ശ്രീകണ്ഠപുരം: മലപ്പട്ടം പഞ്ചായത്തിലെ ഈ ദമ്പതിമാര്‍ക്ക് തിരഞ്ഞെടുപ്പിലെ മത്സരം എല്ലാ അഞ്ചുവര്‍ഷവും നടക്കുന്ന പതിവുകാര്യം മാത്രമാണ്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ മലപ്പട്ടത്ത് കോണ്‍ഗ്രസിനുവേണ്ടി പി.പി.പ്രഭാകരനും ഭാര്യ സി.സജിനയും മത്സരത്തിനിറങ്ങാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ഇത്തവണയും ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയില്‍ ഉറച്ച മനസ്സോടെ ഇവര്‍ പോരാട്ടത്തിനിറങ്ങുന്നുണ്ട്. പി.പി.പ്രഭാകരന്‍ അഞ്ചാംതവണ മത്സരിക്കാനിറങ്ങിയപ്പോള്‍ ഭാര്യ സി.സജിനയുടെ നാലാം തിരഞ്ഞെടുപ്പ് പോരാട്ടമാണിത്.

മലപ്പട്ടം പഞ്ചായത്ത് പത്താം വാര്‍ഡായ പൂക്കണ്ടത്താണ് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും നിലവിലെ കൊളച്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റുമായ പി.പി.പ്രഭാകരന്‍ മത്സരിക്കുന്നത്. സി.പി.എമ്മിലെ യുവ നേതാവ് എം.വി.അജ്‌നാസാണ് ഇത്തവണത്തെ എതിരാളി. 2000-ല്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് മലപ്പട്ടം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് പ്രഭാകരന്റെ തിരഞ്ഞെടുപ്പ് ജീവിതം തുടങ്ങുന്നത്. പിന്നീട് 2005, 2010, 2015 വര്‍ഷങ്ങളില്‍ മലപ്പട്ടം പഞ്ചായത്തിലേക്ക് മത്സരിച്ചു.

ഇദ്ദേഹത്തിന്റെ ഭാര്യ സി.സജിന ഒന്നാംവാര്‍ഡായ കൊളന്തയില്‍നിന്നാണ് ഈ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. സി.പി.എമ്മിലെ കെ.വി.പുഷ്പവല്ലിയാണ് എതിരാളി. 2005 മുതല്‍ തുടര്‍ച്ചയായി സജിനയും മത്സരരംഗത്തുണ്ട്.

യു.ഡി.എഫ്. പത്രിക പോലും നല്‍കാത്തതിനാല്‍ ഇടതിന്റെ എതിരില്ലാ കോട്ടയായിരുന്നു മലപ്പട്ടം. ഇത്തവണയും അഞ്ചിടത്ത് ഇടതുപക്ഷം എതിരില്ലാതെ ജയം നേടിക്കഴിഞ്ഞു. എങ്കിലും പ്രഭാകരനും സജിനയും ഉള്‍പ്പെടെയുള്ളവര്‍ യു.ഡി.എഫിന് വേണ്ടി ഇത്തവണയും മത്സരത്തിനിറങ്ങുകയായിരുന്നു. 

മുന്‍ കാലങ്ങളിലെല്ലാം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പലതവണ അക്രമത്തിനിരയായ കാര്യവും ഈ ദമ്പതിമാര്‍ ഓര്‍ക്കുന്നുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ തങ്ങള്‍ എപ്പോഴും നല്ല മത്സരം കാഴ്ചവെക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. ഇക്കുറി ഇരുവരും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. വിദ്യാര്‍ഥികളായ അഖില്‍, അജല്‍ എന്നിവര്‍ മക്കളാണ്.

Content Highlights: Kerala Local Body Election 2020 Kannur Malappattam