കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയില്‍ ഇക്കുറിയും എല്‍.ഡി.എഫിന് മിന്നും ജയം. ആകെയുള്ള 28 വാര്‍ഡുകളില്‍ 26-ഉം എല്‍.ഡി.എഫ്. സ്വന്തമാക്കി. അതേസയമം നീണ്ട ഇടവേളയ്ക്കുശേഷം ഒരു സീറ്റില്‍ ബി.ജെ.പി. വിജയിച്ചു. കഴിഞ്ഞ തവണത്തെ സീറ്റ് യു.ഡി.എഫ്. നിലനിര്‍ത്തി.
എട്ടാം വാര്‍ഡായ മൂര്യാട് ഈസ്റ്റിലാണ് ബി.ജെ.പി. സ്ഥാനാര്‍ഥി സുഷിന മാറോളി 14 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചത്. സി.പി.ഐ. സ്ഥാനാര്‍ഥി വി. ഷീബയാണ് പരാജയപ്പെട്ടത്. 10 വര്‍ഷത്തിനുശേഷമാണ് ബി.ജെ.പി. നഗരസഭയില്‍ അക്കൗണ്ട് തുറന്നത്. 27-ാം വാര്‍ഡായ പന്നിയോറയിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.പി. സജിത്കുമാര്‍ 216 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. കഴിഞ്ഞ തവണ യു.ഡി.എഫിന് ലഭിച്ച ഏക വാര്‍ഡും ഇതായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28-ല്‍ 27 സീറ്റും നേടിയാണ് എല്‍.ഡി.എഫ്. അധികാരത്തിലേറിയത്. കഴിഞ്ഞ തവണ ബി.ജെ.പി.യെ പിന്നിലാക്കി മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച നാലാം വാര്‍ഡ് നൂഞ്ഞമ്പായിയില്‍ ഇത്തവണ 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം. സ്ഥാനാര്‍ഥി പി.പി. രാജേഷ് വിജയിച്ചത്. ഇക്കുറിയും ബി.ജെ.പി.യാണ് രണ്ടാം സ്ഥാനത്ത്. വിനോദ് കുമാര്‍ കിനാത്തി 454 വോട്ട് നേടി. ശക്തമായ മത്സരം നടന്ന രണ്ടാം വാര്‍ഡ് ചോരക്കുളത്ത് 12 വോട്ടിന് ബി.ജെ.പി. സ്ഥാനാര്‍ഥി സി.കെ. സുരേഷിനെ പിന്തള്ളി സി.പി.എമ്മിലെ വി. പ്രഭാകരന്‍ വിജയിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക തള്ളിപ്പോയ ഏഴാം വാര്‍ഡ് മൂര്യാട് നോര്‍ത്തില്‍ സി.പി.എമ്മിലെ കെ. ഗീതയും ബി.ജെ.പി. സ്ഥാനാര്‍ഥി എം.പി. ശ്യാമിലി പ്രേമും നേരിട്ട് മത്സരിച്ചപ്പോള്‍ 363 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഗീത വിജയിച്ചു. എല്‍.ഡി.എഫിലെ ഘടകകക്ഷികളായ എല്‍.ജെ.ഡി.യും ജെ.ഡി.എസും തമ്മില്‍ സീറ്റ് തര്‍ക്കം നിലനിന്ന 21-ാം വാര്‍ഡ് പൂക്കോടില്‍ 258 വോട്ടിന്റെ ഭൂരിപക്ഷം നേടി എല്‍.ജെ.ഡി. സ്ഥാനാര്‍ഥി വി. ഗിരിജ വിജയിച്ചു. യു.ഡി.എഫ്. ഘടകകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദള്‍ സ്ഥാനാര്‍ഥി പി. ശ്യാമള പരാജയപ്പെട്ടു. നരവൂര്‍ സൗത്ത്, നരവൂര്‍ സെന്റര്‍, ഇടയില്‍ പീടിക വാര്‍ഡുകളില്‍ സി.പി.എം. സ്ഥാനാര്‍ഥകളുടെ ഭൂരിപക്ഷം 600 കടന്നു. തൃക്കണ്ണാപുരം സൗത്ത് (514), പുഞ്ചക്കലായി (447), എലിപ്പറ്റിച്ചിറ (422) വാര്‍ഡുകളിലും സി.പി.എം.‚ സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷം നേടി. മത്സരിച്ച മൂന്ന് സീറ്റുകളില്‍ ഒരെണ്ണം സി.പി.ഐ. കൈവിട്ടപ്പോള്‍ ഒരോ സീറ്റുകളില്‍ മത്സരിച്ച ഐ.എന്‍.എല്‍. സ്വതന്ത്രനും എല്‍.ജെ.ഡി.യും തിളക്കമാര്‍ന്ന ജയം നേടി. ആറ്് സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗിന് ഒരിടത്തും ജയിക്കാനായില്ല.