തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ യു.ഡി.എഫിന്റെ വിജയസാധ്യത അനുദിനം വര്‍ധിച്ചുവരികയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇടതുഭരണം വികസനമുരടിപ്പ് മാത്രമാണ് പ്രദാനം ചെയ്തത്. കഴിഞ്ഞ നാലുവര്‍ഷം കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ചിട്ടും എടുത്തുകാണിക്കാന്‍ ഒരു വിക സനപ്രവര്‍ത്തനം പോലുമില്ല. ഇതുതന്നെയാണ് മറ്റു തദ്ദേശസ്ഥാപനങ്ങളിലും അവസ്ഥ.

യു.ഡി.എഫ്. സര്‍ക്കാര്‍ കേരളം ഭരിച്ച കാലത്ത് ഗെയ്ല്‍ വാതക വിതരണ പരിപാടി മലപ്പുറം ജില്ലയിലടക്കം ശക്തമായ സമരം നടത്തി തടയാന്‍ ശ്രമിച്ചവരാണ് ഇടതുപക്ഷം. ആ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപരിപാടികളെല്ലാം തടസ്സപ്പെടുത്തുകയും അനാവശ്യസമരങ്ങള്‍ നടത്തുകയുമായിരുന്നു.

കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാറിനെപ്പറ്റിയുള്ള വിലയിരുത്തല്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. യു.ഡി.എഫ്. നേതാക്കളെയും സര്‍ക്കാരിനെ കുന്തമുനയില്‍നിര്‍ത്തുന്ന വിമര്‍ശകരെയും കഴമ്പില്ലാത്ത ആരോപണങ്ങളുടെ പേരില്‍ നിരന്തരമായി വേട്ടയാടുകയാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സിനെയും പോലീസിനെയും ഉപയോഗിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഹീനമായ ശ്രമമാണ് നടത്തുന്നത്. ട്രഷറി കൊള്ളയടിച്ചവരെയും ദുരിതബാധിതര്‍ക്കുള്ള സഹായം പോക്കറ്റിലാക്കിയവരെയും ക്ഷേമപെന്‍ഷന്‍ പോക്കറ്റടിച്ചവരെയും നിര്‍ബാധം മേയാന്‍ വിട്ടിട്ട് യു.ഡി.എഫ്. നേതാക്കളെ വളഞ്ഞു പിടിക്കാന്‍ അവസാന മണിക്കൂറുകളിലും ഈ സര്‍ക്കാര്‍ നിരന്തരശ്രമം തുടരുകയാണ്.

ഇടതുസര്‍ക്കാറിന്റെ കാര്യമെടുത്താല്‍ തൊട്ടതിലെല്ലാം അഴിമതിയും കൊള്ളയുമാണ് നടക്കുന്നത്. പാവങ്ങള്‍ക്ക് ഒരു കിടപ്പാടം എന്ന ലക്ഷ്യമിട്ട് യു.ഡി.എഫ്. സര്‍ക്കാര്‍ രണ്ടരലക്ഷത്തോളം വീടുകള്‍ ആക്ഷേപരഹിതമായി പൂര്‍ത്തിയാക്കിയപ്പോള്‍, ഇടതുസര്‍ക്കാറിന്റെ കാലത്ത് ലൈഫ് പദ്ധതിയില്‍ ഒന്‍പതരക്കോടി രൂപ കമ്മിഷനായി അടിച്ചുമാറ്റിയെന്ന് വ്യക്തമായിട്ടുണ്ട്.

ജനാധിപത്യ സംവിധാനത്തിലെ നെടുംതൂണായ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുദ്ദേശിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് 24 മണിക്കൂറിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ജനരോഷത്തില്‍ ആ ഓര്‍ഡിനന്‍സ് അകാലചരമമടഞ്ഞു. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയുടെ നല്ല ഉദാഹരണമായിരുന്നു അത്.

അഴിമതി ഈ സര്‍ക്കാറിന്റെ മുഖമുദ്ര

അഴിമതി ഈ സര്‍ക്കാറിന്റെ മുഖമുദ്രയായിരിക്കുന്നു. അടുത്ത ഊഴം ആരെന്ന് കേരള ജനത കണ്ണും കാതും കൂര്‍പ്പിച്ച് നോക്കുകയാണ്.

നിയമസഭയുടെ മേശപ്പുറത്തുവെച്ച ശേഷം പൊതുരേഖയായി മാറേണ്ട സി.എ.ജി. റിപ്പോര്‍ട്ട് അതിനു മുമ്പേ പുറത്തുവിടുക വഴി നഗ്‌നമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ ധനമന്ത്രി തത്സ്ഥാനത്ത് തുടരുന്നു.

സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഒരു മുഖ്യമന്ത്രിയും ഓഫീസും വിവാദത്തിലകപ്പെടുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. കസ്റ്റഡിമരണങ്ങളും പോലീസ് അതിക്രമണങ്ങളും വളരെ വര്‍ധിച്ചു.

പെരിയയില്‍ രണ്ടു ചെറുപ്പക്കാരെ ക്രൂരമായി കൊല ചെയ്തവരെയും അത് ആസൂത്രണം ചെയ്തവരെയും വെളിച്ചത്ത് കൊണ്ടുവരാന്‍ കേസ് സി.ബി.ഐ.ക്ക് ഹൈക്കോടതി വിട്ടപ്പോള്‍ അത് തടയാനും കുറ്റവാളികളെ രക്ഷപ്പെടുത്താനും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചു.

അരിയില്‍ ഷുക്കൂര്‍ എന്ന എം.എസ്.എഫ്. പ്രവര്‍ത്തകനെ തടഞ്ഞുവെച്ച് ആള്‍ക്കൂട്ടവിചാരണ നടത്തി ക്രൂരമായി കൊല ചെയ്തത് കണ്ണൂര്‍ ജില്ലയ്ക്ക് മറക്കാനാവില്ല.

ഇങ്ങനെ ഒട്ടേറെക്കാര്യങ്ങള്‍ ഈ തദ്ദേശതിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാണ്. യു.ഡി.എഫ്. പരമാവധി ഒറ്റക്കെട്ടായി ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നത് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു.

യു.ഡി.എഫ്. തീവ്രവാദി സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നുവെന്നുള്ള പ്രചാരണം ഒരിക്കലും വിലപ്പോകില്ല. കുറ്റിപ്പുറത്ത് ഇടതുപക്ഷ തിരഞ്ഞെടുപ്പ് വേദിയിലേക്ക് അബ്ദുനാസര്‍ മദനിയെ സ്വീകരിക്കാന്‍ മണിക്കൂറുകളോളം കാത്തുനിന്നത് പിണറായിക്ക് മറക്കാന്‍ കഴിയുമോ? 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വെല്‍ഫയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടിയത് സി.പി.എമ്മിനു മറക്കാന്‍ കഴിയുമോ? തലശ്ശേരിയില്‍ മത്സരിച്ചപ്പോഴെല്ലാം എസ്.ഡി.പി.ഐ.യുടെ പിന്തുണ തേടിയത് കോടിയേരിക്ക് മറക്കാന്‍ കഴിയുമോ? ഈ ചരിത്രമെല്ലാം സ്വന്തമാക്കിയ സി.പി.എം. യു.ഡി.എഫിനുനേരെ തൊടുക്കുന്ന അമ്പ് ബൂമറാങ്ങായി തിരിച്ചുകൊള്ളും.

നെല്ലും പതിരും തിരിച്ചറിയുന്ന പ്രബുദ്ധരായ മതേതര ജനാധിപത്യ സമൂഹം തദ്ദേശ തിരഞ്ഞെടുപ്പില്‍ യി.ഡി.എഫിനു വമ്പിച്ച വിജയം പ്രദാനം ചെയ്യും, അതിന്റെ അലയടി കണ്ണൂരിലുമുണ്ടാകും.