കണ്ണൂര്‍: വോട്ടുവണ്ടി സ്റ്റാര്‍ട്ട് ആയില്ല..പൈലറ്റുവണ്ടിയും പുറപ്പെട്ടില്ല. പക്ഷേ, പി.പി.ദിവ്യയുടെ ഫേസ്ബുക്ക് വണ്ടി ഇതിനകം കിലോക്കണക്കിന് ലൈക്കുമായി ഓട്ടം തുടങ്ങി. വഴിവക്കിലെ ഷോപ്പുകളില്‍ അരിവാള്‍ചുറ്റികയുടെ മാസ്‌കും ബട്ടണ്‍ ബാഡ്ജും കീചെയിനും കാണാം. പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഹൈസ്പീഡ് യാത്രയെ ഹിറ്റാക്കാന്‍ അവയും ഇനി കൂടെയുണ്ട്.

ഇടതുമുന്നണിയുടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ പി.പി.ദിവ്യ കല്യാശ്ശേരി ഡിവിഷനില്‍നിന്നാണ് മത്സരിക്കുന്നത്. ചിരി മറച്ച മാസ്‌കും കൈകൊടുക്കലുമില്ലാത്ത കോവിഡ് കാലത്തെ പ്രചാരണത്തില്‍ സോഷ്യല്‍മീഡിയ പേജുകളെ പരമാവധി വൈറലാക്കുകയാണ് ദിവ്യയുടെ ടീം. സി.എം.പി.യുടെ 'നക്ഷത്ര' തിളക്കവുമായി കാഞ്ചന മാച്ചേരിയാണ് മറുഭാഗത്തുള്ളത്. കേരള മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായ കാഞ്ചനയ്ക്ക് പിന്നാലെ യു.ഡി.എഫ്. ടീമും എസ്.എം.എസോടെ (സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സ്) റെഡിയായി നില്‍പ്പുണ്ട്.

ഫേസ്ബുക്ക് പേജില്‍ ഓടുന്ന ദിവ്യയുടെ വോട്ടുവണ്ടി രണ്ടുദിവസത്തിനുള്ളില്‍ 6400 പേര്‍ കണ്ടു. വണ്ടിയില്‍ ദിവ്യയുടെ പുഞ്ചിരി മുഖം കാണാം. മഞ്ഞ ജീപ്പിന് മുന്നില്‍ ചുവന്ന അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ കൊടി പറക്കുന്നു. കല്യാശ്ശേരിയിലൂടെ അനൗണ്‍സ്മെന്റുമായി വണ്ടി പോകുമ്പോള്‍ വഴിയരികിലെ വലിയ പോസ്റ്ററില്‍ ഒരു നേതാവുണ്ട്. മാസ്റ്റര്‍പീസ് ചിരിയുമായി ഇ.കെ. നായനാര്‍. ഈ അനിമേഷന്‍ വീഡിയോക്ക് പിന്നില്‍ ശ്രീലേഷ് ഒറവില്‍, സിജു കണ്ണന്‍ എന്നിവരാണ്.

പഴയ തയ്യില്‍ തൊഴിലാളി നേതാവും സുഹൃത്തുമായ ഇരിണാവിലെ ശാരദ എന്ന സ്ത്രീയുടെ കൈയില്‍ സാനിറ്റൈസര്‍ ഒഴിച്ചു കൊടുക്കുമ്പോള്‍ അത് കരുതലിന്റെ ക്ലിക്കായി മാറി. ഫേസ്ബുക്കിലെ ചിരി മാസ്‌ക് ധരിച്ച് വോട്ട് ചോദിക്കാന്‍ പോകുമ്പോള്‍ കാണില്ലല്ലോ എന്ന ചോദ്യത്തിന് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മറുപടി ഇങ്ങനെ: എന്റെ ഒരു ചിരി ഫേസ്ബുക്കില്‍ കാണാം. മാസ്‌കിനപ്പുറം കണ്ണിലൂടെയുള്ളത് നേരിലും കാണാം. ഈ രണ്ടു ചിരിയും വോട്ടര്‍മാര്‍ കാണുന്നുണ്ട്. മാസ്‌ക് താഴ്ത്തില്ല. കോവിഡിന്റെ സുരക്ഷ സ്ഥാനാര്‍ഥി സ്വയംപാലിച്ച് മറ്റുള്ളവര്‍ക്ക് കാണിക്കണം.

Content Highlights: Kerala Local Body Election 2020 Kannur PP Divya LDF Candidate