തലശ്ശേരി: തലശ്ശേരി നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏഴ് വാര്‍ഡുകളില്‍ മുന്നണി സ്ഥാനാര്‍ഥികളുടെ പേരിന് സമാനമായ പേരുമായി സ്വതന്ത്രസ്ഥാനാര്‍ഥികള്‍ രംഗത്ത്.

അവരെ സ്വതന്ത്രരെന്ന നിലയില്‍ അവഗണിക്കാന്‍ മുന്നണി സ്ഥാനാര്‍ഥികള്‍ തയ്യാറല്ല. അപരന്മാരാണെന്ന സംശയത്തില്‍ സ്വതന്ത്രരുടെ വെല്ലുവിളി മറികടക്കാനുള്ള പോരാട്ടത്തിലാണ് മുന്നണിയും സ്ഥാനാര്‍ഥികളും.

നാലാം വാര്‍ഡായ ബാലത്തില്‍ കെ. ആയിഷയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. ഇവിടെ ഷംഷീര്‍ മന്‍സിസില്‍ ആയിഷ സ്വതന്ത്രസ്ഥാനാര്‍ഥിയാണ്. കുടയാണ് ചിഹ്നം. ഇവിടെ കഴിഞ്ഞ തവണ 59 വോട്ടിന് കോണ്‍ഗ്രസാണ് വിജയിച്ചത്. എട്ടാം വാര്‍ഡായ കുയ്യാലിയില്‍ കോണ്‍ഗ്രസിലെ സി. പ്രശാന്തനാണ് മത്സരരംഗത്തുള്ളത്. ഇവിടെ മൈലാട്ട് വീട്ടില്‍ പ്രശാന്ത് (പ്രശാന്തന്‍) സ്വതന്ത്രനായി രംഗത്തുണ്ട്. ശംഖാണ് ഇദ്ദേഹത്തിന്റെ ചിഹ്നം.

ഈ വാര്‍ഡില്‍ കഴിഞ്ഞ തവണ 250 വോട്ടിന് ബി.ജെ.പി.ക്കായിരുന്നു ജയം. 32-ാം വാര്‍ഡായ മാടപ്പീടികയില്‍ പദ്മാലയത്തില്‍ സുനില്‍കുമാര്‍ ടേബിള്‍ഫാന്‍ ചിഹ്നവുമായി സ്വതന്ത്രസ്ഥാനാര്‍ഥിയായാണ്. ഇവിടെയുള്ള ബി.ജെ.പി. സ്ഥാനാര്‍ഥി വി.വി. സുനില്‍കുമാറാണ്. പുന്നോല്‍ ഈസ്റ്റിലെ ബി.ജെ.പി. സ്ഥാനാര്‍ഥി അനിത രാമചന്ദ്രനാണ്. ഇവിടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി അനിത ഗംഗാധരന്‍ ടേബിള്‍ഫാന്‍ ചിഹ്നത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. മാടപ്പീടികയും പുന്നോല്‍ ഈസ്റ്റും സ്ഥിരമായി എല്‍.ഡി.എഫ്. ജയിക്കുന്ന വാര്‍ഡാണ്. 36 വോട്ടിന് കഴിഞ്ഞ തവണ ബി.ജെ.പി. സ്വന്തമാക്കിയ കൊമ്മല്‍വയലില്‍ (35ാം വാര്‍ഡ്) ഇത്തവണ ശക്തമായ പോരാട്ടമാണ്. ഇവിടെ സി.പി.എമ്മിനും ബി.ജെ.പി.ക്കും വെല്ലുവിളിയായി സ്വതന്ത്രസ്ഥാനാര്‍ഥികള്‍ കളത്തിലുണ്ട്. സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി എം. പ്രബിനയാണ്. ശംഖ് ചിഹ്നത്തില്‍ എം. പ്രഭിന സ്വതന്ത്രസ്ഥാനാര്‍ഥിയാണ്.

കെ. ബിന്ദുവാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. ടെന്നീസ് റാക്കറ്റ് ചിഹ്നവുമായി കെ.കെ. ബിന്ദുവും കുട ചിഹ്നത്തില്‍ സി. ബിന്ദുവും കൊമ്മല്‍വയലിലെ സ്വതന്ത്രസ്ഥാനാര്‍ഥികളാണ്.

തലശ്ശേരി നഗരസഭാ തിരഞ്ഞെടുപ്പിലെ വാര്‍ഡുകളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള വാര്‍ഡും ഇതുതന്നെ. മാരിയമ്മ (45ാം വാര്‍ഡ്) യില്‍ ബി.ജെ.പി.യിലെ ആര്‍.മ നോജിന് നേരിടാനുള്ളത് പനിനീര്‍പൂവ് ചിഹ്നമായുള്ള സ്വതന്ത്രസ്ഥാനാര്‍ഥി നടമ്മല്‍ വീട്ടില്‍ മനോജിനെ കൂടിയാണ്.

മട്ടാമ്പ്രത്ത് (47ാം വാര്‍ഡ്) മുസ്ലിം ലീഗിലെ ഫൈസല്‍ പുനത്തിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. ഇവിടെ അലമാര ചിഹ്നവുമായി സി.കെ. ഫൈസല്‍ സ്വതന്ത്രനായി രംഗത്തുണ്ട്. മാരിയമ്മയിലും മട്ടാമ്പ്രത്തും ലീഗിനായിരുന്നു കഴിഞ്ഞതവണ ജയം.