്ടുണ്ട്.

Content Highlights: Police SI Suspended for sharing candidate's poster