കണ്ണൂര്‍ ജില്ലയില്‍ പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ്. ഇത്തവണ മികച്ച വിജയം നേടും. കേരളം ഭരിച്ച സര്‍ക്കാരുകളില്‍ പിണറായി സര്‍ക്കാരിനെപ്പെലെ ജനങ്ങള്‍ക്കിടയില്‍ ഇത്രയധികം അവമതിപ്പ് ഉണ്ടാക്കിയ സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടില്ല. ഇടതുപക്ഷ മുഖവും നന്‍മയും നഷ്ടപ്പെട്ട ഭരണ നേതൃത്വത്തിന് കണ്‍സള്‍ട്ടന്‍സികളോടും കോര്‍പ്പറേറ്റുകളോടുമാണ് പ്രതിബദ്ധത. സി.പി.എം. നേതാക്കള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാനാവാത്ത സ്ഥിതി വന്നിരിക്കുന്നു. ഭരണനേതൃത്വത്തിലെ അഴിമതിയും ധൂര്‍ത്തും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ക്രിമിനല്‍ വാഴ്ചയാണ് കഴിഞ്ഞ നാലര കൊല്ലത്തെ അനുഭവം.

വികസന മുരടിപ്പ്, ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ നടത്തിയ ഇടപെടല്‍, സ്ത്രീ പീഡനങ്ങള്‍ തടയാന്‍ നടപടിയില്ലാത്തത്, നിയമന നിരോധനം, ബന്ധു നിയമനങ്ങള്‍, പി.എസ്.സി. റിക്രൂട്ട്‌മെന്റ് തട്ടിപ്പ് എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചര്‍ച്ചചെയ്യപ്പെടുകയാണ്. സി.പി.എം. നേതൃത്വം അഴിമതിയുടെ ചെളിക്കുണ്ടിലകപ്പെട്ടത് തിരഞ്ഞെടുപ്പ് രംഗത്ത് എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഇത്തവണ യു.ഡി.എഫ്. ഒറ്റക്കെട്ടാണ്. റിബല്‍ പ്രശ്‌നം താരതമ്യേന ഇല്ലെന്ന് തന്നെ പറയാം. എല്‍.ഡി.എഫിന്റെ വികസന വായ്താരി വോട്ടര്‍മാര്‍ പരിഹസിച്ചുതള്ളും. നാല് വര്‍ഷം കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ചിട്ട് പ്രഖ്യാപനങ്ങള്‍ അല്ലാതെ ഒരു വികസനവും ഉണ്ടായില്ല. കൊറോണ വിഷയത്തില്‍ രാഷ്ട്രിയലാഭം മാത്രം നോക്കിയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്.

ഉന്നത ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെയുള്ളസ്വര്‍ണ-ഡോളര്‍ കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനെ പ്രതിരോധിക്കാനാവാതെ നട്ടംതിരിയുന്ന സര്‍ക്കാര്‍ പ്രതിപക്ഷനേതാക്കളെ ദുരാരോപണമുന്നയിച്ച് വേട്ടയാടാനാണ് ശ്രമിക്കുന്നത്. പരിഹാസ്യമായ ഈ നടപടിക്കെതിരേ കനത്ത ജനകീയ തിരിച്ചടിയാണ് എല്‍.ഡി.എഫിനെ കാത്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റ് നിയസഭാ തിരഞ്ഞെടുപ്പിന് മുമ്പെതന്നെ സംസ്ഥാനഭരണം അവസാനിപ്പിക്കേണ്ട ഗതികേടിലാവും എല്‍.ഡി.എഫ്.