പിണറായി: ഉത്സവവും പെരുന്നാളും കൂടാന്‍ പിള്ളേര്‍ക്ക് പിശുക്കി പൈസ കൊടുക്കുന്ന പഴയ തറവാട്ടിലെ കാര്‍ന്നോരെപ്പോലെയായിരുന്നു പോളിങ് ബൂത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ അദ്ദേഹം തന്റെ വീടിന് അടുത്തുള്ള ചേരിക്കല്‍ ബേസിക് ജൂണിയര്‍ സ്‌കൂളിലെത്തി. ഒപ്പം ഭാര്യ കമലയും മക്കളായ വിവേക് കിരണും വീണാ വിജയനും.
ചെറിയ ഹാളിന്റെ വലിപ്പമുള്ള ബൂത്ത്. ഒരുഭാഗത്ത് മതിലുതീര്‍ത്ത് മാധ്യമപ്പട. മറുഭാഗത്ത് പോലീസ് പട. വരിയില്‍ വോട്ടര്‍മാര്‍. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച പിണറായി വാതില്‍ക്കല്‍നിന്നു. കണ്ണട ഊരി വിരലുകള്‍ക്കിടയില്‍ പിടിച്ചു. കീശയില്‍നിന്ന് നാല് തിരിച്ചറിയല്‍ കാര്‍ഡെടുത്തു. കുടുംബാംഗങ്ങള്‍ ചുറ്റും തിക്കിത്തിരക്കിനിന്നു.
ആദ്യകാലത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിരുന്ന, അവ്യക്ത ചിത്രങ്ങളും ചെറിയ അക്ഷരങ്ങളുമുള്ള കാര്‍ഡ്. അതില്‍ സൂക്ഷ്മമായി നോക്കി മുഖ്യമന്ത്രി ഓരാരുത്തരുടെ പേരുവിളിച്ചു. വിളികേട്ടവര്‍ കാര്‍ഡിന് കൈനീട്ടി. കൊടുക്കുംമുമ്പ് മാറിപ്പോയില്ലെന്ന് മുഖത്തേക്കും കാര്‍ഡിലേക്കും നോക്കി പിണറായി ഉറപ്പുവരുത്തി.
അതുകഴിഞ്ഞ് കീശയില്‍നിന്ന് സ്ലിപ്പെടുത്തു. അതും പേരുവിളിച്ചുകൊടുത്തു. പിന്നെ ബൂത്തിലേക്കുകയറി. അവിടെ ഫസ്റ്റ് പോളിങ് ഓഫീസര്‍ ബിന്ദു വോട്ടറുടെ പേരുവിളിച്ചു: 'പിണറായി വിജയന്‍'.
പിണറായി പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലെ ഒന്നാംബൂത്തിലെ 123-ാം വോട്ടറായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരും പിന്നിലിരുന്ന ബൂത്ത് ഏജന്റുമാരും അത് മാര്‍ക്ക് ചെയ്തു. വോട്ടുചെയ്യാന്‍ ടേബിളിലിലേക്ക് തിരഞ്ഞപ്പോഴേക്കും തള്ളിക്കയറിയ ചാനല്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. തിരക്കില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ വാച്ച് അഴിഞ്ഞ് നിലത്തുവീണു. പ്രിസൈഡിങ് ഓഫീസര്‍ ടി.പി. ശ്രീജിത്ത് അത് എടുത്തുവെച്ച് ഉറക്കെ വിളിച്ചെങ്കിലും ബഹളത്തില്‍ മുങ്ങിപ്പോയി.
വോട്ടുകഴിഞ്ഞ് ഇറങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് മടങ്ങാന്‍ തുടങ്ങുമ്പോഴാണ് ആദ്യകാല സഖാവ് പടന്നയില്‍ ഗോപാലന്‍ സഹായികള്‍ക്കൊപ്പം വോട്ടിനെത്തിയത്. പിണറായിയെപ്പോലെ വെള്ള ഷര്‍ട്ടും മുണ്ടും. ചിരിച്ച് കുശലം ചോദിച്ചു. അങ്ങോട്ട് വന്ന് കാണണമെന്ന് കരുതിയകാര്യം പറഞ്ഞു.
അപ്പോഴേക്കും തിരക്കില്‍പ്പെട്ട് ഗോപാലന്റെ ചെരിപ്പ് ഊരിപ്പോയി. അതാ ചെരിപ്പുപോയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സഹായികള്‍ അത് വീണ്ടും ഇട്ടുകൊടുക്കാന്‍ സഹായിച്ചു. അടുത്തതവണ വീണ്ടും കാണാമെന്ന് ഗോപാലന്‍ പറഞ്ഞപ്പോള്‍ സമ്മതിച്ച് മുഖ്യമന്ത്രി മടങ്ങി.