കണ്ണൂര്‍: ഇടത്തുനിന്ന് വലത്തോട്ടുമാറി വീണ്ടും ഇടതില്‍തന്നെ. കഴിഞ്ഞ മൂന്നുതവണത്തെ തദ്ദേശതിരഞ്ഞെടുപ്പ് കണക്കെടുത്താല്‍ കാണുന്ന ചിത്രം ഇങ്ങനെ. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ തരംഗം പൊതുവേ എക്കാലവും ഇടതിനൊപ്പമാണ്. 2010-ല്‍മാത്രമാണ് കാലാവസ്ഥ മാറിയത്.

സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലായിരുന്നു ആ തിരഞ്ഞെടുപ്പ്. പാര്‍ട്ടിയിലെ പ്രശ്‌നം തിരഞ്ഞെടുപ്പിനെ വലിയതോതില്‍ സ്വാധീനിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും എല്ലാം എല്‍.ഡി.എഫിനെ യു.ഡി.എഫ്. ബഹുദൂരം പിറകിലാക്കി. എന്നാല്‍, 2015-ല്‍ ഇടതുമുന്നണി തിരിച്ചുവന്നു.

ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിലാണ് ഇടതുപ്രതീക്ഷ. 2010-ലെ തകര്‍പ്പന്‍ ജയം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

2005: മേല്‍ക്കൈ എല്‍.ഡി.എഫിന്

എല്‍.ഡി.എഫിനായിരുന്നു എല്ലാ തലങ്ങളിലും മേല്‍ക്കൈ. ജില്ലാപഞ്ചായത്തുകളില്‍ കോട്ടയവും മലപ്പുറവും ഒഴികെ 12 എണ്ണവും എല്‍.ഡി.എഫിന്. 45.32 ശതമാനമായിരുന്നു ഇടത് വോട്ടുവിഹിതം. യു.ഡി.എഫിന്റേത് 39.98 ശതമാനവും.

2010: തൂത്തുവാരി യു.ഡി.എഫ്.

കോര്‍പ്പറേഷന്‍ ഒഴികെ എല്ലാ തലങ്ങളിലും യു.ഡി.എഫ്. തകര്‍പ്പന്‍ ജയംനേടി. 14 ജില്ലാ പഞ്ചായത്തുകളില്‍ എട്ടെണ്ണം അവര്‍ക്ക് നേടാനായി. ഇടുക്കി ജില്ലാപഞ്ചായത്തിലെ മുഴുവന്‍ ഡിവിഷനും സ്വന്തമാക്കി. പ്രതിപക്ഷമില്ലാത്ത ജില്ലാപഞ്ചായത്തായി അന്ന് ഇടുക്കി. 152 ബ്ലോക്കുകളില്‍ 92-ഉം യു.ഡി.എഫിനൊപ്പംനിന്നു. എക്കാലത്തും ഇടതുകുത്തകയായ ഗ്രാമപ്പഞ്ചായത്തുകളും അത്തവണ വലത്തോട്ടുചാഞ്ഞു. 978 ഗ്രാമപ്പഞ്ചായത്തുകളില്‍ 540 എണ്ണവും യു.ഡി.എഫ്. ഭരിച്ചു.

കോര്‍പ്പറേഷനുകളില്‍ നേരിയ മേല്‍ക്കൈ എല്‍.ഡി.എഫിനായിരുന്നു. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളില്‍ ഇടതിനൊപ്പം നിലയുറച്ചു. കൊച്ചി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ യു.ഡി.എഫിനും ലഭിച്ചു. 2010-നെ അപേക്ഷിച്ച് 5.57 ശതമാനം വോട്ട് യു.ഡി.എഫ്. കൂടുതല്‍ നേടി. 45.55 ശതമാനമായി വോട്ടുവിഹിതം. എല്‍.ഡി.എഫിന് 39.96 ശതമാനം വോട്ടാണ് കിട്ടിയത്. മുന്‍തിരഞ്ഞെടുപ്പില്‍നിന്ന് 5.36 ശതമാനം കുറവ്.

2015: നേട്ടം എല്‍.ഡി.എഫിന്

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏതാണ്ട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ജില്ലാപഞ്ചായത്തുകളില്‍ ഇരുകൂട്ടരും ഒപ്പത്തിനൊപ്പം. നഗരസഭകളില്‍ ഇരുകൂട്ടരും തമ്മില്‍ നാലെണ്ണത്തിന്റെ വ്യത്യാസംമാത്രം. ഗ്രാമപ്പഞ്ചായത്തുകളും ബ്ലോക്കുകളിലും കോര്‍പ്പറേഷനിലും ഇടതുമേല്‍ക്കോയ്മ നിലനിര്‍ത്തി.

Content Highlights: Kerala Local Body Election Kannur Election