കണ്ണൂര്‍:  തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷം നേടി യുഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടതെങ്കില്‍ ഇക്കുറി ഇത്തരം അനിശ്ചിതത്വങ്ങളൊന്നും നേരിടേണ്ടി വന്നില്ല. ആകെയുള്ള 55 ഡിവിഷനുകളില്‍ 34 എണ്ണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 2015ലെ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 7 അധിക സീറ്റുകളാണ് യുഡിഎഫ് ഇത്തവണ സ്വന്തമാക്കിയത്. 

അതേസമയം എല്‍ഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല. 19 സീറ്റിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. 

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ച പള്ളിക്കുന്ന് വാര്‍ഡിലാണ് ബിജെപിയുടെ വി.കെ ഷൈജു വിജയിച്ചത്. 200ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നാലാം വാര്‍ഡ് പള്ളിക്കുന്നില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം. 

51 ാം വാര്‍ഡായ കാനത്തൂരില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയാണ് വിജയിച്ചത്. 300ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷമാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുരേഷ് കെ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്തത്. 

2015ലെ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഫലം സംസ്ഥാന തലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു ആകെയുള്ള 55 ഡിവിഷനുകളില്‍ 27 വീതം യു.ഡി.എഫിനും എല്‍.ഡി.എഫിനും ലഭിച്ചു. ഒരു സീറ്റ് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പി.കെ.രാഗേഷിനും. രാഗേഷിന്റെ പിന്തുണയോടെ എല്‍.ഡി.എഫിന് മേയര്‍ പദവി ലഭിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷം പികെ രാഗേഷ് ഇടതുമുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചതോടെ ബാക്കിയുള്ള മൂന്ന് വര്‍ഷം ലീഗും കോണ്‍ഗ്രസും കോര്‍പ്പറേഷന്‍ മേയര്‍ പദവി പങ്കിട്ടുഭരിച്ചു. 

നിലവില്‍ ഡെപ്യൂട്ടി മേയറായ പികെ രാഗേഷ്  ഇക്കുറി യുഡിഎഫ് ടിക്കറ്റില്‍ ആലിങ്കീല്‍ ഡിവിഷനില്‍ നിന്ന് ജനവധി തേടിയിരുന്നു. 300ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പികെ രാഗേഷ് വിജയിച്ചത്. കെപിസിസി ജന.സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പള്ളിയമ്മൂല വാര്‍ഡില്‍ നിന്ന് വിജയിച്ചു. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി എന്‍ സുകന്യ പൊടിക്കുണ്ട് വാര്‍ഡില്‍ നിന്ന് വിജയിച്ചു. 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ വോട്ട് നില 2020

ആകെ സീറ്റുകള്‍-55

  • യുഡിഎഫ്-34
  • എല്‍ഡിഎഫ്-19
  • ബിജെപി-1
  • സ്വതന്തന്‍-1