ശ്രീകണ്ഠപുരം: രൂപവത്കരിച്ച കാലം മുതല്‍ ഇടതുപക്ഷം മാത്രം അധികാരത്തിലെത്തിയ പഞ്ചായത്താണ് മലപ്പട്ടം. ഒരുതവണ യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വിജയച്ചതൊഴിച്ചാല്‍ പ്രതിപക്ഷകോളം ശൂന്യമായിരിക്കുകയാണ് പതിവ്. ഇത്തവണയും ഇടത് അടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പിന് മുന്നേയുള്ള എല്‍.ഡി.എഫ്. പ്രചാരണ മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നത്.

ഇത്തവണ പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ എല്‍.ഡി.എഫ്. എതിരില്ലാതെ വിജയിച്ചു. നാല് സി.പി.എം. സ്ഥാനാര്‍ഥികളും ഒരു സി.പി.ഐ. സ്ഥാനാര്‍ഥിയുമാണ് വിജയിച്ചത്.

മൂന്നാം വാര്‍ഡ് അഡുവാപ്പുറം നോര്‍ത്തില്‍ ടി.സി. സുഭാഷിണി, അഞ്ചാം വാര്‍ഡ് കരിമ്പീലില്‍ കെ.വി. മിനി, എട്ടാം വാര്‍ഡ് മലപ്പട്ടം ഈസ്റ്റില്‍ കെ.പി. രമണി, ഒന്‍പതാം വാര്‍ഡ് മലപ്പട്ടം വെസ്റ്റില്‍ ടി.കെ. സുജാത, പതിനൊന്നാം വാര്‍ഡ് കൊവുന്തല കെ. സജിത എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ ഒരു വാര്‍ഡില്‍ മാത്രമായിരുന്നു എല്‍.ഡി.എഫ്. എതിരില്ലാതെ ജയിച്ചത്.

അവസാനം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മലപ്പട്ടത്ത് എല്‍.ഡി.എഫിന് തന്നെയായിരുന്നു മുന്‍തൂക്കം.

പഞ്ചായത്തിലെ എട്ട് വാര്‍ഡുകളില്‍ മാത്രമാണ് ഇനി തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ മുഴുവന്‍ വാര്‍ഡുകളിലും വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമായാണ് ഇടതുപക്ഷം പ്രചാരണം നടത്തുന്നത്.

സി.പി.എം. പ്രതിനിധികളാണ് ബാക്കിയുള്ള എല്ലാ വാര്‍ഡുകളിലും മത്സരിക്കുന്നത്.

അക്കൗണ്ട് തുറക്കുമെന്ന് യു.ഡി.എഫ്.

ഇത്തവണ മലപ്പട്ടം പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഏഴ് വാര്‍ഡുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് മുസ്ലിം ലീഗും മത്സരിക്കുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തുമെന്ന് യു.ഡി.എഫ്. നേതാക്കള്‍ പറയുന്നു. മലപ്പട്ടം പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ പോലും ബി.ജെ.പി.ക്ക് ഇത്തവണ സ്ഥാനാര്‍ഥികളില്ല.

മത്സരം ഇങ്ങനെ

  • ആകെ വാര്‍ഡുകള്‍ - 13
  • അഞ്ച് വര്‍ഡുകളില്‍ എല്‍.ഡി.എഫ്. എതിരില്ലാതെ വിജയിച്ചു (സി.പി.എം.- 4, സി.പി.ഐ.-1)

ബാക്കി വാര്‍ഡുകളിലെ മത്സരം

  • എല്‍.ഡി.എഫ്. - സി.പി.എം.-8.
  • യു.ഡി.എഫ്. - കോണ്‍ഗ്രസ് -7, മുസ്ലിം ലീഗ് - 1

നിലവിലെ കക്ഷിനില

എല്‍.ഡി.എഫ്.- 13  (സി.പി.എം.-12, സി.പി.ഐ.- 1)