കണ്ണൂര്‍:തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയം സുനിശ്ചിതമാണ്. അഴിമതിഭരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും ശിക്ഷിക്കാന്‍ ജനം ഒരുങ്ങിക്കഴിഞ്ഞു. ഇപ്രാവശ്യം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഒരുക്കം നടത്താന്‍ നല്ല സമയം കിട്ടി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഒരുവര്‍ഷം മുന്‍പേ വോട്ടര്‍പട്ടിക പുതുക്കല്‍ പ്രവര്‍ത്തനം പാര്‍ട്ടി തുടങ്ങിയിരുന്നു. ഡിവിഷന്‍ കമ്മിറ്റി കൃത്യസമയത്ത് രൂപവത്കരിച്ചു. മുന്‍ രീതികളുമായി താരതമ്യംചെയ്യുമ്പോള്‍ ഭൂരിഭാഗം സ്ഥലങ്ങളിലും സ്ഥാനാര്‍ഥിനിര്‍ണയവും വൈകാതെ പൂര്‍ത്തീകരിക്കാനായി. ഇതിന്റെയൊക്കെ ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ട്.

അധോലോക ഭരണം

ഭരണത്തിലെ അഴിമതിയും കൊള്ളയും സി.പി.എം. പ്രവര്‍ത്തകരെപ്പോലും സര്‍ക്കാരിന് എതിരാക്കി. കേരളപ്പിറവിക്ക് ശേഷം രൂപംകൊണ്ട ഏറ്റവും ജനവിരുദ്ധ സര്‍ക്കാരാണ് പിണറായിയുടെ സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. ഇത് രാജ്യേദ്രാഹമെന്ന നിലയില്‍ എത്തിക്കഴിഞ്ഞതായി അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിരിക്കുകയാണ്. വളരെ ഞെട്ടലോടെയാണ് കേരളം ഇത് കേട്ടത്. ഒരു ഭരണകൂടത്തിനും ഇത്രമാത്രം ദുര്‍ഗതി ഉണ്ടായിട്ടില്ല. ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് കച്ചവടമാഫിയകളുമായുള്ള ബന്ധം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. അധോലോക ഭരണകൂടമാണ് കേരളത്തിലെന്ന് നിസ്സംശയം പറയാം. ലൈഫ് മിഷന്‍ അഴിമതിയും സ്പ്രിംക്‌ളര്‍ ഇടപാടുകളും തെളിവ് നശിപ്പിക്കാന്‍ സെക്രട്ടേറിയറ്റിലെ രേഖകള്‍ കത്തിച്ചതും ഈ സര്‍ക്കാറിന്റെ നിന്ദ്യമുഖം വ്യക്തമാക്കുന്നു.

ജനം പ്രതികരിക്കും

മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരെയുള്ള ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ ഇവിടെ ഉയര്‍ന്നുവരും. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ജീര്‍ണതയില്‍ അമര്‍ഷമുള്ള ഇടതുപക്ഷവോട്ടുകളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശവികസന വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പില്‍ വികസനം നടത്താന്‍ കൂടുതല്‍ ഫണ്ടുണ്ടായിട്ടും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ തെറ്റായ സമീപനവും വോട്ടര്‍മാരെ സ്വാധീനിക്കും. ജില്ലയിലെ രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാന്‍ കുടിവെള്ളപദ്ധതി കൊണ്ടുവരാന്‍പോലും അവര്‍ക്ക് കഴിഞ്ഞില്ല. മറ്റ് സി.പി.എം. നിയന്ത്രിത ബ്ലോക്ക് പഞ്ചായത്തും ഫണ്ട് ചെലവഴിച്ചത് മുഴുവന്‍ പാര്‍ട്ടി താത്പര്യത്തിലാണ്, ജനതാത്പര്യത്തിലല്ല.

15 ഗ്രാമപ്പഞ്ചായത്തുകളെങ്കിലും അധികം പിടിക്കും

ജില്ലയില്‍ 15 ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളെങ്കിലും ഇക്കുറി അധികമായി പിടിക്കും. മുന്‍കാലങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാപഞ്ചായത്ത് ഡിവിഷനും വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്ന പോരായ്മ ഇത്തവണ പരിഹരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഭരണം കഴിഞ്ഞതവണ യു.ഡി.എഫിന് ഇല്ലായിരുന്നുവെങ്കില്‍ ഇത്തവണ ആറ് ബ്ലോക്കിലെങ്കിലും ഭരണം പിടിക്കും. കോര്‍പ്പറേഷനില്‍ 40 സീറ്റില്‍ യു.ഡി.എഫ്. ജയിക്കുമെന്നതിന്റെ ഒരു വിശ്വാസമുണ്ട്. അത്രയും ഗൃഹപാഠം ചെയ്താണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്.

നാമനിര്‍ദേശപത്രിക കൊടുക്കുമ്പോഴുള്ള സി.പി.എം. ഭീഷണി അതിജീവിച്ചാണ് ആന്തൂര്‍ നഗരസഭയില്‍ ഉള്‍പ്പെടെയുള്ള കുറച്ച് സ്ഥലങ്ങളില്‍ മുന്നോട്ടുപോയത്, ഭീഷണി അതിജീവിച്ചും പരമാവധി സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കഴിഞ്ഞു. ആന്തൂരില്‍ ഇത്തവണ കുറേപ്പേര്‍ ധൈര്യം സംഭരിച്ച് സി.പി.എം. ധിക്കാരത്തിനെതിരെ മുന്നോട്ടുവന്നു. എന്നാല്‍ ഒരു നിവൃത്തിയും ഇല്ലാത്ത പല പ്രദേശങ്ങളും ഇപ്പോഴും ശേഷിക്കുന്നു. എല്ലാവരും ധൈര്യമുള്ളവരും മാനസികമായി അതിജീവിക്കാന്‍ കഴിയുന്നവരുമാകണമെന്നില്ലല്ലോ.

രണ്ടു പാര്‍ട്ടികള്‍ മുന്നണി വിട്ടുപോയത് യു.ഡി.എഫിന് ജില്ലയില്‍ പ്രതിസന്ധിയുണ്ടാക്കില്ല. ജില്ലയിലെ യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ല, അവരുടെ സ്വാധീനംകൊണ്ട് മാത്രം എവിടെയും സീറ്റുകള്‍ ലഭിച്ചിട്ടില്ല. ഒരിടത്തും അവര്‍ നിര്‍ണായകവുമല്ല.

ജില്ലയില്‍ യു.ഡി.എഫ്. സംവിധാനം മുന്‍കാലങ്ങളെക്കാളും കൂടുതല്‍ ഐക്യത്തിലാണ്. ചില സ്ഥലങ്ങളില്‍ വിമതശല്യമുണ്ടാകാം, പാര്‍ട്ടിനിര്‍ദേശവും അച്ചടക്കവും ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഡി.സി.സി.യുടെയും കെ.പി.സി.സി.യുടെയും സ്ഥാനാര്‍ഥികള്‍ മൂന്നിടത്ത് പരസ്പരം മത്സരിക്കുന്നുവെന്ന വിവാദത്തില്‍ കഴമ്പില്ല.

കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ.പി.സി.സി. നടപടിക്രമം പാലിച്ചാണ് ജില്ലാ തിരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയത്. നുച്യാട് ബ്ലോക്ക് ഡിവിഷനില്‍ സ്ഥാനാര്‍ഥി പിന്‍മാറിയിട്ടുണ്ട്. അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. കെ.പി.സി.സി. നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്.